
കോഴിക്കോട് :കരിപ്പൂർ അപകടത്തിൽ പൈലറ്റിന് പിഴച്ചതായി സൂചന . വിമാനത്തിന്റെ ലാന്‍ഡിങ് പാളിയതോടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതായാണ് തെളിവുകളെന്ന് വ്യോമയാന വിദഗ്ധര്‍. കോക്ക്പിറ്റ് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് വീണ്ടും പറന്നുയരാന്‍ ശ്രമിച്ചുവെന്നാണെന്നും വിദഗ്ധര്‍ പറയുന്നു.
റൺവേയുടെ പടിഞ്ഞാറു ഭാഗത്ത് (റൺവേ 10) വിമാനം ഇറക്കാനുള്ള പൈലറ്റിന്റെ തീരുമാനം അപകടത്തിനു കാരണമായോ എന്ന് അന്വേഷണം. റൺവേയുടെ കിഴക്കു ഭാഗമാണു (റൺവേ 28) കോഴിക്കോട് വിമാനത്താവളത്തിലെ പ്രൈമറി റൺവേ. പ്രതികൂല കാലാവസ്ഥയിൽ എയർ ട്രാഫിക് കൺട്രോൾ വിഭാഗം നിർദേശിക്കുന്നതും പൈലറ്റുമാർ തിരഞ്ഞെടുക്കുന്നതും ഈ റൺവേയാണ്. എന്നാൽ അപകടത്തിൽപെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനം ഇറങ്ങിയത് റൺവേ പത്തിലാണ്.
എടിസിയുടെ നിർദേശമനുസരിച്ച് ആദ്യ ലാൻഡിങ്ങിനു ശ്രമിച്ചത് പ്രൈമറി റൺവേയിലായിരുന്നു. എന്നാൽ ദൂരക്കാഴ്ചയുടെ പ്രശ്നങ്ങളെത്തുടർന്നു ലാൻഡിങ് ശ്രമം ഉപേക്ഷിച്ച് വിമാനം വീണ്ടും പറന്നുയർന്നു. രണ്ടാം ശ്രമത്തിൽ റൺവേ 10ൽ ഇറങ്ങാൻ പൈലറ്റ് സ്വയം തീരുമാനിക്കുകയായിരുന്നു. കാറ്റിന്റെ വേഗം മണിക്കൂറിൽ 10 നോട്ടിക്കൽ മൈലിനു മുകളിലാണെന്നു മുന്നറിയിപ്പു ലഭിച്ചിരുന്നു. ബോയിങ് 747–800 വിമാനത്തിന് മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ വരെയുള്ള കാറ്റിനെ (ടെയിൽ വിൻഡ്) അതിജീവിക്കാനാകുമെന്നതാകാം ഈ റൺവേ തിരഞ്ഞെടുക്കാൻ പൈലറ്റിനെ പ്രേരിപ്പിച്ചത്.
കൂടാതെ, തീപിടിത്തം ഒഴിവാക്കാന്‍ എന്‍ജിന്‍ ഓഫ് ചെയ്തിരിക്കാമെന്ന നിഗമനങ്ങള്‍ ശരിയല്ലെന്നും വിദഗ്ധര്‍ പറഞ്ഞു. ചിത്രത്തിലെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ലീവറിന്റെ സ്ഥാനം അനുസരിച്ച് എന്‍ജിന്‍ ഓഫ് ചെയ്തിരിക്കാമെന്ന നിഗമനങ്ങള്‍ തെറ്റാണെന്നും വിമാനം താഴെ വീണു പിളര്‍ന്നതോടെ തനിയെ എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ചതാകാമെന്നാണ് അനുമാനം. അതുകൊണ്ടാണ് തീപിടുത്തം ഒഴിവായതും.
റണ്‍വേയില്‍ ഏറെ ദൂരെ പോയാണ് വിമാനം നിലം തൊട്ടത്. വേഗം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതാകാം. ഇതും പരാജയപ്പെടുകയായിരുന്നു. ടേക്ക് ഓഫിന് വിമാനച്ചിറകുകളിലെ ഫ്‌ളാപ്പുകള്‍ 10 ഡിഗ്രിയില്‍ താഴെയാണു ക്രമീകരിക്കേണ്ടത്. എന്നാല്‍ അവ 40 ഡിഗ്രിയിലാണെന്നു ചിത്രത്തില്‍ വ്യക്തം. ഇത് ലാന്‍ഡിങ് സമയത്തു മാത്രം നടത്തുന്ന ക്രമീകരണമാണ്.
2017 ഓഗസ്റ്റിൽ ലാൻഡിങ്ങിനിടെ സ്പൈസ് ജെറ്റ് വിമാനം ഇതേ റൺവേയിൽ നിന്നു തെന്നി നീങ്ങി അപകടമുണ്ടായിരുന്നു. കഴിഞ്ഞവർഷം ജൂലൈയിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസിന്റെ പിൻചിറക് റൺവേയിൽ ഉരസിയ സംഭവവുമുണ്ടായി. തുടർന്ന് അന്വേഷണം നടത്തിയ ഡിജിസിഎ സമിതി റൺവേ പത്തിന്റെ തുടക്കത്തിൽ ചെരിവുള്ളതായും പാടുകളുള്ളതായും കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നതാണ്.