കണ്ണൂർ : വീണ്ടും കണ്ണൂർ മാടായിപ്പാറയിൽ കെ റെയിൽ അതിരടയാളക്കല്ലുകൾ പിഴുത് മാറ്റി. കെ റെയിൽ എന്നെഴുതിയ എട്ട് അതിരടയാളക്കല്ലുകൾ ഊരിയെടുത്ത് റോഡിൽ കൂട്ടിയിട്ട് റീത്ത് വച്ചു. പഴയങ്ങാടി പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് മുൻപും രണ്ട് തവണ കല്ലുകൾ പിഴുത് മാറ്റിയിരുന്നു. സിൽവർ ലൈൻ അതിരടയാളക്കല്ലുകൾ പിഴുതുമാറ്റുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. കെ സുധാകരന്റെ പ്രഖ്യാപനത്തിന്റെ അന്ന് രാത്രിയാണ് മാടായിപ്പാറയിലെ അതിരടയാളക്കല്ലുകൾ പിഴുത് മാറ്റപ്പെട്ടതും. അഞ്ഞൂറ് ഏക്കറോളം വിസ്തൃതിയുള്ള ജൈവ സമ്പന്നമായ സ്ഥലമാണ് മാടായിപ്പാറ. പരിസ്ഥിതി പ്രവർത്തകരും പ്രതിപക്ഷവും ഉൾപ്പെടെയുള്ള നിരവധിയാളുകളാണ് ഇവിടെ കെ റെയിൽ നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നത്.
അതേസമയം സിൽവർ ലൈൻ പദ്ധതിയിയുടെ ഭാഗമായി കെ റെയിൽ എന്ന് രേഖപ്പെടുത്തിയ തൂണുകൾ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. കല്ല് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാൻ കെ റെയിൽ കമ്പനിക്ക് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്.
പലയിടത്തും ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിലാണ് അതിരടയാളക്കല്ലുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇവിടുങ്ങളിൽ നിന്നെല്ലാമുള്ള പ്രതിഷേധങ്ങളും ശക്തമാണ്. 2832 കല്ലുകളാണ് സിൽവർ ലൈനിനായി സ്ഥാപിച്ചിട്ടുള്ളത്.