മലപ്പുറം: ശബരിമലയില്‍ സ്ത്രീ പ്രവേശനം ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ കേരളത്തില്‍ പ്രതിഷേധവും ശക്തമായി. ശബരിമല വിധിക്കെതിരെ ആചാര സംരക്ഷണത്തിനായി കേരളത്തില്‍ ഇപ്പോള്‍ രണ്ട് യാത്രകളാണ് നടക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള ‘രഥയാത്ര’യും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തിലുള്ള ‘വിശ്വാസ സംരക്ഷണ യാത്ര’യും. ഒരേ ദിവസം ആരംഭിച്ച ഈ രണ്ട് യാത്രകളും രണ്ടാം ദിവസം പിന്നിടുമ്പോള്‍ സുധാകരന്റെ വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ജനപിന്തുണയേറുന്ന കാഴ്ചയാണ് വടക്കന്‍ കേരളത്തില്‍.
ഇടത് പക്ഷം വിധിക്ക് അനുകൂലമായി നിലപാടെടുത്തപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും പ്രതികൂലമായാണ് നിലകൊള്ളുന്നത്. കോണ്‍ഗ്രസാകട്ടെ കേന്ദ്ര നിലപാടിന് വിരുദ്ധമായാണ് കേരളത്തില്‍ നിലപാടെടുത്തത്. കോണ്‍ഗ്രസ് അവസാരം മുതലെടുക്കുന്നുവെന്ന് ബിജെപി ആരോപിക്കുമ്പോഴാണ് ശബരിമലയുടെ പേരില്‍ സുധാകരന്‍ യാത്ര നടത്തുകയും അത് വിജയിക്കുകയും ചെയ്യുന്നത്. ബിജെപി യാത്ര തുടങ്ങിയ അന്നേ ദിവസം തന്നെ യാത്ര തുടങ്ങുകയും ബിജെപിയെക്കാള്‍ ഏറെ ഈ യാത്രയ്ക്ക് പ്രാധാന്യം നല്‍കുകയുമാണ് കോണ്‍ഗ്രസ്.
രഥയാത്രയെക്കാള്‍ ജനങ്ങള്‍ പിന്തുണയറിയിച്ച് എത്തുന്നത് വിശ്വാസ സംരക്ഷണയാത്രയ്ക്കാണ്. തുലാമാസ പൂജയ്ക്കായി നട തുറന്ന സമയത്ത് യ്ക്കലില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പോലീസുകാരുമായി വരെ സുധാകരന്‍ തര്‍ക്കിച്ചത് ഇദ്ദേഹത്തിന്റെ ജനപിന്തുണ വര്‍ധിപ്പിച്ചിട്ടുണ്ട്. സുധാകരന്റെ യാത്രയ്ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ജനങ്ങള്‍ ഒഴുകിയെത്തുകയാണ് യാത്ര പോകുന്ന വഴികളില്‍.
ഇത് മാത്രമല്ല കേരളത്തിലെ പല ഭാഗങ്ങളില്‍ നിന്നും വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരത്തില്‍ യാത്ര നടത്തുന്നുണ്ട്. കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ നേതാക്കളാണ് യാത്രകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബിജെപിയെ കടത്തിവെട്ടി ശബരിമല ഹൈജാക്ക് ചെയ്ത് കോണ്‍ഗ്രസ് കേരളത്തില്‍ വീണ്ടും ശക്തിയാര്‍ജിക്കുകയാണ്.
ബിജെപിയേക്കാള്‍ ആര്‍ജവത്തോടെ യാത്രകള്‍ നടത്തുകയും ശബരിമല വിഷയത്തില്‍ ഇടപെടുകയും ചെയ്യുന്ന കോണ്‍ഗ്രസിന് വോട്ട് ബാങ്ക് മാത്രമാണ് ലക്ഷ്യമെന്ന് പറയാനാകില്ല. ബിജെപി ഈ വിഷയത്തില്‍ ഉന്നം വെക്കുന്ന ‘വര്‍ഗീയത’ പാടെ മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമം. അതുകൊണ്ട് തന്നെയാകണം കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവായ സുധാകരന്റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ യാത്രകള്‍ നടത്തുന്നതും ജനപിന്തുണ നേടുന്നതും.