ജെഎന്‍യു വിഷയത്തിലെ നിലപാടിന്റെ പേരില്‍ ടൈംസ് ഗ്രൂപ്പ് എഡിറ്ററും ടൈംസ് നൗ ചാനലിന്റെ ഗ്രൂപ്പ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെ കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ജെഎന്‍യുവിനെ താറടിച്ചുകൊണ്ടാണ് അര്‍ണാബിന്റെ ചാനല്‍ ചര്‍ച്ചകള്‍ എന്നതു തന്നെയാണ് ഇതിന് കാരണം. ഇങ്ങനെ കടുത്ത വിമര്‍ശനം നേരിടുന്ന അര്‍ണാബിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് സാമൂഹ്യ പ്രവര്‍ത്തകയും നിര്‍ഭയ സമരത്തിലെ മുന്‍നിരക്കാരിയുമായ കവിതാ കൃഷ്ണന്‍ രംഗത്തെത്തി.
ന്യൂസ് റൂമിന് പുറത്ത് ജെ.എന്‍.യു പോലൊരു വേദിയില്‍ അര്‍ണാബ് ഗോസ്വാമി സംവാദത്തിന് തയ്യാറുണ്ടോയെന്ന് കവിത ചോദിച്ചു. ന്യൂസ് എക്‌സ് ചാനലിലെ രാഹുല്‍ ശിവശങ്കറിനെയും സീ ന്യൂസിലെ സുധീര്‍ ചൗധരിയെയും കവിത സംവാദത്തിന് ക്ഷണിച്ചിട്ടുണ്ട്. ജെ.എന്‍.യു വിഷയത്തില്‍ നിങ്ങള്‍ നടത്തുന്ന ചര്‍ച്ചയിലെ വ്യാജ ഐ.ബി റിപ്പോര്‍ട്ടിനെക്കുറിച്ചും വ്യാജ വീഡിയോയെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുമെന്നും കവിത പറയുന്നു.
ജെ.എന്‍.യു വിഷയവുമായി ബന്ധപ്പെട്ട് നിങ്ങള്‍ നടത്തുന്ന ചര്‍ച്ചയിലെ വ്യാജ ഐ.ബി റിപ്പോര്‍ട്ടിനെ കുറിച്ചുംവ്യാജ വീഡിയോയെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയേണ്ടി വരുമെന്നും കവിത പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കവിതാ കൃഷ്ണന്റെ വെല്ലുവിളി ജെ.എന്‍.യുവിലെ വ്യാജ വീഡിയോയെ കുറിച്ചും എ.ബി.വി.പിക്കാര്‍ രോഹിത് വെമുല മര്‍ദ്ദിച്ചെന്ന് പറഞ്ഞ് അപ്പന്റിക്‌സ് ഓപ്പറേഷന്‍ നടത്താനായി ആശുപത്രിയില്‍ കിടന്ന എ.ബി.വി.പിക്കാരന്റെ തന്ത്രവും തമ്മില്‍ എങ്ങനെ ബന്ധപ്പെടുന്നു എന്നും നിങ്ങള്‍ തന്നെ അവിടെ വിശദീകരിക്കണമെന്നും കവിത പറുന്നു.
ജെ.എന്‍.യുവിനെ താറടിച്ച് കാണിച്ചും വിദ്യാര്‍ത്ഥികളെ പ്രതിഷേധത്തിന്റെ കനലില്‍ എരിയിച്ചും അര്‍ണബ് ഗോസ്വാമിയും രാഹുല്‍ ശിവശങ്കറും സൗധീര്‍ ചൗധരിയും എങ്ങനെ ഓരോ രാത്രികളിലും സുഖമായി കിടന്നുറങ്ങുന്നു എന്നറിയാന്‍ ഈ ജനതയ്ക്ക്താത്പര്യമുണ്ടെന്നും കവിത കൃഷ്ണന്‍ പറയുന്നു. ഇത്തരം ചോദ്യങ്ങള്‍ നേരിടാന്‍ നിങ്ങള്‍ തയ്യാറുണ്ടോ ഇല്ല എന്നാണ് മറുപടിയെങ്കില്‍ കാപട്യംനിറഞ്ഞ വിധിന്യായങ്ങള്‍ ചാനലിനകത്തിരുന്ന് കൊണ്ട് ഇനി മേലില്‍ നടത്തരുതെന്നാണ് പറയാനുള്ളത്. നിങ്ങളുടെ അഭിമാനമാണ് അവിടെ നഷ്ടപ്പെടുന്നത്.
നിങ്ങള്‍ ഒരുകള്ളനാണ്, അതില്‍ നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാന്‍ ഇല്ലായിരിക്കാം. എന്നാല്‍ യുവതലമുറുടെ ഭാവിയെ അത് വല്ലാതെ ബാധിക്കുമെന്നും കവിതാകൃഷ്ണന്‍ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചക്കിടെ അവതാരകന്‍ അര്‍ണബ് ഗോസ്വാമി വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികളെന്ന് അഭിസംബോധന ചെയ്യുകയും സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്നു.
ഡല്‍ഹിയില്‍ 23 കാരിയെ ബസില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി ക്രൂരമായി വധിച്ച സംഭവത്തെ തുടര്‍ന്നു ദില്ലീത്തെരുവുകളില്‍ ജനങ്ങള്‍ ഒഴുകിയെത്തി രാപ്പകല്‍ ഭേദമില്ലാതെ നടത്തിയ പ്രക്ഷോഭത്തെ കൃത്യമായ ദിശാബോധം നല്‍കി ശക്തമായി നയിക്കുന്നതില്‍ കവിത നിര്‍ണ്ണായക പങ്കു വഹിച്ചിരുരുന്നു. തുടര്‍ന്ന് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ രാജ്യത്തു വളര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളുടെ മുന്നിലും കവിതയുണ്ട്.
ദില്ലീപ്രക്ഷോഭത്തിനിടെ, ‘പെണ്‍കുട്ടികള്‍ എന്തിനാണ് ആറ് മണിക്ക് ശേഷം പുറത്തിറങ്ങുന്നതെന്ന’ അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ പ്രസ്താവനക്കെതിരെ നടന്ന പ്രതിഷേധത്തില്‍ കവിത ആഞ്ഞടിച്ചത് നിമിഷങ്ങള്‍ക്കകം യൂ റ്റിയൂബില്‍ വൈറലായിരുന്നു ‘മകളോടൊപ്പം സെല്‍ഫി’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമ്പയിനെതിരായ പ്രതിഷേധത്തില്‍ മുന്നില്‍നിന്ന കവിത മതമൗലികതാവാദികളുടെ രൂക്ഷമായ അധിക്ഷേപത്തിന് ഇരയായിരുന്നു. ഇവര്‍ക്കെതിരായ ആക്രമണം ഇപ്പോഴും തുടരുകയാണ്.
ഓള്‍ ഇന്ത്യ പ്രോഗ്രസിവ് വിമന്‍സ് അസോസിയേഷന്‍ സെക്രട്ടറിയും സിപിഐ.(എം.എല്‍) പൊളിറ്റ് ബ്യൂറോ അംഗവും ‘ലിബറേഷ’ന്റെ പത്രാധിപയും ആയ കവിത അവരുടെ പാര്‍ട്ടിയെക്കൂടി ഉള്‍പ്പെടുത്തി അടുത്തിടെ വിപുലീകരിച്ച ലെഫ്റ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ പ്രതിനിധിയാണ് കവിത