എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് ബാധകമെന്ന് സ്പീക്കര്‍..!! വിമതരെ അയോഗ്യരാക്കാന്‍ നീക്കം

ബെംഗളൂരു: കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസം തേടുന്നതിനുള്ള നീക്കം തുടങ്ങിയതിന് പിന്നാലെ കര്‍ണാടക നിയമസഭയില്‍ ബഹളം. പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി കുമാരസ്വാമി ആദ്യം സംസാരിച്ചു. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും സംസാരിച്ചു. വിപ്പ് എല്ലാവര്‍ക്കും ബാധകമാക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഇത് ബിജെപി അംഗങ്ങളുടെ ബഹളത്തിനിടയാക്കി.

വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ 15 വിമത എംഎല്‍എമാര്‍ ഇന്ന് സഭയില്‍ എത്തിയിട്ടില്ല. വിമതര്‍ ഉള്‍പ്പെടെയുള്ള എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് ബാധകമാക്കാമെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ വ്യക്തമാക്കി. ഇതോടെ വിമതര്‍ അയോഗ്യരാകാനുള്ള സാധ്യതയേറി. ഇവരെ കൂടാതെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് കടന്ന ശ്രീമന്ത് പാട്ടീലും ബിഎസ്പി എംഎല്‍എ എന്‍.മഹേഷും സഭയിലെത്തിയിട്ടില്ല. വിമതര്‍ക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡി സഭയിലെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഭ ചേര്‍ന്നയുടന്‍ മുഖ്യമന്ത്രി കുമാരസ്വാമി ഒറ്റവരി വിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ തനിക്ക് സാധിക്കും. കോടതിക്കെതിരെ ഒരു വാക്ക് പോലും ഞാന്‍ പറയില്ല. സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഏത് വെല്ലുവിളി നേരിടാനും തയ്യാറാണ്.

വിമതര്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. ബിജെപിയാണ് അവര്‍ക്ക് പിന്നില്‍. കുതിരക്കച്ചവടമാണ് നടന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദേശം ഇതിന് പിന്നിലുണ്ട്. സഖ്യ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് അദ്ദേഹം പറഞ്ഞതാണെന്നും കുമാരസ്വാമി പറഞ്ഞു. സഖ്യം നിലനില്‍ക്കുന്നുണ്ടോ എന്നതിനേക്കാള്‍ പ്രധാനം ഇതിലെ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരിക എന്നതിലാണ്. ജനാധിപത്യത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന ഈ ഗൂഢാലോചന ചര്‍ച്ച ചെയ്യപ്പെടേണ്ടത് നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സംസാരിച്ചതിന് പിന്നാലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ വിപ്പ് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവില്‍ സ്പീക്കര്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് ബാധകമായിരിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചത്. വിമത എംഎല്‍എമാരുടെ കാര്യത്തില്‍ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തീരുമാനം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കൃഷ്ണ ബൈര ഗൗഡയും എച്ച്.കെ പാട്ടീലും ആവശ്യപ്പെട്ടു. ബിജെപി അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു.

ഇതിനിടെ വിശ്വാസ പ്രമേയവും വോട്ടെടുപ്പ് പ്രക്രിയയകളും ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് ബിജെപി നേതാവ് യദ്യൂരപ്പ സ്പീക്കറോട് ആവശ്യപ്പെട്ടു. വിശ്വാസ പ്രമേയത്തിലുള്ള വാദപ്രതിവാദങ്ങള്‍ കര്‍ണാകട വിധാന്‍ സൗധയില്‍ തുടരുകയാണ്. വിപ്പ് ലംഘിച്ചതിന് അയോഗ്യരാക്കിയാല്‍ വിമതര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനിടയുണ്ട്. അങ്ങനെയെങ്കില്‍ വീണ്ടും കര്‍ണാടക രാഷ്ട്രീയം കോടതി കയറും.

എംഎല്‍എമാരെ അയോഗ്യരാക്കിയാലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ ഭൂരിപക്ഷം തികയ്ക്കാനാകാതെ പുറത്തുപോകാനാണ് എല്ലാ സാധ്യതയും.

Top