ഇരട്ടക്കൊലപാതകങ്ങള്‍: കണ്ണൂരില്‍ ഇന്ന് സമാധാന ചര്‍ച്ച

കണ്ണൂര്‍: സംഘര്‍ഷം അവസാനിപ്പിക്കാന്‍ കണ്ണൂരില്‍ ഇന്ന് സമാധാന ചര്‍ച്ച. കളക്ടറാണ് സിപിഐഎം ബിജെപി ഉഭയകക്ഷി ചര്‍ച്ച വിളിച്ച് ചേര്‍ത്തിരിക്കുന്നത്. മാഹി കൊലപാതകങ്ങളില്‍പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം, കൊല്ലപ്പെട്ട സിപിഐഎം നേതാവ് ബാബുവിന്റെ വീട് ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിക്കും.

വൈകിട്ട് 6 മണിക്ക് കളക്ടറേറ്റില്‍ വെച്ച് ഉഭയകക്ഷി ചര്‍ച്ച നടക്കുമെന്നാണ് സിപിഐഎം ബിജെപി നേതാക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം മാഹിയില്‍ നടന്ന കൊലപാതകങ്ങള്‍ക്ക് കണ്ണൂരില്‍ സമാധാന ചര്‍ച്ച നടത്തിയിട്ട് എന്ത് കാര്യമെന്ന അതൃപ്തിയും പാര്‍ട്ടികള്‍ക്കുണ്ട്. കഴിഞ്ഞ തവണ നടന്ന സര്‍വ്വകക്ഷിയോഗം വാക്കേറ്റത്തില്‍ കലാശിച്ചിരുന്നു. അതേസമയം ഷമേജ് വധക്കേസില്‍ ഫോണ്‍ രേഖകള്‍ സഹായകരമാവുമെന്ന പ്രതീക്ഷയിലാണ് ന്യൂമാഹി പൊലീസ്. അതേസമയം ബാബു വധക്കേസില്‍ പ്രതികളെ തിരിച്ചെറിഞ്ഞെങ്കിലും ഇവരെ കണ്ടെത്തേണ്ടതുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘര്‍ഷ സാഹചര്യം തല്‍ക്കാലത്തേക്ക് അയഞ്ഞത് പൊലീസിന് ആശ്വാസമായിട്ടുണ്ട്. ഇതോടെ അന്വേഷണത്തിലേക്കും പ്രതികളെ തെരയുന്നതിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനാവുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു. എന്നാല്‍ കൊലപാതകം നടന്നതോടെ ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷ തുടരും. ഇതിനിടെയാണ് ഡിജിപിമാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ സിപിഐഎം സംഘമെത്തിയത് ഗൂഢാലോചനയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തുന്നത്.

പള്ളൂരില്‍ തിങ്കളാഴ്ച രാത്രിയാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. സി.പി.ഐ.എം. നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു(47), ഓട്ടോറിക്ഷാ ഡ്രൈവറും ആര്‍.എസ്.എസ്. പ്രവര്‍ത്തകനുമായ ന്യൂമാഹി പെരിങ്ങാടി പറമ്പത്ത് വീട്ടില്‍ യു.സി. ഷമേജ് (36) എന്നിവരാണ് മരിച്ചത്. പള്ളൂര്‍ കൊയ്യോടന്‍ കോറോത്ത് ക്ഷേത്രത്തിനുസമീപം രാത്രി ഒന്‍പതരയോടെയാണ് ബാബുവിന് വെട്ടേറ്റത്. ബാബു വീട്ടിലേക്ക് പോകുന്നവഴി ഒരുസംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഇതിനു തിരിച്ചടിയായാണ് ഷമേജിന് രാത്രിതന്നെ വെട്ടേറ്റത്. കൊലപാതകങ്ങളെ തുടര്‍ന്ന് മാഹിയിലും പരിസര പ്രദേശങ്ങളിലും അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

Top