രാഷ്ട്രീയ ലേഖകൻ
ഇരിക്കൂർ: കോൺഗ്രസ് പ്രവർത്തകർക്കു വർഷങ്ങളായി നിരാശ മാത്രം സമ്മാനിച്ച് മൂന്നര പതിറ്റാണ്ട് പാർട്ടിയുടെ മാത്രം ബലത്തിൽ ഇരിക്കൂർ സീറ്റിൽ നിന്നും വിജയിച്ചു വന്ന കെ.സി ജോസഫ്, സീറ്റ് കുടുംബസ്വത്താക്കാൻ നീക്കം തുടങ്ങി. ഇത്തവണ തനിക്കു പകരം മകനെ മത്സരിപ്പിക്കാൻ നീക്കം നടത്തി പരാജയപ്പെട്ട കെ.സി, അടുത്ത തവണ മകനു സീറ്റ് ഉറപ്പിക്കാൻ വേണ്ടി മകൻ അശോക് ജോസഫിനെ തിരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് സജീവമാക്കി രംഗത്തിറക്കിയിരിക്കുകയാണ്.
ഇരിക്കൂർ നിയോജക മണ്ഡലത്തിലെ 90 ശതമാനം പൊതുപരിപാടികളിലും അശോക് ഇപ്പോൾ സജീവമാണ്.
മൂന്നര പതിറ്റാണ്ടായി ഇരിക്കൂറിന്റെ ജനപ്രതിനിധിയായ കെ.സി ജോസഫ് ഇക്കുറി തിരഞ്ഞെടുപ്പു രംഗത്തു നിന്നു മാറി നിൽക്കണമെന്നു പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ ആവശ്യം ഉന്നയിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞിരുന്നു. ഈ ആവശ്യം ഉന്നയിച്ചു പ്രവർത്തകർ ഹൈക്കമാൻഡിനെ അടക്കം സമീപച്ചിരുന്നു. ഇതേ തുടർന്നു താൻ ഇരിക്കൂർ സീറ്റിൽ നിന്നു മാറി നിൽക്കുന്നതിനായി കെ.സി ജോസഫ് മകനെ സ്ഥാനാർഥിയാക്കണമെന്ന നിബന്ധനയാണ് മുന്നോട്ടു വച്ചത്. എന്നാൽ, കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ കെ.സി ജോസഫിന്റെ നീക്കങ്ങളെല്ലാം പാളുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് കെ.സി ജോസഫ് ഇക്കുറി മകനെ പ്രചാരണ രംഗത്ത് ഒപ്പം നിര്‍ത്തുകയായിരുന്നു. ഇത്തവണ പ്രചാരണ രംഗത്ത് മകനെ നിര്‍ത്തി പരിചതനാക്കിയ ശേഷം അടുത്ത തവണ മകനു ഇരിക്കൂര്‍ സീറ്റ് ഉറപ്പിക്കുന്നതിനാണ് ഇപ്പോള്‍ കെ.സി ജോസഫ് നീക്കം നടത്തുന്നത്. ഇരിക്കൂറില്‍ വിമത സ്ഥാനാര്‍ഥിക്കു നേരെ നടന്ന ആക്രമണത്തിനടക്കം ആസൂത്രണം നടത്തിയതിനു പിന്നിലും കെ.സി ജോസഫും കൂട്ടരുമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെയും സജീവമായി രംഗത്തിറക്കിയിട്ടുണ്ട് കോണ്‍ഗ്രസ്. ഉമ്മന്‍ചാണ്ടിക്കു ശേഷം പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ പ്രചാരണ രംഗത്തിറക്കി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍കണ്ടു തന്നെയാണ്.