
കേരളത്തിലെ വാഹനങ്ങള്‍ കടത്തി വിടുന്നില്ല. കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ അതിര്‍ത്തികളില്‍ തമിഴ്‌നാടും കര്‍ണാടകവും തടയുന്നു. ചരക്കു വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങളെല്ലാം അതിര്‍ത്തിയില്‍ തടഞ്ഞ് കര്‍ശന പരിശോധനയാണ് നടത്തുന്നത്. ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ കേരള രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളിലെ യാത്രക്കാരോട് യാത്രയുടെ വിശദാംശങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. അത്യാവശ്യമുള്ള വാഹനങ്ങള്‍ മാത്രമേ ഇനി കടത്തിവിടുള്ളൂവെന്നാണ് പറയുന്നത്. മാര്‍ച്ച് 31 വരെ നിയന്ത്രണം തുടരുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞ് ഇനി സര്‍വീസ് നടത്തരുതെന്ന മുന്നറിയിപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. കെഎസ്ആര്‍ടിസി ജീവനക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുണ്ടല്‍പേട്ട്, ബാവലി ചെക്ക് പോസ്റ്റുകളിലാണ് ബസുകള്‍ തടയുന്നത്.
കോയമ്പത്തൂരിലെ കേരള- തമിഴ്‌നാട് അതിര്‍ത്തി ഇന്ന് വൈകീട്ട് അടക്കും . കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ രാസാമണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് വൈകീട്ട് മുതല്‍ അതിര്‍ത്തി അടച്ചിടുമെന്നാണ് കളക്ടര്‍ പറഞ്ഞത്.രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളും അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. വാഗാ അതിര്‍ത്തി അടയ്ക്കുമെന്ന് നേരത്തെ പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു.ഞായറാഴ്ച മുതല്‍ വിദേശ യാത്രാവിമാനങ്ങള്‍ ഇന്ത്യയിലേക്ക് വരുന്നത് വിലക്കും. ഒരാഴ്ചത്തേക്കാണ് വിലക്ക്.