ചാക്കുടി: കരള്‍രോഗമാണ് കലാഭവന്‍ മണിയുടെ മരണത്തിന് കാരണമായതെന്നുള്ള ആദ്യ റിപ്പോര്‍ട്ടില്‍ അപാകത. കലാഭവന്‍ മണിയുടെ ആന്തരികാവയവ രാസപരിശോധനാ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ ശരീരത്തില്‍ അളവില്‍ കൂടുതല്‍ മെഥനോള്‍ കണ്ടെത്തി. 45 മില്ലീഗ്രാം മെഥനോള്‍ കണ്ടെത്തിയതായിട്ടാണ് ഹൈദരാബാദിലെ കേന്ദ്രലാബ് റിപ്പോര്‍ട്ട്.
സാധാരണ ആരോഗ്യമുള്ള വ്യക്തിയില്‍ ഈ അളവു മരണകാരണമാകില്ലെങ്കിലും കരള്‍രോഗ ബാധിതരില്‍ 45 മില്ലീഗ്രാം മെഥനോള്‍ ഉള്ളില്‍ ചെന്നാല്‍ മരണം സംഭവിക്കാമെന്ന പൊലീസ് നിഗമനം മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്.
അന്വേഷണച്ചുമതലയുള്ള പൊലീസ് സംഘവും രാസപരിശോധനാ വിദഗ്ധരും ഡോക്ടര്‍മാരും ചേര്‍ന്നതാണ് മെഡിക്കല്‍ ബോര്‍ഡ്. മെഥനോളിന്റെ അളവു 45 മില്ലീഗ്രാം ആണെന്നതിനാല്‍ വ്യാജച്ചാരായം ഉള്ളില്‍ ചെന്നിരിക്കാമെന്ന സാധ്യത സജീവമായി പരിശോധിക്കുന്നുണ്ടെന്ന് ഐജി എം.പി.അജിത് കുമാര്‍ പറഞ്ഞു. കരള്‍രോഗ ബാധിതനായ മണിയുടെ ശരീരത്തില്‍ ഈ അളവില്‍ മെഥനോള്‍ എത്തിയാല്‍ മരണകാരണമായേക്കാം. കാക്കനാട്ടെ സംസ്ഥാന ലാബിലെ പരിശോധനയില്‍ 26 മില്ലീഗ്രാം മെഥനോളാണ് ആദ്യം കണ്ടെത്തിയത്.
ഇതു മണി ബീയര്‍ കഴിച്ചതുവഴി ശരീരത്തിലെത്തിയതാകാമെന്നായിരുന്നു ആദ്യ ധാരണ. അതുകൊണ്ടുതന്നെ ഗുരുതര കരള്‍രോഗം മരണകാരണമായി എന്നായിരുന്നു ആദ്യഘട്ടത്തിലെ നിഗമനം. മണി കൂടിയ അളവില്‍ ബീയര്‍ കഴിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയെങ്കിലും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയ ദിവസമോ അതിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളിലോ ചാരായം കഴിച്ചതു സംബന്ധിച്ച മൊഴികളൊന്നും ലഭിച്ചിരുന്നില്ല.
അതിനാല്‍ മണിയുടെ ശരീരത്തില്‍ കൂടുതല്‍ അളവില്‍ മെഥനോള്‍ എങ്ങനെയെത്തി എന്നതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്ന ചോദ്യം. കാക്കനാട്ടെ ലാബില്‍ നടന്ന പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഹൈദരാബാദിലെ കേന്ദ്ര ലാബ് പരിശോധനയില്‍ ഇതു പാടേ തള്ളി. കീടനാശിനികളൊന്നും കേന്ദ്ര ലാബിലെ ആന്തരികാവയവ പരിശോധനയില്‍ കണ്ടെത്താനായില്ല. മണിയുടെ മരണത്തിന്റെ നൂറാം ദിവസമായ ഇന്നലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. കഴിഞ്ഞയാഴ്ച മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്കു വിടാന്‍ സംസ്ഥാന പൊലീസ് മേധാവി ശുപാര്‍ശ ചെയ്തിരുന്നു.