ശബരിമല ചിത്തിര ആട്ടവിശേഷത്തിന് 52 വയസുള്ള സ്ത്രീയെ ആക്രമിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കോഴിക്കോട് നിന്നും സുരേന്ദ്രനെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.
കെ.സുരേന്ദ്രന്റെ കൂടാതെ ഒന്നാംപ്രതി ഇലന്തൂര്‍ സ്വദേശി സൂരജിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. സുരേന്ദ്രന് മറ്റു രണ്ടുകേസുകളില്‍ കോഴിക്കോട് കോടതി ജാമ്യം നല്‍കി. 2013 ല്‍ കോഴിക്കോട് ട്രെയിന്‍ തടഞ്ഞ കേസിലും 2014 കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച കേസിലും കെ. സുരേന്ദ്രന് ജാമ്യം ലഭിച്ചു. ശബരിമലയിലെ കേസില്‍ കോടതി ജാമ്യം നിഷേധിച്ചതോടെ സുരേന്ദ്രന്‍ ജയിലില്‍ തുടരും.
മുഖ്യമന്ത്രിയുടെ വ്യക്തിപരമായ വൈരാഗ്യമാണ് കേസുകള്‍ക്ക് പിന്നിലെന്ന് കെ. സുരേന്ദ്രന്‍ രോഷത്തോടെ പറഞ്ഞു. സരിത ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനും എതിരെ നല്‍കിയ കേസ് നല്‍കിയിട്ട് മാസം നാലായെന്നും അവര്‍ക്കെതിരെ നടപടിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതിലെ വിദ്വേഷമാണെന്നും പിണറായി വിജയന്‍ സ്റ്റാലിനാണെന്നും ആരോപിച്ചു.