ദിലീപിന്റെ അറസ്റ്റ്: വാര്‍ത്തറയറിഞ്ഞ് തകര്‍ന്ന് കാവ്യാ മാധവന്‍.മഞ്ജു വാര്യര്‍ പൊട്ടിക്കരഞ്ഞു !

ആലുവ: ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ ‘പത്മസരോവരം’ വീട്ടില്‍ മൗനിയായി കാവ്യ മാധവന്‍. നടിയെ ആക്രമിച്ച കേസില്‍ ഇന്നലെ രാവിലെ ദിലീപിനെ രഹസ്യ കേന്ദ്രത്തിലേക്ക് വിളിച്ചിരുത്തി പൊലീസ് ചേദ്യം ചെയ്ത ശേഷം വൈകിട്ട് ആറ് മണിയോടെയാണ് അറസ്റ്റ് ചെയ്തത്. രാവിലെ ദിലീപ് വീട്ടില്‍ നിന്നും പോകുമ്ബോഴൊന്നും പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭാര്യ കാവ്യ മാധവന്‍ പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം ശുഭകരമായി അവസാനിക്കുമെന്നാണ് ദിലീപ് കാവ്യയെ ധരിപ്പിച്ചിരുന്നത്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളൊന്നും വിശ്വസിക്കേണ്ടെന്നും സിനിമാ മേഖലയിലുള്ള ശത്രുക്കളാണ് വാര്‍ത്തകള്‍ക്കെല്ലാം പിന്നിലെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു ഇതുവരെ.

എന്നാല്‍, ഇന്നലെ വൈകിട്ട് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ചാനലുകളില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കാവ്യ മാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും തകര്‍ന്ന് പോയി. ദിലീപിന്റെ മാതാവ് സരോജവും സിനിമാ നിര്‍മ്മാതാവ് കൂടിയായ അനൂപ്, ഭാര്യ എന്നിവരും കൊട്ടാരക്കടവിലെ വീട്ടിലുണ്ടായിരുന്നു. ഇന്നലെ രാത്രിയും രാവിലെയുമൊന്നും വീട്ടില്‍ ആരും ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം, അറസ്റ്റ് വിവരം അറിഞ്ഞയുടന്‍ ആദ്യഭാര്യ മഞ്ജുവാര്യര്‍ പൊട്ടിക്കരഞ്ഞുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു മഞ്ജു. വാര്‍ത്ത വന്ന ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് നിറുത്തി വച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കാവ്യയുടെ നടിയെ ആക്രമിച്ചതിനുശേഷം മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) കാവ്യ മാധവന്റെ ഉടമസ്ഥതയില്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന ലക്ഷ്യയില്‍ എത്തിയതായി തെളിവുകള്‍ അടക്കം പൊലീസിന് ലഭിച്ചു. ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ഏറ്റവും നിര്‍ണായകമായ തെളിവായി പൊലീസിന് കിട്ടിയതും സുനി ലക്ഷ്യയില്‍ എത്തിയെന്നതാണ്. നേരത്തെ ലക്ഷ്യയില്‍ പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും പൊലീസിന് കിട്ടിയിരുന്നില്ലെങ്കിലും സമീപത്തെ കടയിലെ സിസിടിവിയില്‍ സുനി ലക്ഷ്യയിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് പൊലീസിന് അപ്രതീക്ഷിത തെളിവായി മാറിയത്. ലക്ഷ്യയില്‍ നിന്നും രണ്ടുലക്ഷം രൂപ സുനി വാങ്ങിയതായും പിന്നീട് പൊലീസിന് കണ്ടെത്താന്‍ സാധിച്ചു. നേരത്തെ ലക്ഷ്യയില്‍ പരിശോധന നടത്തിയസമയത്ത് രണ്ട് ലക്ഷം രൂപയുടെ ഷോര്‍ട്ടേജ് കണക്കുകളില്‍ പൊലീസ് കണ്ടെത്തിയിരുന്നുവെന്നും ഇതിനു കൃത്യമായ മറുപടി പറയാന്‍ സ്ഥാപനത്തിലുള്ളവര്‍ക്ക് സാധിച്ചിരുന്നില്ലെന്നും വാര്‍ത്തയുണ്ടായിരുന്നു. ഈ രണ്ടുലക്ഷം രൂപ സുനിക്ക് നല്‍കിയതാണെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്.

നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്നായിരുന്നു പൊലീസ് സംശയിച്ചത്. എന്നാല്‍ ഇങ്ങനെയൊരു മെമ്മരി കാര്‍ഡ് പൊലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതോടെ വീണ്ടും സംശയങ്ങള്‍ മാത്രമായി പൊലീസ് മുന്നോട്ടു പോകുന്നതിനിടയിലാണ് സമീപത്തുള്ള സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നത്. ഈ ദൃശ്യങ്ങളിലാണ് സുനി ലക്ഷ്യയിലേക്കു പോകുന്നത് പതിഞ്ഞിരിക്കുന്നത്. സുനിയെ അറിയില്ലെന്നും ജീവിതത്തില്‍ ഒരുതവണപോലും കണ്ടിട്ടില്ലെന്നും ദിലീപ് തുടക്കം മുതല്‍ പറഞ്ഞിരുന്നെങ്കിലും പൊലീസ് ഇതു വിശ്വാസത്തില്‍ എടുത്തിരുന്നില്ല. ഒടുവില്‍ അവരുടെ സംശയംപോലെ തന്നെ സുനിക്കും ദിലീപിനും തമ്മില്‍ ബന്ധമുണ്ടെന്നു തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞതോടെയാണ് ദിലീപ് അറസ്റ്റിലായത്.

Top