
കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഒരിക്കലും ഒളിവില്‍ പോകില്ലെന്നും കോടതിയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷപദവിയില്‍നിന്ന് മാറിനില്‍ക്കുമെന്ന് കെ.സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ല. കോടതിയില്‍ കേസ് വരട്ടെ. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടേ. അതിനനുസരിച്ച് എല്ലാം ഉള്‍ക്കൊള്ളാന്‍ എന്റെ മനസ് തയാറായിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. അന്വേഷണസംഘം ചോദിച്ചതിനെല്ലാം താന്‍ കൃത്യമായി മറുപടി നല്‍കിയിട്ടുണ്ടെന്നും തനിക്കെതിരെ അവര്‍ക്ക് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ആശങ്കയോ ഭയമോ ഇല്ല. എന്തും നേരിടാന്‍ ഒരുക്കമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.