
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടക്കുന്ന നിന്ദ്യമായ സൈബറാക്രമണത്തിന് പിന്നില്‍ കമ്മികളും ജിഹാദികളുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവര്‍ക്കെതിരെ ചെറുവിരലനക്കാത്തത് എന്തുകൊണ്ടെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍.
രണ്ടുദിവസമായി മോദിക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് പ്രചാരണം. ഇത് ആസൂത്രിതമാണ്. മുഖ്യമന്ത്രി നല്ലതുപറയുകയും അണികളെക്കൊണ്ട് അശ്ലീലം പറയിപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണിതെന്നും സുരേന്ദ്രന്‍ സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ആരോപിച്ചു.
കെ.സുരേന്ദ്രന്റെ പോസ്റ്റ്:
വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കും നവമാധ്യമങ്ങളില്‍ക്കൂടി നിന്ദ്യമായ പ്രചാരണം നടത്തുന്നവര്‍ക്കുമെതിരെ ശക്തമായ നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഏറ്റവും വൃത്തികെട്ട രീതിയില്‍ പ്രചാരണം നടത്തുന്ന സൈബര്‍ കമ്മികള്‍ക്കും ജിഹാദികള്‍ക്കുമെതിരെ ചെറുവിരലനക്കാത്തതെന്തുകൊണ്ട്? കഴിഞ്ഞ രണ്ടുദിവസമായി നരേന്ദ്ര മോദിക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് അദ്ദേഹത്തിന്റെ വാളില്‍ പോലും ഇത്തരം പ്രചാരണം നടത്തുന്നത്.
അറിയപ്പെടുന്ന പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ പോലും ഇത്തരം പ്രചാരണം നടത്തുന്നുണ്ട്. ഇത് ആസൂത്രിതമായി നടത്തുന്നതാണ്. മുഖ്യമന്ത്രി നല്ലതു പറയുകയും അണികളെക്കൊണ്ട് അശ്ലീലം പറയിപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണിത്. സര്‍ക്കാരും പൊലീസും ഇതിനു കുടപിടിക്കുകയാണ്. നടപടി എടുക്കാന്‍ പൊലീസ് തയാറായില്ലെങ്കില്‍ അതേനാണയത്തില്‍ തിരിച്ചടിക്കേണ്ടി വരും. നിങ്ങളുടെ ഭാഷ അറിയാത്തതുകൊണ്ടല്ല, ഞങ്ങളുടെ സംസ്‌കാരം അതിനനുവദിക്കാത്തതു കൊണ്ടാണ്.