ഫുട്‌ബോള്‍ വമ്പന്മാരോട് ഏറ്റുമുട്ടാനൊരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. പ്രമുഖ ലാലീഗ ടീമായ ജിറോണ എഫ് സിയുമായും ഓസ്‌ട്രേലിയന്‍ വമ്പന്മാരായ മെല്‍ബണ്‍ സിറ്റിയുമായും കേരള ബ്ലാസ്‌റ്റേഴ്‌സ് പോരാട്ടത്തിനിറങ്ങും. ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് പോരാട്ടം നടക്കുക. ആരാധകര്‍ ഉറ്റുനോക്കുന്ന ലാലിഗ വേള്‍ഡ് ടൂര്‍ണമെന്റിനായുള്ള 31 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
പതിനൊന്ന് മലയാളികളാണ് മുപ്പത്തിയൊന്ന് അംഗ ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്. മലയാളികളെ മാത്രം ഇറക്കി കളിച്ചാലും മികച്ച ടീമായി ബ്ലാസ്റ്റേഴ്‌സ് മാറും എന്നതില്‍ സംശയമില്ല. ഇത്രയും മലയാളികളെ അണിനിരത്തി ആദ്യമായാണ് മഞ്ഞപ്പട വമ്പന്മാരോട് ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്. സി.കെ. വിനീത്, അനസ് എടത്തൊടിക, സക്കീര്‍ മുണ്ടംപറമ്പ എന്നിവരുള്‍പ്പെടെ പതിനോന്ന് മലയാളികള്‍ തിളങ്ങുന്ന മഞ്ഞപ്പടയുടെ കളത്തിലേക്കുള്ള രംഗപ്രവേശം ഉറ്റുനോക്കുകയാണ് ആരാധകര്‍.
ജൂലൈ 24ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ബ്ലാസ്റ്റേഴ്‌സും മെല്‍ബണ്‍ സിറ്റി എഫ്‌സിയും തമ്മില്‍ ആദ്യം ഏറ്റുമുട്ടും. സ്പാനിഷ് ടീം ജിറോണ എഫ്‌സിയും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ഐഎസ്എല്ലിന്റെ പുതിയ സീസണ് മുന്നോടിയായാണ് ബ്ലാസ്‌റ്റേഴ്‌സ് രാജ്യാന്തര ടൂര്‍ണമെന്റ് കളിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ടീമില്‍ ഉണ്ടായിരുന്ന ആരാധകരുടെ പ്രിയ താരങ്ങളായ ഇയാന്‍ ഹ്യൂം, വെസ് ബ്രൗണ്‍, ദിമിറ്റര്‍ ബെര്‍ബറ്റോവ്, റിനോ ആന്റോ തുടങ്ങിയവര്‍ ഇത്തവണ ടീമില്‍ ഉണ്ടാകില്ല.
ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങള്‍
ഗോള്‍കീപ്പര്‍ : നവീന്‍ കുമാര്‍, ധീരജ് സിങ്, സുജിത് ശശികുമാര്‍
പ്രതിരോധനിര : നെമാന്യ ലാകിക് പെസിച്ച്, സിറില്‍ കാലി, ലാല്‍ റുവാത്താര, സന്ദേശ് ജിങ്കാന്‍, അനസ് എടത്തൊടിക, അബ്ദുല്‍ ഹക്കു, പ്രിതംകുമാര്‍ സിങ്, ലാല്‍ തകിമ, മൊഹമദ് റാക്കിപ്, ജിഷ്ണു ബാലകൃഷ്ണന്‍.
മധ്യനിര : കറേജ് പെക്കൂസണ്‍, കെസിറോണ്‍ കിസിറ്റോ, സക്കീര്‍ മുണ്ടംപറമ്പ, സഹ8ല്‍ അബ്ദു സമദ്, ദീപേന്ദ്ര സിങ് നേഗി, സുരാജ് റാവത്ത്, കെ. പ്രശാന്ത്, ഹോലിചരണ്‍ നര്‍സാരി, ലോകന്‍ മീറ്റെ, ഋഷിദത്ത് ശശികുമാര്‍, പ്രഗ്യാന്‍ സുന്ദര്‍ ഗൊഗോയ്.
മുന്നേറ്റനിര : സി.കെ. വിനീത്, സ്ലാവിസ സ്റ്റൊജാനോവിക്, മാതേജ് പൊപ്!ലാറ്റ്‌നിക്, സിമിന്‍ലന്‍ ദൊംഗല്‍, ഷയ്‌ബൊര്‍ലാങ് ഖര്‍പന്‍, വി.കെ. അഫ്ദാല്‍, എം.എസ്. ജിതിന്‍.