
ശബരിമല: ശബരിമലയിലേക്കു പോകുന്നതിന് എത്തിയ ബിജെപി നേതാക്കളെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ് എന്നിവരെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. എസ്.പി യതീഷ് ചന്ദ്രന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്.
പൊലീസിന്റെ കരുതല്‍ തടങ്കലിലാണ് ഇവര്‍. നട അടയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വരെ മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂവെന്നും രാത്രിയില്‍ സന്നിധാനത്തേക്ക് ആരെയും കടത്തിവിടില്ലെന്നും എസ്.പി. അറിയിച്ചപ്പോള്‍ തിരിച്ച് പോകാനാകില്ലെന്ന് പറഞ്ഞ സുരേന്ദ്രനെ ഒടുവില്‍ ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു.
ആറേമുക്കാലോടെ നിലയ്ക്കലെത്തിയ സുരേന്ദ്രന്‍ രണ്ടു തവണ മാദ്ധ്യമങ്ങളെ കണ്ട് സംസാരിച്ച ശേഷം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലേക്ക് നടക്കവേയാണ് പൊലീസ് തടഞ്ഞത്. എല്ലാ നിയമങ്ങളും പാലിച്ചാണ് താനും തന്റെ കൂടെയുള്ളവരും എത്തിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
തുടര്‍ന്ന് പൊലീസുമായി വാക്കു തര്‍ക്കമായി. താന്‍ പരി പാവനമായ ഇരുമുടിക്കെട്ടുമായാണ് എത്തിയത്. ശബരിമലയില്‍ കയറി ദര്‍ശനവും വഴിപാടും കഴിക്കാതെ മടങ്ങില്ല. അറസ്റ്റ് ചെയ്തു തന്നെ തടയാനാവില്ല. വെടി വയ്ക്കുകയോ കൊല്ലുകയോ ചെയ്താല്‍ മാത്രമേ തന്നെ തടയാനാകു. പ്രശ്‌നം ഉണ്ടാക്കാനല്ല, ദര്‍ശനം നടത്താനാണ് താനെത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പൊലീസ് നിരന്തരമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും നിലപാടില്‍ നിന്ന് മാറാന്‍ സുരേന്ദ്രന്‍ തയ്യാറായില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ച് സുരേന്ദ്രനെ പൊലീസ് വാഹനത്തില്‍ കയറ്റി മാറ്റുകയായിരുന്നു. അഞ്ച് പേരുടെ സംഘമായാണ് സുരേന്ദ്രനും കൂട്ടരുമെത്തിയത്.