ആലക്കോട് : ജനരോഷം കടുക്കുന്നു .ഇരിക്കൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. ജോസഫ് നെല്ലിക്കുന്ന് മേഖലയിലെ കുടുംബയോഗങ്ങളില്‍ പങ്കെടുത്തില്ല.ഈ ഭാഗത്തെ റോഡ് വിഷയത്തിലുള്ള ജനരോഷം ഭയന്നാണ് ജോസഫ് പങ്കെടുക്കാതിരുന്നെന്ന് സൂചനയുണ്ട്. മന്ത്രി വരുമെന്നറിഞ്ഞ് കുടുംബശ്രീ പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ വിവിധ കേന്ദ്രങ്ങളില്‍ കാത്തുനിന്നിരുന്നു. ആലക്കോട്–നെല്ലിക്കുന്ന്– പാത്തന്‍പാറ റോഡ് വര്‍ഷങ്ങളായിട്ടും ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ചു നെല്ലിക്കുന്ന് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെയുള്ള നൂലിട്ടാമല, നെല്ലിക്കുന്ന്, മോറാനി, മേലോരുംതട്ട് എന്നിവിടങ്ങളില്‍ കുടുംബയോഗങ്ങള്‍ നടത്താനായിരുന്നു പദ്ധതി. അതേസമയം മന്ത്രി ഇവിടെ എത്തിയാല്‍ സ്ഥിതി മോശമാകുമെന്ന് മന്ത്രിയെ അറിയിച്ചുവത്രെ. ഇതേ തുടര്‍ന്നാണ് കുടുംബയോഗങ്ങള്‍ നടത്തുന്നതില്‍ നിന്നും മന്ത്രി പിന്‍മാറിയതെന്നാണ് സൂചനകള്‍ .
ഇതിനു മുന്‍പ് ഇരിക്കൂര്‍ മണ്ഡലത്തില്‍ പ്രദേശവാസികളുടെ പ്രതിഷേധം ഭയന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെസി ജോസഫിന് പുറത്തിറങ്ങാന്‍ കഴിയാത്ത സഹചര്യമുണ്ടായതായി വാര്-ത്തകള്‍ പടര്‍ന്നിരുന്നു.കുറച്ചു ദിവസങ്ങങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായ തെര്‍മലയില്‍ മരണവീട് സന്ദര്‍ശനത്തിനെത്തിയ കെസി ജോസഫിനെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
35 വര്‍ഷമായി താറുമാറായി കിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടികാട്ടിയാണ് പ്രദേശവാസികള്‍ ക്ഷുഭിതരായത്. റോഡ് എന്ത് കൊണ്ട് നന്നാക്കിയില്ല എന്ന് ചോദ്യത്തിന് നന്നാക്കാം എന്നായിരുന്നു മന്ത്രികൂടിയായ സ്ഥാനാര്‍ത്ഥിയുടെ മറുപടി. ഇനി റോഡ് നിങ്ങള്‍ നന്നാക്കേണ്ടതില്ല എന്ന ബഹളം വച്ച് യുവാക്കളടങ്ങുന്ന സംഘം കെസി ജോസഫിനെ മരണവീട്ടിലേക്ക് കടത്തി വിട്ടില്ല. ഒടുവില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ പോലുമാകാതെ കെസി ജോസഫ് മടങ്ങുകയായിരുന്നു. ഇരിക്കൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പ്രവര്‍ത്തകരുടെയും നിരാശ പ്രതിഫലിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന ഈ സംഭവം.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ പല മേഖകളിലും ഇപ്പോഴും പോസ്റ്ററുകള്‍ പോലും ഒട്ടിചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്ന പ്രവര്‍ത്തകരാകട്ടെ ഇത്തവണ പരാജയം സമ്മതിച്ച തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും.
35 വര്‍ഷക്കാലം ഇരിക്കൂറിന്റെ എംഎല്‍എ ആയി തുടരുന്ന ജോസഫിനെ ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തു വന്നതോടെയായിരുന്നു പ്രതിഷേധം തുടങ്ങിയിരുന്നത്. പിന്നീട് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ജോസഫിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ പിടിവാശിയ്ക്കു മുന്നില്‍ ഹൈക്കമാന്‍ഡ് കൂടി മുട്ടുമടക്കിയതോടെയാണ് കെസി സ്ഥാനാര്‍ത്ഥിയായത്.കെ സി ജോസഫിനെതിരെ അതിരൂക്ഷമായ സോഷ്യല്‍ മീഡിയ പ്രചരണം നടക്കുന്നുണ്ട്. കെ സിയെ വേണ്ട എന്ന വിധത്തിലുള്ള ഫേസ്ബുക്ക് പേജുകളില്‍ പതിനായിരങ്ങള്‍ അംഗങ്ങളാണ് താനും. ഇവരെല്ലാം തന്നെ കെസിയുടെ വികസന വാദങ്ങളെ തള്ളിയുള്ള ചര്‍ച്ചകളാണ് ഇവിടെ കെസി വീണ്ടും മത്സരിക്കരുതെന്നും അഭിപ്രായങ്ങല്‍ നിറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കെ സി ജോസഫ് കോണ്‍ഗ്രസ് അനുകൂലി കൂടിയായ യുവാവിനെതിരെ കേസ് നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
വ്യാജ വാര്‍ത്ത ചമച്ചുവെന്നാരോപിച്ച് ഐപിസി 171 ജി, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഐപിസി 153 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ബിനോയിക്കെതിരെ കേസെടുത്തിരിക്കുന്നത്.കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട യുവാവിനൊപ്പം നൂറ് കണക്കിന് പേര്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ബിനോയിക്കെതിരെ കേസെടുത്തെങ്കില്‍ സമാനമായ കുറ്റം ചെയ്ത പതിനായിരങ്ങള്‍ ഉണ്ട്. അതുകൊണ്ട് തങ്ങള്‍ക്കെതിരെയും കേസെടുക്കണം എന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇങ്ങനെ വരുന്നതോടെ എന്തു നടപടി എടുക്കണമെന്ന് പൊലീസും ആശയക്കുഴപ്പത്തിലാണ്.
കഴിഞ്ഞ ദിവസം കെ സി ജോസഫിനെ വികസന നായകനാക്കി മുഖ്യമന്ത്രി ഇട്ട ഫേസ്ബുക്ക് പോസ്റ്റിലും കടുത്ത എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. കെസി ജോസഫിനെ ഇരിക്കൂറിന് വേണ്ടെന്ന് പറഞ്ഞ് നിരവധി പേര്‍ കമന്റുകള്‍ ഇട്ടു. വികസന നായകനാണെങ്കില്‍ സ്വന്തം നാട്ടില്‍ പോയി മത്സരിക്കട്ടെ, അല്ലാതെ, ഒരുവാടക വീടു പോലുമില്ലാത്ത കെ സി ഇരിക്കൂറില്‍ വേണ്ടെന്നുമായിരുന്നു കമന്റുകള്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ‘പൂച്ചയ്ക്ക് ആര് മണികെട്ടും എന്ന അര്‍ത്ഥത്തില്‍ ‘ഇരിക്കൂര്‍ ഹു വില്‍ ബെല്‍ ദ കാറ്റ്’ എന്ന ഫെയ്ബൂക്ക് കൂട്ടായ്മയും പ്രവര്‍ത്തിക്കുന്നുണ്ട്. കെസി ജോസഫിനെതിരായ പ്രചരണമാണ് ഈ കൂട്ടായ്മയില്‍ നടക്കുന്നത്.