കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റി!? ആദ്യം തീരുമാനിച്ചത് മൃതദേഹം ആറ്റിൽ കളയാൻ, അനിലിനെ നാട്ടിലെത്തിക്കാന്‍ പൊലീസ്

ആലപ്പുഴ: മാന്നാര്‍ കല കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ച മൃതദേഹം കൂട്ടുപ്രതികള്‍ അറിയാതെ കലയുടെ ഭര്‍ത്താവ് കൂടിയായ ഒന്നാം പ്രതി അനില്‍ അവിടെ നിന്നും മാറ്റിയെന്ന സംശയത്തിലാണ് പൊലീസ്. അനിലിനെ ഇസ്രയേലില്‍ നിന്നും എത്തിച്ചാല്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

കലയുടെ മൃതദേഹം ആദ്യം ആറ്റിൽ കളയാനാണ് പ്രതികൾ തീരുമാനിച്ചതെന്നും ഇതിനാണ് വലിയ പെരുമ്പുഴ പാലത്തിനടുത്ത് മൃതദേഹം കാറിൽ എത്തിച്ചതെന്നുമാണ് വിവരം. എന്നാൽ സാഹചര്യം അനുകൂലമല്ലാത്തതിനാൽ മൃതദേഹം ആറ്റിലുപേക്ഷിച്ചില്ല. 15 വർഷത്തിനിടെ രണ്ട് തവണ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയിരുന്നുവെന്നാണ് കണ്ടെത്തൽ. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച വസ്തുക്കൾ കോടതിക്ക് കൈമാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെങ്ങന്നൂർ ഡിവൈഎസ്പി നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘം പോലിസ് കസ്റ്റഡിയിൽ ഉള്ള മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുകയാണ്. എങ്ങനെ കൊലപാതകം നടത്തി എന്ന കാര്യത്തിൽ പ്രതികൾ നൽകുന്ന മൊഴികളിൽ ഇപ്പോഴും വൈരുധ്യം തുടരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്ന് പ്രതികളിൽ ഒരാൾ മൊഴി നൽകി. പക്ഷെ സാഹചര്യം അനുകൂലമല്ലാതിരുന്നതിനാൽ തീരുമാനം മാറ്റുകയായിരുന്നു.

പിന്നീടാണ് കാറിൽ മറ്റൊരിടത്തേക്ക് മൃതദേഹം കൊണ്ടുപോയത്. സെപ്റ്റിക് ടാങ്കിൽ തന്നെയാണോ അതോ മറ്റെവിടെയെങ്കിലുമാണോ മൃതദേഹം മറവ് ചെയ്തതെന്നാണ് പൊലിസ് സംശയം. ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാക്കാനുള്ള ശ്രമത്തിൽ ആണ് അന്വേഷണ സംഘം. ഇസ്രായേലിലുള്ള അനിലിനെ നാട്ടിൽ എത്തിക്കുകയാണ് പ്രധാനം. മൃതദേഹം എവിടെ എന്ന കാര്യത്തിൽ കൃത്യമായി വിവരം അറിയാവുന്നത് അനിലിനാണെന്നും പൊലീസ് കരുതുന്നു.

മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് അനിലിനെ നാട്ടിലെത്തിച്ചാൽ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാകും. സാക്ഷികളായ സുരേഷിന്റെയും സന്തോഷിന്റെയും മൊഴികളാണ് നിലവിൽ പോലീസിന് മുന്നിൽ ഉള്ള പ്രധാനപ്പെട്ട തെളിവ്. ഇതിനിടെ പ്രതി അനിലിന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കലയുടെ സഹോദരൻ അനിൽ രംഗത്തെത്തി.

അനില്‍ ഇസ്രയേലില്‍ ആശുപത്രിയിലെന്നാണ് കുടുംബം പറയുന്നതെങ്കിലും പൊലീസ് ഇക്കാര്യം പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ല. ഇസ്രയേലില്‍ തുടരാനുള്ള നീക്കത്തിന്റെ ഭാഗമായിരിക്കാം ആശുപത്രി പ്രവേശനമെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. അനിലിനെ ബന്ധപ്പെടാന്‍ പൊലീസിന് ഇതുവരെയും സാധിച്ചിട്ടില്ല.

Top