തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്ന് രവീന്ദ്രൻ ബോധപൂർവം മാറി നിൽക്കില്ലെന്നും സംശുദ്ധ ജീവിതം നയിക്കുന്ന വ്യക്തിയാണെന്നും കടകംപള്ളി പറയുന്നു. അദ്ദേഹത്തെ കുടുക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്താനാണെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇ.ഡിയുടെ ചോദ്യം ചെയ്യലിന് വിധേയമാകാന്‍ മൂന്നാം തവണയും നോട്ടീസ് ലഭിച്ച രവീന്ദ്രന്‍ നാളെ ഹാജരാകേണ്ടതായിരുന്നു. അതിനിടെ കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ആശുപത്രിയില്‍ പ്രവേശിച്ചു. ആദ്യം നോട്ടീസ് നല്‍കിയപ്പോള്‍, കൊവിഡിന് ചികിത്സ തേടിയ രവീന്ദ്രന്‍ പിന്നീടുള്ള രണ്ട് നോട്ടീസ് ലഭിച്ചപ്പോഴും കൊവിഡാനന്തര ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.
എന്നാല്‍ രവീന്ദ്രന്‍ ബോധപൂര്‍വ്വം മാറിനില്‍ക്കുന്നതല്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടുതന്നെയാണ് ചികിത്സ തേടിയത്. 30 വര്‍ഷത്തോളമായി തനിക്ക് അറിയാവുന്നയാളാണ് രവീന്ദ്രന്‍. ഭരണപക്ഷത്തായിരിക്കും പ്രതിപക്ഷത്തായിരിക്കുമ്പോഴും വിശ്വസ്തതയോടെ ജോലി ചെയ്തിരുന്നയാളാണ്. ഇപ്പോള്‍ അദ്ദേഹത്തെ കുടുക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.
ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരിക്കെ സി എം രവീന്ദ്രനെ മൂന്നാമതും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യം കോവിഡിനും പിന്നീട് കോവിഡനന്തര ആരോഗ്യപ്രശ്നങ്ങൾക്കുമായിരുന്നു അദ്ദേഹം ചികിത്സതേടിയത്. ഈ രണ്ടുഘട്ടങ്ങളിലും അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല.
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ അഭിമാനാർഹമായ നേട്ടമുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവകാശപ്പെട്ടു. ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റ് വർധിക്കുമെന്നും ബിജെപി വിജയിച്ച വെങ്ങാനൂർ പോലും സിപിഎം നേടുമെന്നും കടകംപള്ളി പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം മോദി തരങ്കം കുറച്ച് വിഭാഗത്തെ മോഹിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ അവസ്ഥ മാറിയെന്നും മന്ത്രി പറഞ്ഞു.