ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് കപില്‍ സിബല്‍.മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന സുഷ്മിതാ ദേവി പാർട്ടി വിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു സിബലിന്റെ വിമർശനം. പാര്‍ട്ടി പല കാര്യങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ്. കണ്ണടച്ചാണ് പാര്‍ട്ടിയുടെ പോക്ക് എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. പാർട്ടിയിൽ അഴിച്ചുപണി ഉടൻ വേണമെന്നും യുവനേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ പലപ്പോഴും പഴി കേള്‍ക്കുന്നത് മുതിര്‍ന്ന നേതാക്കളാണെന്നും സിബൽ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ ദേശീയ തലത്തില്‍ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പ്രമുഖ നേതാക്കള്‍ ഓരോന്നായി കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് മഹിള കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചിരിക്കുന്നത്.നേരത്തേ പാർട്ടിക്കുള്ളിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കപില്‍ സിബല്‍ അടക്കം 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു.ജനസ്വാധീനമുള്ള നേതാക്കൾ കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞുപോകുന്നത് തുടരുകയാണ്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് സുഷ്മിതാ ദേവി. കോണ്‍ഗ്രസില്‍ വലിയ മാറ്റം ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തയച്ചത്.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി തകർന്നടിഞ്ഞതോടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. വർഷം ഏറെ കഴിഞ്ഞെങ്കിലും അതിനുശേഷം ഒരു മുഴുനീള അദ്ധ്യക്ഷൻ പാർട്ടിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ഇത് പാർട്ടിയിൽ വലിയ പ്രശ്നങ്ങൾക്കാണ് വഴിമരുന്നിട്ടത്. മുൻ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ്, ജ്യോതിരാദിത്യ തുടങ്ങി നിരവധി നേതാക്കളാണ് നേതൃത്വവുമായി കലഹിച്ച് പാർട്ടി വിട്ടത്. ഇതിനെത്തുടർന്ന് പല സംസ്ഥാനങ്ങളിലും പാർട്ടി തീരെ ഇല്ലാത്ത അവസ്ഥയിലാണ്. സച്ചിന്‍ പൈലറ്റിനെപ്പോലുളള നേതാക്കൾ നേതൃത്വത്തിനെതിരെ തിരിഞ്ഞുനിൽക്കുകയാണ്. സച്ചിനെ അനുനയിപ്പിച്ച് കൂടെ നിറുത്താനുള്ള ശ്രമങ്ങൾ തുടരുന്നു എന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് സുഷ്മിതാ ദേവി ഇന്ന് രാജിവച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്ക് കണ്ണടച്ചാണെന്ന് കപില്‍ സിബല്‍ പറയുന്നു. യുവ നേതാക്കള്‍ പാര്‍ട്ടി വിട്ടു പോകുമ്പോള്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്ന പ്രായമായവരെ കുറ്റപ്പെടുത്തുന്നു എന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ചയോടെയാണ് സുഷ്മിത ദേവ് പാര്‍ട്ടി അധ്യക്ഷന്‍ സോണിയ ഗാന്ധിക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുന്നു എന്നാണ് അറിയിച്ചത്. എന്നാല്‍ രാജിക്ക് പിന്നിലെ കാരണമെന്താണ് എന്ന് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
കോണ്‍ഗ്രസ് നേതാവ് സന്തോഷ് മോഹന്‍ ദേവിന്റെ മകളാണ് സുഷ്മിത ദേവ്. അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി കപില്‍ സിബല്‍ രംഗത്തെത്തിയതോടെ ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും കോണ്‍ഗ്രസ് ചര്‍ച്ചയായരിക്കുകയാണ്. സ്ഥിരമായി ഒരു അധ്യക്ഷന്‍ ഇല്ലാത്തത് പാര്‍ട്ടിയെ സംബന്ധിച്ച് കനത്ത വെല്ലുവിളികളാണ് അടുത്തകാലത്തായി ക്ഷണിച്ചുവരുത്തുന്നത്.
നിലവില്‍ സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റായാണ് പ്രവര്‍ത്തിക്കുന്നത്. കപില്‍ സിബല്‍ അടക്കമുള്ള 23 കോണ്‍ഗ്രസ് നേതാക്കള്‍, കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 2019ല്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ഇതിന് പിന്നാലെയാണ് 23 നേതാക്കള്‍ അധ്യക്ഷനെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
സുഷ്മിത ദേവിന് മുമ്പ് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളും പാര്‍ട്ടി വിട്ടിരുന്നു. ഉത്തര്‍പ്രദേശില്‍ ഏറ്റവും സ്വാധീനമുള്ള ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ജ്യോതിരാധിത്യ സിന്ധ്യ ബിജെപിയിലേക്ക് എത്തി ഒരു വര്‍ഷത്തിന് ശേഷമാണ് ജിതിന്‍ പ്രസാദയുടെ പോക്ക്. ഉത്തര്‍പ്രദേശിലെ ബ്രാഹ്മണ സമുദായത്തില്‍ ഏറ്റവും സ്വാധീനമുള്ള നേതാവാണ് ജിതിന്‍ പ്രസാദ്. ഉത്തര്‍ പ്രദേശില്‍ വീണ്ടും അധികാരം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിതിന്‍ പ്രസാദയെ ബിജെപി സ്വന്തം ക്യാമ്പിലെത്തിച്ചത്. നിയമസഭ തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്ഥാനം ജിതിന്‍ പ്രസാദയ്ക്ക് ബിജെപി നല്‍കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജിതിന്‍ പ്രസാദയുടെ പോക്ക് കോണ്‍ഗ്രസിനെ സംബന്ധിച്ച് കനത്ത ക്ഷീണമാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അധികാരം പിടിച്ചെടുത്ത രാജസ്ഥാനിലും കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയോടെയാണ് മുന്നോട്ടു പോകുന്നത്. സംസ്ഥാന നേതൃത്വത്തിനെതിരെ വിമത ശബ്ദം ഉയര്‍ത്തിയ സച്ചിന്‍ പൈലറ്റ് അന്ന് പ്രതിസന്ധി ഉയര്‍ത്തിയിരുന്നു. പൈലറ്റിനെ സമാധാനിപ്പിക്കാന്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് നിരവധി ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
കൂടാതെ പഞ്ചാബില്‍ അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പോര് കോണ്‍ഗ്രസിനെ സംബന്ധിച്ച് കനത്ത പ്രതിസന്ധിയാണ്. കഴിഞ്ഞ ദിവസം വൈദ്യുത നിരക്കിന്റെ പേരില്‍ സിദ്ദു സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സിദ്ദുവിനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സോണിയ ഗാന്ധിയും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സിദ്ദു ആ നിര്‍ദ്ദേശം കാര്യമായി എടുത്ത ഭാവമില്ല. അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസ് ഏറെ നിര്‍ണായകമാണ്. ശിരോമണി അകാലിദളും, ആം ആദ്മി പാര്‍ട്ടിയും ശക്തമായി തിരഞ്ഞെടുപ്പ് കളത്തിലുണ്ട്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ആഭ്യന്തര കലഹം തിരഞ്ഞെടുപ്പിന് ഇവര്‍ക്ക് ഗുണം ചെയ്‌തേക്കുമെന്നാണ് കരുതുന്നത്.