കടൽ കിഴവന്മാർ ഭരിക്കുന്ന കോൺഗ്രസിൽ വിജയം ബാധ്യതയായ ഒരാൾ: കെ.സി ജോസഫിനെപ്പറ്റി മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വൈറൽ

കൊച്ചി: കടൽക്കിഴവന്മാർ ഭരിക്കുന്ന കോൺഗ്രസ് പാർട്ടിയിൽ വിജയം ബാധ്യതയാകുന്ന ഒരാൾ…! മുൻ മന്ത്രിയും വർഷങ്ങളോളം ഇരിക്കൂർ എം.എൽ.എയുമായിരുന്ന കെ.സി ജോസഫിനെപ്പറ്റിയുള്ള സാമൂഹ്യ പ്രവർത്തകനും ഡിസാസ്റ്റർ മാനേജ്മെൻ്റ് വിദഗ്ധനുമായ മുരളി തുമ്മാര്കുടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജനപ്രതിനിധിയാകാനുള്ള അൻപതാം വർഷത്തിലേക്ക് കടക്കാനിരിക്കെ ഇക്കുറി കെ സി ജോസഫിന് സീറ്റില്ല. ഇതാണ് മുരളിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിൽ വിഷയമായിരിക്കുന്നത്.

മുരളി തുമ്മാര്കുടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിജയം ബാധ്യതയാകുന്ന ഒരാൾ…

വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിന് സീറ്റ് ഒന്നും കിട്ടിയില്ലെങ്കിലും പുറത്തു വരുന്ന സ്ഥാനാർഥി പട്ടികകൾ ഒക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ !!സി പി എമ്മിന്റെ ലിസ്റ്റിൽ മാതൃകാപരമായി പലതുമുണ്ട്. നന്നായി പ്രവർത്തിക്കുന്നവരും നല്ല ജയാ സാധ്യത ഉള്ളവരും പേര് കേട്ടവരും ആയ ശ്രീ തോമസ് ഐസക്കും ശ്രീ ജി സുധാകരനും ഉൾപ്പടെ ഉള്ളവർ ലിസ്റ്റിൽ ഇല്ല. മൂന്നു തവണയിൽ കൂടുതൽ ജയിച്ചവർ വേണ്ട എന്നോ മറ്റോ ആണവിടുത്തെ നിബന്ധന എന്ന് തോന്നുന്നു. നല്ല കാര്യമാണ്. പുതിയ ആളുകൾക്ക് അവസരം ഉണ്ടാകും, പാർട്ടിയേക്കാൾ വലുതാകുന്ന നേതാക്കൾ കുറയും. പാർട്ടിക്കും നാടിനും നല്ലതാണ്.

കോൺഗ്രസ്സിന്റെ ലിസ്റ്റ് വരുന്നതേ ഉള്ളൂ. പക്ഷെ കേട്ടിടത്തോളം അവിടുത്തെ നിബന്ധനകൾ വ്യത്യസ്തമാണ്. എല്ലാ എം എൽ എ മാരും വീണ്ടും മത്സരിക്കും, അവർ എത്ര തവണ മത്സരിച്ചവരോ ജയിച്ചവരോ ആണെങ്കിലും. സിറ്റിംഗ് എം പി മാർക്ക് സീറ്റ് ഇല്ല.രണ്ടു തവണയിൽ കൂടുതൽ തോറ്റവർക്ക് വീണ്ടും സീറ്റ് കൊടുക്കുകയുമില്ല.

ഏറ്റവും മാതൃകാപരം എന്ന് പറയാൻ പറ്റില്ല. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. കോൺഗ്രസിന് ഇതൊരു നിലനിൽപ്പിന്റെ പ്രശ്നമാണ്. അപ്പോൾ വിജയ സാധ്യത മാത്രമാണ് മുഖ്യം, ബിഗിലെ. പോരാത്തതിന് സിറ്റിംഗ് എം എൽ എ മാരുടെ എണ്ണം അത്ര വലുതല്ല, അപ്പോൾ പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും ഒക്കെ സീറ്റുകൾ കൊടുക്കണമെങ്കിൽ ധാരാളം വേറെ ഉണ്ട്.പക്ഷെ ഈ നിബന്ധനകളിൽ ഒന്നും പെടാഞ്ഞിട്ടും സീറ്റ് ഇല്ലാത്ത ഒരാളുണ്ട് എന്നാണ് കേൾക്കുന്നത്.

ശ്രീ കെ സി ജോസഫ്,

കോൺഗ്രസിന്റെ മുൻ മന്ത്രിയാണ്, തൊള്ളായിരത്തി എൺപത്തി രണ്ടുമുതൽ തുടർച്ചയായി ഇരിക്കൂർ മണ്ഡലത്തിൽ നിന്നും വിജയിക്കുന്ന എം എൽ എ യും ആണ്.

അദ്ദേഹത്തിന് സീറ്റ് ഇല്ല എന്നാണ് വാർത്തകൾ വരുന്നത്.

ട്രോൾ കാലത്തെ സിനിമ ഡയലോഗ് പോലെ

“കോൺഗ്രസ്സ്, നിങ്ങളെ എനിക്ക് മനസ്സിലാകുന്നില്ല”

എന്താണ് ശ്രീ കെ സി ജോസഫിന്റെ അയോഗ്യത ?

അദ്ദേഹം സിറ്റിംഗ് എം എൽ എ അല്ലേ ?

അദ്ദേഹം രണ്ടു പ്രാവശ്യം തോറ്റോ ?

അദ്ദേഹം എം പി ആണോ ?

എം എൽ എ എന്ന നിലയിൽ ബാക്കിയുള്ള പത്തൊമ്പത് പേരെ അപേക്ഷിച്ച് അദ്ദേഹം ഏതെങ്കിലും തരത്തിൽ പുറകിലാണോ ?

മന്ത്രിയായിരുന്ന കാലത്ത് അഴിമതി, സ്വജന പക്ഷപാതം, സ്ത്രീ വിഷയം എന്നിവ എന്തെങ്കിലും വിവാദത്തിൽ പെട്ടോ

ഒന്നുമില്ല.

പുറത്തു നിന്നും കാണുന്നിടത്തോളം അദ്ദേഹം “സ്ഥിരമായി ജയിക്കുന്നു” എന്നതാണ് അയോഗ്യത.

ഇതിപ്പോൾ തുടങ്ങിയതല്ല. വെള്ളിമൂങ്ങ സിനിമയിൽ ഒക്കെ “എത്ര നാളയെടോ, ആളുകൾ മടുത്തുകാണും” എന്നൊക്കെ ഇരിക്കൂർ എം എൽ എ പ്പറ്റി ഡയലോഗ് അടിക്കുന്നുണ്ട്. അതൊക്കെ സിനിമാക്കാർ പറയുന്നതാണ്, നാട്ടുകാർ പറയുന്നതല്ലോ. തിരഞെടുപ്പിന് നിന്നപ്പോൾ ഒക്കെ നാട്ടുകാർ അദ്ദേഹത്തെ ജയിപ്പിച്ചിട്ടേ ഉള്ളൂ.

ഒരു പഞ്ചായത്ത് വാർഡിൽ എങ്കിലും മത്സരിച്ചിട്ടുള്ളവർക്കോ അത് സൂക്ഷിച്ച് ശ്രദ്ധിച്ചിട്ടുള്ളവർക്കോ അറിയാം, ജനങ്ങളുടെ വോട്ട് മേടിച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

“സാർ സംഭവം ആണ്” എന്നൊക്കെ പറയാൻ എത്ര ആളെ വേണമെങ്കിലും കിട്ടും. പക്ഷെ ഇലക്ഷന് നിൽക്കുമ്പോൾ വിവരം അറിയും.

കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ അതി പ്രശസ്തർ പലരും തിരഞെടുപ്പിന് നിന്ന് ഒരിക്കൽ പോലും ജനപിന്തുണ കിട്ടാതെ വന്നിട്ടുണ്ട്.

ഒരിക്കൽ വലിയ ഭൂരിപക്ഷം ഒക്കെ കിട്ടി ജയിച്ച ആൾ പിൽക്കാലത്ത് തോറ്റ് തുന്നം പാടിയതും നമ്മൾ കണ്ടിട്ടുണ്ട്.

അപ്പോൾ ഏതാണ്ട് നാല്പത് വർഷക്കാലമായി ഒരു പ്രദേശത്തെ ജനങ്ങളുടെ വോട്ട് നേടി ജയിക്കുക എന്നത് നിസ്സാരമായ കാര്യമല്ല.

ഓരോ പാർട്ടികളും ആരെ സ്ഥാനാർത്ഥിയാക്കുന്നു, അതിന് എന്തൊക്കെ മാനദണ്ഡങ്ങൾ വക്കുന്നു എന്നതൊക്കെ ആ പാർട്ടിയുടെ കാര്യം മാത്രമാണ്.

ശ്രീ കെ സി ജോസഫിനെ എനിക്ക് ഒട്ടും പരിചയമില്ല. ഒരിക്കൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ശ്രീ ഉമ്മൻ ചാണ്ടിയുടെ കൂടെ പോകുന്നത് കണ്ടിട്ടുണ്ട് അത്ര മാത്രം.

എന്നാലും അദ്ദേഹത്തിന് സീറ്റ് കിട്ടാത്തതിൽ എനിക്കൊരു വിഷമം ഉണ്ട്.

പിന്നെ ഒരാൾ മരിച്ചാൽ അയാളുടെ ബന്ധുക്കളെക്കാൾ കൂടുതൽ അടുത്ത വീട്ടിലെ ആളുകൾ കരയരുത് എന്ന് ഏതാണ്ട് അർഥം വരുന്ന ഒരു ആഫ്രിക്കൻ പഴംചൊല്ലുണ്ട് (
‘Don’t cry more than the bereaved’ ). അതുകൊണ്ട് ഞാൻ ഓവറാക്കുന്നില്ല.

ശ്രീ കെ സി ജോസഫിനെ സംബന്ധിച്ചിടത്തോളം സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും വിഷമിക്കാനൊന്നുമില്ല, അഭിമാനിക്കാൻ ഏറെ ഉണ്ട് താനും. മുപ്പത്തി ഒമ്പത് വർഷം എം എൽ എ ആയിരിക്കുന്നത്, എട്ടു പ്രാവശ്യം ജനങ്ങളുടെ ഭൂരിപക്ഷ പിൻതുണ നേടുന്നത്, മന്ത്രിയായിട്ടും ചീത്തപ്പേര് ഉണ്ടാകാതിരിക്കുന്നത്, സീറ്റ് കിട്ടിയില്ലെങ്കിൽ മറുകണ്ടം ചാടുമെന്ന് ഭീഷണിപ്പെടുത്തുകയോ മറ്റുള്ളവർ സംശയിക്കുകയോ ചെയ്യാതിരിക്കുന്നത്, ഇതൊക്കെ എല്ലാവർക്കും പറയാൻ പറ്റുന്ന കാര്യമല്ല.

ശ്രീ കെ സി ജോസഫിന് എല്ലാ ആശംസകളും

മുരളി തുമ്മാരുകുടി

Top