കണ്ണൂർ: കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളാണ് ബിജെപിക്ക് സാധ്യത പ്രവചിക്കുന്നവ. വട്ടിയൂർക്കാവും മഞ്ചേശ്വരവുമാണ് അവ. എന്നാൽ വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മത്സരത്തിൽ നിന്നും പിന്മാറുന്നെന്ന് പരസ്യ പ്രസ്താവന നടത്തി പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. മഞ്ചേശ്വരത്തും സമാന അവസ്ഥയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
2016 ൽ യു.ഡി.എഫിനെ വിറപ്പിച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഇത്തവണ മഞ്ചേശ്വരത്ത് മത്സര രംഗത്തുണ്ടാകാൻ സാദ്ധ്യത കുറവാണ്. ഇനി മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് പാർട്ടി ദേശീയ നേതൃത്വത്തെ അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ബി.ജെ.പി നേതൃത്വം മത്സരിക്കാൻ പറഞ്ഞാൽ ഒരിക്കൽ കൂടി കെ.സുരേന്ദ്രൻ സ്ഥാനാർത്ഥിയായേക്കും. അദ്ദേഹം വീണ്ടും മത്സരിക്കണമെന്ന ആവശ്യം പ്രവർത്തകർക്കിടയിലുണ്ട്.
ഉപതിരഞ്ഞെടുപ്പിൽ സി.പി.എം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ ജയാനന്ദ ഇടതുമുന്നണി സ്ഥാനാർത്ഥിയാകാൻ സാദ്ധ്യത. ജയാനന്ദന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിൽ പ്രാഥമിക ചർച്ച നടത്തി. ഇന്ന് കാസർകോട് വിദ്യാനഗറിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേരുന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗം ജയാനന്ദന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ച് സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്യുമെന്നാണ് അറിയുന്നത്. ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് അഞ്ചു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ അന്തിമമായി തീരുമാനിക്കും.
യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥികൾ രണ്ടു ദിവസത്തിനകം ആകുമെന്ന് മുന്നണി നേതാക്കൾ പറയുന്നുണ്ടെങ്കിലും കൂടുതൽ പേരുകൾ ലിസ്റ്റിലുള്ളത് കാരണം കൂടുതൽ ചർച്ചകൾ വേണ്ടിവരുമെന്നാണ് കരുതുന്നത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത്, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന സംസ്ഥാന സമിതി അംഗം രവീശതന്ത്രി കുണ്ടാർ, സംസ്ഥാന ഭാരവാഹി പി.സുരേഷ് കുമാർ ഷെട്ടി എന്നിവരാണ് ബി.ജെ.പി ലിസ്റ്റിലുള്ളത്.