ബെംഗളൂരു: അധികാരത്തിലേറിയത് മുതല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ പ്രതിസന്ധിയിലാണ്. സഖ്യത്തിനുള്ളിലെ ഭിന്നതകള്‍ക്ക് പുറമെയാണ് സര്‍ക്കാരിനെ താഴെയിറക്കുമെന്ന ബിജെപിയുടെ ഭീഷണി. ഭരണം ഏഴുമാസം പിന്നിട്ടപ്പോഴേക്കും സര്‍ക്കാരിനെ വരിഞ്ഞ് മുറുക്കിയിരിക്കുകയാണ് ബിജെപി.
രാജ്യം മുഴുവന്‍ ആകാംഷയോടെ ഉറ്റു നോക്കുകയാണ് കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍. എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. മന്ത്രിസ്ഥാനം വരെ വാഗ്ദാനം ചെയ്ത് എംഎല്‍എമാരെ അനുനയിപ്പിക്കാനുളള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ബിജെപിയുടെ ഓപ്പറേഷന്‍ താമരയെ ചെറുത്തുതോല്‍പ്പിക്കാനാകുമെന്ന വിശ്വാസം കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ക്ക് വന്ന് തുടങ്ങിയിട്ടുണ്ട്.
വിമതരെ മന്ത്രിസ്ഥാനം കൊടുത്തു കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം. ബിജെപിയുടെ ഓപ്പറേഷന്‍ താമര തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. വിമതരെ മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍നിന്നു തിരിച്ചെത്തിച്ചു മന്ത്രിസ്ഥാനം കൊടുത്തു കൂടെ നിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കം ബിജെപി ക്യാംപുകളെ ആശയക്കുഴപ്പത്തിലാക്കി. കാണാതായ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരിച്ചെത്തിയതു പാര്‍ട്ടി ക്യാംപിനു കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. ഫോണ്‍ സ്വിച്ച് ഓഫ് ആയതു കൊണ്ടാണു നേതൃത്വവുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഭീമാ നായിക് പറഞ്ഞു.
എംഎല്‍എമാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി, 5 മന്ത്രിമാര്‍ സ്ഥാനത്യാഗത്തിനു തയാറായിട്ടുണ്ട്. ഓപ്പറേഷന്‍ താമരയെ ചെറുക്കാനായി കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുള്ള വജ്രായുധം കൂടിയാണിത്. മുതിര്‍ന്ന നേതാക്കളായ ഡി.കെ ശിവകുമാര്‍, കെ.ജെ ജോര്‍ജ്, പ്രിയങ്ക് ഖര്‍ഗെ, കൃഷ്ണ ബൈരെ ഗൗഡ, സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണു സ്ഥാനത്യാഗത്തിനു തയാറായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ച രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ ഉള്‍പ്പെടെ 16 പേരുടെയെങ്കിലും പിന്തുണയുണ്ടെങ്കിലേ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വഴി തെളിയുകയുള്ളു. മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചു വിമതരെ ഒപ്പം നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ബിജെപി ഇതുവരെ കളിച്ച കളികളെല്ലാം വെറുതെയാകും.
അതേസമയം, ബിജെപിയുടെ ഓപ്പറേഷന്‍ താമരയ്ക്കു ബദലായി ബിജെപി എംഎല്‍എമാരെ വലയിലാക്കാന്‍ ശ്രമമൊന്നും നടത്തുന്നില്ലെന്നു മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. സര്‍ക്കാര്‍ സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുമാരസ്വാമി സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ ബിജെപിയും, തലയെണ്ണം ഉറപ്പിച്ച് ഭരണം പിടിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് ദള്‍ സഖ്യവും തീവ്രശ്രമത്തിലാണ്.
ഹരിയാന ഗുരുഗ്രാമിലെ റിസോര്‍ട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെഡിയൂരപ്പ പാര്‍ട്ടി എംഎല്‍എമാരുമായി ഇന്നു കൂടിക്കാഴ്ച നടത്താനിക്കെ, കൂടെയുള്ള എംഎല്‍എമാരുടെ എണ്ണം സ്ഥിരീകരിക്കാനായി ഇവരെ കോണ്‍ഗ്രസ് നേതൃത്വം ബെംഗളൂരുവിലേക്കു വിളിപ്പിച്ചു. ബിജെപിയുടെ കുതിരക്കച്ചവടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൗര്യ സര്‍ക്കിളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി.