
രജനികാന്തിന്റെ പുതിയ ചിത്രമായ കബാലിയുടെ പ്രമോഷന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് നടക്കുന്നത്. കബാലിയുടെ പ്രമോഷനുമായി എയര്‍ ഏഷ്യ പറന്നുയര്‍ന്നത് തന്നെ കൗതുകകരമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിട്ടെങ്കിലും രജനികാന്തിന്റെ ആരാധകര്‍ക്ക് ഇതൊക്കെ സന്തോഷകരം തന്നെ.
ഇപ്പോള്‍ പുതുച്ചേരി സര്‍ക്കാരും രസകരമായ ഒരു ഓഫറുമായിട്ടാണ് എത്തിയിരിക്കുന്നത്. കേട്ടാല്‍ മൂക്കത്തു വിരല്‍വെക്കും. സംഭവം നല്ലൊരു കാര്യത്തിനാണെങ്കിലും സമ്മാനം ചിരിപ്പിക്കുന്നതാണ്. വീട്ടില്‍ ശൗചാലയം നിര്‍മ്മിച്ചാല്‍ കബാലി ടിക്കറ്റ് സൗജന്യമായി നല്‍കുമെന്നാണ് പറയുന്നത്.
രജനിയോടുള്ള സ്നേഹം മുതലെടുത്ത് സംസ്ഥാനത്തെ ശൗചാലയ അപര്യാപ്തത മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സെല്ലിപേട് ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്കാണ് ഓഫര്‍ നല്‍കിയിട്ടുള്ളത്. സര്‍വേ പ്രകാരം സെല്ലിപേട് ഗ്രാമത്തില്‍ ശൗചാലയങ്ങള്‍ തീരെ കുറവാണ്. ആകെ 772 കുടുംബങ്ങളാണ് സെല്ലിപേടിലുള്ളത്. ഇതില്‍ 447 കുടുംബങ്ങള്‍ക്കും സ്വന്തമായി ഒരു ശൗചാലയം ഇല്ലെന്നു ഗ്രാമ-നഗര വികസന ഏജന്‍സി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. പുതുച്ചേരിയിലെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി രജനികാന്തിനോടു ആവശ്യപ്പെടുകയും ചെയ്തിരുന്നു.