
കൊച്ചി:തെരഞ്ഞെടുപ്പ് സമയത്ത് കോടികളുടെ കള്ളപ്പണമാണ് ബിജെപി സംസ്ഥാനത്ത് ഒഴുക്കിയതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ഇതിനു പിന്നിൽ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആണോ ?തിരഞ്ഞെടുപ്പിന് കള്ളപ്പണം, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എംഎല്‍എമാരെ പര്‍ച്ചേയ്സ് ചെയ്യാന്‍ കള്ളപ്പണം. എവിടെ നിന്നാണ് ബിജെപിക്ക് ഈ കോടികളെന്നും റഹീം ചോദിച്ചു. കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച് കോടികള്‍ കവര്‍ന്ന സംഭവത്തെ അടിസ്ഥാനമാക്കിയാണ് റഹീം ഇക്കാര്യങ്ങള്‍ പറയുന്നത്. കുഴല്‍പ്പണക്കടത്തിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കള്ളപ്പണം കൊടുത്ത വിട്ടവരെയും കൊള്ളയടിച്ചവരെയും അറസ്റ്റ് ചെയ്യണമെന്നും റഹീം ആവശ്യപ്പെട്ടു.അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഉന്നം വെച്ചാണ് റഹീമിന്റെ ആരോപണം എന്നും പ്രചാരണം ഉണ്ട്
എഎ റഹീം പറഞ്ഞത് ഇങ്ങനെയാണ്
”കള്ളപ്പണം കാറില്‍. അതും മൂന്നരക്കോടി.സിനിമാ സ്‌റ്റൈലില്‍ ആക്‌സിഡന്റ് സൃഷ്ടിച്ചു കാറിലുണ്ടായിരുന്ന കോടികള്‍ കവര്‍ച്ച നടത്തുന്നു.സംഭവം തൃശൂരിലാണ്.സംഭവത്തില്‍ പോലീസ് അന്വഷണം പുരോഗമിക്കുന്നു. പണം കൊണ്ട് വന്നത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിലവിന്.കൊള്ളയടിച്ചതും അതേ പാര്‍ട്ടിക്കാര്‍ തന്നെയെന്ന് മനോരമ വാര്‍ത്ത.
ആര്‍എസ്എസ്,ബിജെപി നേതൃത്വം അന്വഷണം ആരംഭിച്ചതായും വാര്‍ത്തകള്‍ വന്നു കഴിഞ്ഞു.ബിജെപിയുടെ പ്രമുഖരായ സംസ്ഥാന നേതാക്കള്‍ക്ക് ഈ കൊള്ളയില്‍ പങ്കുണ്ടെന്നും വാര്‍ത്ത. ഒരടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കേന്ദ്ര സഹമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനും വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിരുന്നു.”
”അനാവശ്യ വിവാദം സൃഷ്ടിച്ചത്, കള്ളപ്പണ കടത്തും സിനിമാ സ്‌റ്റൈല്‍ കൊള്ളയും മാധ്യമങ്ങളില്‍ ചര്‍ച്ചയാകാതിരിക്കാനാണ് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. കോടികളുടെ കള്ളപ്പണമാണ് ബിജെപി ഇവിടെയൊഴുക്കിയത്. കള്ളപ്പണം അവര്‍ തന്നെ കൊള്ളയടിക്കുകയും ചെയ്യുന്നു.ഒരു പ്രത്യേകതരം ‘ദേശ സ്‌നേഹ’പ്രവൃത്തി.
”തിരഞ്ഞെടുപ്പിന് കള്ളപ്പണം,തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എംഎല്‍എ മാരെ പര്‍ച്ചേയ്സ് ചെയ്യാന്‍ കള്ളപ്പണം…എവിടെ നിന്നാണ് ഈ കോടികള്‍?? മനോരമ വാര്‍ത്ത പ്രകാരം എറണാകുളം ജില്ലയിലേക്ക് കൊണ്ട് പോയ പണമാണ് ഈ മൂന്നരക്കോടി.തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെ ചിലവിന് മാത്രമുള്ള തുകയാണിത് എന്നോര്‍ക്കണം.അതും ഒരു ജില്ലയ്ക്ക് മാത്രം.
അപ്പോള്‍,സംസ്ഥാനത്ത് അകെ എത്ര കോടിയുടെ കള്ളപ്പണമായിരിക്കും ബിജെപി ഒഴുക്കിയിട്ടുണ്ടാവുക?രാജ്യത്താകെ എത്രയാകും?എവിടെ നിന്നാണ് ഈ പണം?രാജ്യത്തിന്റെ പൊതുമേഖലയും വിഭവങ്ങളും കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് വിറ്റ വകയില്‍ കിട്ടുന്ന കോടികളുടെ കോഴപ്പണമാണ് ചാക്കില്‍ കെട്ടി രാജ്യത്താകെ ജനാധിപത്യത്തെ വിലയ്ക്ക് വാങ്ങാന്‍ കയറ്റി അയയ്ക്കുന്നത്. ഒരു രൂപയുടെ അധിക ഇടപാട് പോലും സാധാരണക്കാരന്‍ ബാങ്ക് വഴി നടത്തണമെന്ന് മോദിയുടെ കല്‍പ്പന.മോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കറന്‍സി മതിപ്പുകണക്കിന് ചാക്കില്‍ കെട്ടി കടത്താം.”
”കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം,ഓരോ തിരഞ്ഞെടുപ്പും,കേരളാ ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് ചാകരയാണ്.ഇപ്പോള്‍ നടുറോഡില്‍ കൊള്ളയും തുടങ്ങിയിരിക്കുന്നു. തൃശൂരില്‍ നടന്ന കുഴല്‍പ്പണകടത്തും കൊള്ളയും സംബന്ധിച്ച് സമഗ്രമായ അന്വഷണം നടത്തണം.കള്ളപ്പണം കൊടുത്തു വിട്ടവരെയും കൊള്ളയടിച്ചവരെയും കയ്യാമം വെയ്ക്കണം.”