കൊച്ചി: സരിത എസ് നായര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വാസ്തവവിരുദ്ധമെന്ന് മുന്‍മന്ത്രി കെസി ജോസഫ്. ലക്ഷ്മി നായര്‍ എന്ന പേരിലാണ് സരിതയെ പരിചയപ്പെട്ടത്. സരിതയുമായി ഔദ്യോഗികമായി മാത്രമേ സംസാരിച്ചിട്ടുള്ളൂ. ഒരു മിനുറ്റില്‍ താഴെയുള്ള നാല് ഫോണ്‍ കോളുകള്‍ മാത്രമാണ് താനും സരിതയും നടത്തിയിട്ടുള്ളൂവെന്നും കെസി ജോസഫ് പറയുന്നു.
ജസ്റ്റിസ് ജി ശിവരാജന്‍ കമ്മിഷനില്‍ കെസി ജോസഫ് മൊഴി നല്‍കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയില്‍വെച്ചും പിന്നീട് ദില്ലിയില്‍ വെച്ചും സരിതയെ താന്‍ കണ്ടിട്ടുണ്ടെന്ന സരിത കമ്മിഷനില്‍ മൊഴി നല്‍കിയത് പച്ചക്കള്ളമാണ്. ആകെ രണ്ടു തവണയെ താന്‍ സരിതയെ നേരിട്ട് കണ്ടിട്ടുള്ളൂ. എല്ലാ ജില്ലകളിലും ഓരോ പട്ടികവര്‍ഗ കോളനിയില്‍ സോളാര്‍ വൈദ്യുതീകരണ പദ്ധതി സൗജന്യമായി നടപ്പാക്കുമെന്ന വാഗ്ദാനവുമായി ടീ സോളാര്‍ കമ്പനിയുമായാണ് സരിത എത്തിയത്.
അത്തരത്തിലൊന്ന് തന്റെ മണ്ഡലത്തില്‍ നടപ്പാക്കുന്നതിനായാണ് സരിതയെ വിളിച്ചതെന്ന് ജോസഫ് പറയുന്നു. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് ക്ഷണിക്കാനെത്തിയപ്പോഴാണ് സരിതയെ ആദ്യമായി നേരിട്ട് കണ്ടത്. പിന്നീട് പദ്ധതിയുടെ ഉദ്ഘാടനദിവസും. പദ്ധതി മണ്ഡലത്തില്‍ നടത്തുന്നതിനപ്പറ്റി സംസാരിക്കുന്നതിനാണ് സരിതയെ വിളിച്ചതെന്നും കെസി ജോസഫ് വ്യക്തമാക്കി.