കോഴിക്കോട്:കേരളം പിടിക്കാന്‍ ബിജെപിയുടെ പടപ്പുറപ്പാടിനു കത്തി വെക്കുന്ന വിധത്തില്‍ ഗ്രൂപ്പ് വൈരം കേരളത്തിലെ ബിജെപിയില്‍ വളരുന്നതായി സൂചന.ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയാണ് ഇപ്പോള്‍ ബിജെപിയില്‍ ഗ്രൂപ്പ് പോര് രൂക്ഷമാക്കിയിരിക്കുന്നത്. സ്ഥാനമൊഴിയുന്ന സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ നേതൃത്വത്തിലുളള ഔദ്യോഗികപക്ഷവും പി.കെ.കൃഷ്ണദാസ് പക്ഷവുമാണ് പ്രസിഡന്റ് സ്ഥാനത്തിനായുളള നീക്കങ്ങള്‍ നടത്തുന്നത്. വി.മുരളീധരന്റെ കാലാവധി ഡിസംബറില്‍ അവസാനിക്കും. ജനുവരിയിലാണ് ദേശീയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. അതിനാല്‍ ഡിസംബറില്‍ തന്നെ കേരളത്തില്‍ ബിജെപി അധ്യക്ഷനെ തീരുമാനിക്കുമെന്നറിയുന്നു.
നിലവിലെ സംസ്ഥാന നേതൃത്വം പ്രഗല്‍ഭരല്ലെന്നതാണ് ദേശീയ നേതൃത്വത്തെ കുഴക്കുന്നത്. നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ ഗുണപ്രദമാക്കി മാറ്റുന്നതിനു പറ്റിയ നേതൃത്വം നിലവില്‍ സംസ്ഥാനത്തില്ലാത്തതും, വളര്‍ന്നു വരാത്തതിലും ദേശീയ നേതൃത്വം കടുത്ത അസംതൃപ്‌തിയും പ്രകടിപ്പിക്കുന്നുണ്ട്. കേരളത്തിലെ സംസ്ഥാന നേതൃത്വത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളിലും വിഭാഗീയത മുഴച്ചു നില്‍ക്കുന്നതിനുള്ള അസ്വസ്ഥത ബിജെപി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്.
എന്നാല്‍, നേതൃമാറ്റം എന്ന കൃഷ്‌ണദാസ് പക്ഷത്തിന്റെ ആവശ്യം തല്‌കാലം നടക്കാന്‍ സാധ്യതയില്ല. അഖിലേന്ത്യാ നേതാവ് ജെ.സതീശിന്റെ സഹായത്തോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആകുവാനും മുരളി പക്ഷത്തുള്ള രണ്ടാമനെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാക്കുവാനും നടത്തിയ നീക്കം പക്ഷേ ഫലപ്രദമായില്ല. അദ്ദേഹത്തിനു പൊതുസമൂഹത്തിലുള്ള വിശ്വാസ്യതക്കുറവും ഇദ്ദേഹത്തിനെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുമാണ് ഇപ്പോള്‍ ഇതേ സ്ഥാനത്ത് എത്തുന്നതിനു ഇദ്ദേഹത്തിനു തടസമായി നില്‍ക്കുന്നത്. എ.എന്‍ രാധാകൃഷ്‌ണനാണ് ഇപ്പോഴുള്ളതില്‍ ഏറ്റവും സാധ്യതയുള്ള വ്യക്തി.അതിനാല്‍ അടുത്ത പ്രസിഡന്റാവാന്‍ സാധ്യത കൂടുതല്‍ എ.എന്‍ രാധാക്രിഷ്ണനിലേക്ക് എത്തുന്നു.
ഇതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യവുമായി സി.കെ പത്മനാഭന്‍ പക്ഷത്തിനു അനുകൂലമായ ഫോര്‍മുലയുമായി ഔദ്യോഗിക പക്ഷം അഖിലേന്ത്യാ നേതൃത്വത്തെ സമീപിച്ചെങ്കിലും അനുകൂലമായ മറുപടിയല്ല ലഭിച്ചത്. ഇതു മാത്രമല്ല സി.കെ പത്മനാഭന്റെ താല്‌പര്യക്കുറവും ഇതിനു തടസമായി നില്‍ക്കുന്നുണ്ട്. മാത്രമല്ല അമിത്‌ഷായും കൃഷ്‌ണദാസും തമ്മിലുള്ള അടുപ്പം ഔദ്യോഗിക പക്ഷത്തെ അസ്വസ്ഥരാക്കുന്നുമുണ്ട്.
അതേസമയം തദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയ സാഹചര്യത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വി.മുരളീധരന്റെ കാലാവധി നീട്ടിയേക്കാനും സാധ്യതയുണ്ടെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നു. പ്രസിഡന്റ് സ്ഥാനത്ത് രണ്ട് തവണയായി ആറുവര്‍ഷം പാര്‍ട്ടിയെ മുരളീധരനാണ് നയിച്ചിരുന്നത്. മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ എന്നിവരിലൊരാള്‍ സംസ്ഥാന പ്രസിഡന്റാവാനാണ് സാധ്യത. ഇതിനുളള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കൃഷ്ണദാസ് ദേശീയ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.
അതേസമയം വി.മുരളീധരന്‍ പക്ഷത്തെ വിശ്വസ്തനായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ടെങ്കിലും എതിര്‍വിഭാഗത്തിന്റെ വിയോജിപ്പ് ശക്തമാണ്. മുന്‍ പ്രസിഡന്റും ദേശീയ നേതാവുമെന്ന നിലയില്‍ കൃഷ്ണദാസിനാണ് സാധ്യത കൂടുതലുളളത്. ആര്‍എസ്എസ് സംസ്ഥാന ഘടകം പി.കെ.കൃഷ്ണദാസ്, ശോഭസുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് നിര്‍ദ്ദേശിച്ചതെന്നറിയുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെതാവും അന്തിമ തീരുമാനം.
സമുദായ സംഘടനകളുമായി ബിജെപി സഖ്യമുണ്ടാക്കാന്‍ പോവുന്ന സാഹചര്യത്തില്‍ അവര്‍ക്കും കൂടി സ്വീകാര്യമായ ഒരാളാവും സംസ്ഥാന പ്രസിഡന്റാവാന്‍ സാധ്യത. സമുദായസംഘടനകളുടെ താത്പര്യങ്ങളും പരിഗണിക്കണമെന്നാണ് ആര്‍എസ്എസ് നിലപാട്. ഇതിനായി കൃഷ്ണദാസ് പക്ഷം ശ്രമം തുടങ്ങിയിട്ടുണ്ട്. വി.മുരളീധരനും ആര്‍എസ്എസുമായി സ്വരചേര്‍ച്ചയില്ലാത്തതിനാല്‍ മുരളീധരപക്ഷത്ത് നിന്നൊരാള്‍ പ്രസിഡന്റായി വരാനുളള സാധ്യത കുറവാണ്. കേരളത്തില്‍ സംഘടന തെരഞ്ഞെടുപ്പിന്റെ ചുമതല ജോര്‍ജ്ജ് കുര്യനാണ്.
കേന്ദ്രനേതൃത്വം പുതുമുഖത്തേയാണ് പരിഗണിക്കുന്നതെങ്കില്‍ ശോഭാ സുരേന്ദ്രനാവും നറുക്ക് വീഴുക. എസ്എന്‍ഡിപിയുമായുളള ബന്ധമാണ് ശോഭാ സുരേന്ദ്രന് അനുകൂല ഘടകമായേക്കാവുന്നത്.
നിലവില്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ നേതൃത്വത്തിലും ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തിലും ബിജെപിയില്‍ ഗ്രൂപ്പിസം ശക്തമാണ്. ഗ്രൂപ്പിസത്തിന് കേന്ദ്രഘടകം ശക്തമായ താക്കീത് നല്‍കിയിരുന്നു.മുതിര്‍ന്ന നേതാവ് പി.പി.മുകുന്ദനെ ബിജെപിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിലും രണ്ടു പക്ഷത്തിനും വ്യത്യസ്ത അഭിപ്രായമാണ്.
മുകുന്ദനുമായി അടുപ്പം സൂക്ഷിക്കുന്നതും മുകുന്ദന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തണമെന്നാഗ്രഹിക്കുന്ന വിഭാഗമാണ് കൃഷ്ണദാസ് പക്ഷം. വി.മുരളീധരന്‍ മുകുന്ദന്‍ വരുന്നതിനോടുളള വിയോജിപ്പ് പരസ്യമായി വ്യക്തമാക്കിയിട്ടുളളതാണ.് അതേസമയം ആര്‍എസ്എസ് നേതൃത്വത്തിന്റെ താത്പര്യപ്രകാരം പി.പി.മുകുന്ദനും കെ.രാമന്‍പിളള—യും നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പേ പാര്‍ട്ടിയിലെത്തിയേക്കും. പുതിയ പ്രസിഡന്റ് വന്നതിന് ശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.