ബെംഗളൂരു:ചാണക്യ തന്ത്രങ്ങളുമായി കർണാടക പിടിക്കാൻ മോദി വരുന്നു .അവസാന ലാപ്പിൽ മോഡി തരംഗത്തിലൂടെ മേൽക്കൈ നേടാനാകുമെന്ന വിലയിരുത്തലിലാണ് ബിജെപി . കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരമാണ് നടക്കാനിരിക്കുന്നതെന്ന് അഭിപ്രായ സർവേകൾ ചൂണ്ടിക്കാണിക്കുന്നത്. ബിജെപിയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രചാരണത്തിനെത്തുന്നത്. മെയ് ഒന്നുമുതലാണ് പ്രചാരണം ആരംഭിക്കുന്നത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് മോദി ദക്ഷിണേന്ത്യ സന്ദർശിക്കാനൊരുങ്ങുന്നത്. അഞ്ച് ദിവസത്തിനിടെ 12ലധികം റാലികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്നാണ് കരുതുന്നത്.
കർണാടകത്തിലെ ചാമരാജ്നഗറില്‍ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെ ശാന്തേമാരഹള്ളിയിൽ വെച്ത് നടക്കുന്ന പൊതുജനറാലിയിലാണ് മോദി ആദ്യം പങ്കെടുക്കുന്നത്. ശേഷം ഉഡുപ്പിയിലെ കൃഷ്ണമഠം സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങും. വൈകിട്ട് മൂന്ന് മണിക്ക് ഉഡുപ്പിയിലെ എജിഎം കോളേജ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന പരിപാടിയിലും മോദി പങ്കെടുക്കും. തുടർന്ന് ചിക്കോടിയില്‍ നടക്കുന്ന റാലിയിലും അദ്ദേഹം പങ്കെടുക്കും.
നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചെലവഴിച്ച സമയത്തേക്കാൾ കുറച്ച് സമയം മാത്രമേ ഓരോ സ്ഥലങ്ങളിലും മോദി ചെലവഴിക്കുകയുള്ളൂ. എന്നാൽ ഗുൽബർഗ്ഗ, ബെല്ലാരി, ബെംഗളൂരു എന്നിവിടങ്ങളിലും മെയ് മൂന്നിന് പൊതുജനറാലികളെ മോദി അഭിസംബോധന ചെയ്യും. മെയ് അഞ്ചിന് തുംകൂർ, ശിവമോഗ, ഹുബ്ബളി എന്നിവിടങ്ങളിലും മെയ് ഏഴിന് റായ് ച്ചൂര്‍, ചിത്രദുർഗ്ഗ, കോലാർ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പരിപാരികളിലും മോദി പങ്കെടുക്കും. മെയ് എട്ടിന് നടക്കുന്ന രണ്ട് പ്രചാരണങ്ങളോടെ മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും അവസാനിക്കും.
കര്‍ണാടകയിൽ സിദ്ധരാമയ്യയുടെ കീഴിലുള്ള കോൺഗ്രസിനെ പടിയിറക്കി അധികാരത്തിൽ തിരിച്ചെത്താനുള്ള നിർണായക തന്ത്രങ്ങളാണ് ബിജെപി പയറ്റിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരിക്കും പോരാട്ടമെന്നാണ് അഭിപ്രായ സർവേകളും ചൂണ്ടിക്കാണിക്കുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് മോദി നേരിട്ടെത്തി പ്രചാരണം നടത്തുന്നത് ബിജെപി അനുകൂല വികാരം ഉണ്ടാക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. നേരത്തെ ഏപ്രിൽ മാസത്തിൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും കര്‍ണാടക സന്ദർശിച്ചിരുന്നു. മതനേതാക്കളുമായും സമുദായ നേതാക്കളുമായും കുടിക്കാഴ്ച നടത്തിയാണ് ഷാ മടങ്ങിയത്. മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന യെദ്യൂരപ്പയെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിർണയിച്ചിട്ടുള്ളത്