മെയ് 17ന് എന്റെ സര്‍ക്കാര്‍ അധികാരമേല്‍ക്കും’ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സത്യപ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ച് യെദ്യൂരപ്പ

ബംഗളുരു: രാജ്യം ഉറ്റു നോക്കുന്ന കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് സമാധാന പൂര്‍ണമായാണ് പുരോഗമിക്കുന്നത്. രാവിലെ 11 വരെ 24 ശതമാനം പോളിംഗ് രേഖപ്പെടുത്തി.ആർആർ നഗറിൽ ചെറിയ സംഘർഷം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തതിനെത്തുടർന്ന് ആർആർ നഗറിലെ വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. ബിജെപി സ്ഥാനാർഥിയുടെ മരണംമൂലം ജയനഗര മണ്ഡലത്തിലെയും വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു.

224 മണ്ഡലങ്ങളിലായി 2,600 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 4.98 കോടി വോട്ടർമാരാണ് കർണാടകയിൽ ഉള്ളത്. ഭരണകക്ഷിയായ കോൺഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. സ്വാധീനം നിലനിർത്താൻ ജെഡി-എസും ശക്തമായി രംഗത്തുണ്ട്. ചൊവ്വാഴ്ചയാണ് ഫലപ്രഖ്യാപനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കര്‍ണാടക വോട്ടെടുപ്പ് പുരോഗമിക്കവെ സത്യപ്രതിജ്ഞാ തിയ്യതി പ്രഖ്യാപിച്ച് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ. മെയ് 17 ന് താന്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് യെദ്യൂരപ്പ് മാധ്യമങ്ങളോട് പറഞ്ഞത്.

ശിക്കാരിപുരയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് യെദ്യൂരപ്പ. ‘തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ 15ന് തന്നെ ഞാന്‍ ദല്‍ഹിയില്‍ പ്രധാനമന്ത്രിയെ കാണാന്‍ പോകും. 17ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഞാന്‍ അദ്ദേഹത്തേയും മറ്റുള്ളവരേയും ക്ഷണിക്കും.’ എന്നാണ് യെദ്യൂരപ്പ പറഞ്ഞത്.

224 അംഗ നിയമസഭയില്‍ 145 മുതല്‍ 150 സീറ്റുകള്‍ വരെ തങ്ങള്‍ നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘സംസ്ഥാനം മുഴുവന്‍ മൂന്നുതവണ ഞാന്‍ പര്യടനം നടത്തി. വലിയ മാര്‍ജിനില്‍ വിജയിക്കുമെന്ന് 100% വിശ്വാസമുണ്ട്. ഈ വൈകുന്നേരം തന്നെ എക്‌സിറ്റ് പോള്‍ എന്തു പറയുന്നുവെന്ന് നിങ്ങള്‍ക്ക് കാണാം’ എന്നും അദ്ദേഹം പറഞ്ഞു.

2008ല്‍ കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലെത്തിയ സമയത്ത് 75കാരനായ യെദ്യൂരപ്പയായിരുന്നു മുഖ്യമന്ത്രി. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് 2011ലാണ് അദ്ദേഹം രാജിവെച്ചത്.

ഇന്നു രാവിലെയാണ് കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിന്റെ ഗതി പ്രവചിക്കാന്‍ വഴിയൊരുക്കുന്നതാകും ഈ തെരഞ്ഞെടുപ്പ്.

രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വച്ചതിനാല്‍ 222 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ഒരു നാമനിര്‍ദേശ സീറ്റ് ഉള്‍പ്പെടെ 225 സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. ബെംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നു തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് ആര്‍.ആര്‍ നഗറിലെ വോട്ടെടുപ്പ് 28ലേക്കു മാറ്റി, ഇവിടെ 31നാണു വോട്ടെണ്ണല്‍. ജയനഗര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ മരിച്ചതിനാല്‍ അവിടെയും തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.4.96 കോടിയിലേറെ വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. ഇതില്‍ 2.52 കോടി പുരുഷ വോട്ടര്‍മാരും 2.44 കോടി സ്ത്രീ വോട്ടര്‍മാരുമാണ്. 4552 പേര്‍ ട്രാന്‍സ്‌ജെന്ററുകളുമാണ്.55600ലേറെ വോട്ടിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

Top