ജനകീയ പദ്ധതികളുമായി യുഡിഎഫ് സര്‍ക്കാരിന്റെ കന്നി ബജറ്റ; പുതുയുഗ കേരളം ലക്ഷ്യമിട്ട് വികസനത്തിനും വിദ്യാഭ്യാസത്തിനും മുന്‍ഗണന

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ പുതുയുഗ കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നതിനുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ 2026-27 വര്‍ഷത്തെ പരിഷ്‌കരിച്ച ബജറ്റ്. യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴില്‍തേടിയുള്ള കുടിയേറ്റവും കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ‘നോളജ് വാലി’ പദ്ധതിക്ക് ബജറ്റില്‍ 100 കോടി അനുവദിച്ചിട്ടുണ്ട്. ഐഐടി മാതൃകയില്‍ എന്‍ജിനീയറിങ് കോളജുകളെ ബന്ധിപ്പിച്ച് റിസര്‍ച്ച് പാര്‍ക്കിന് 60 കോടിയും നീക്കിവെച്ച ബജറ്റില്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഗ്ലോബല്‍ ജോബ് ടവറും ഇടംപിടിച്ചിട്ടുണ്ട്.

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ വന്ന് പഠിക്കാന്‍ അവസരമൊരുക്കുന്ന ‘സെമസ്റ്റര്‍ ഇന്‍ കേരള’ പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ബിരുദധാരികള്‍ക്ക് വേഗത്തില്‍ ജോലി ലഭിക്കാന്‍ സഹായിക്കുന്ന ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്സുകളും നടപ്പിലാക്കും. ‘വയനാട് ട്രൈബല്‍ സര്‍വകലാശാല’യും ‘തദ്ദേശീയ വിജ്ഞാന മേഖല’യും ആരംഭിക്കുമെന്ന സുപ്രധാന പ്രഖ്യാപനവും ബജറ്റിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് 400 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. വിഴിഞ്ഞത്തെ ബന്ധിപ്പിച്ചുകൊണ്ട് അഴീക്കല്‍ ബേപ്പൂര്‍ തുറമുഖ വികസനവും ഇതില്‍ ഉള്‍പ്പെടുന്നു. കേരളത്തെ തുറമുഖ നഗരമാക്കി റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, നിര്‍മ്മാണ മേഖലകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റി, എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയാണ് കേരളം ലക്ഷ്യമിടുന്നത്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷന്‍-ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളും ആവിഷ്‌കരിക്കും. പതിനായിരത്തോളം എം.എസ്.എം.ഇ. സംരംഭങ്ങള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുന്ന കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്‌കീമിന് രൂപംനല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

ഗുരുതര രോഗം ബാധിച്ചവര്‍ക്കും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിന് പണമില്ലാത്തവര്‍ക്കും സഹായം നേരിട്ട് എത്തിക്കുന്നതിനുള്ള പ്ലാറ്റ്ഫോമായി ‘വണ്‍ കേരള കരുതല്‍ മിഷന്‍’ സ്ഥാപിക്കും. വയോജനങ്ങള്‍ക്ക് ആവശ്യമായ സ്ഥാപനങ്ങള്‍, വ്യയശേഷി നേടാനുതകുന്ന സാമ്പത്തിക സഹായം, സംരംഭകത്വം, വൈദഗ്ദ്ധ്യം എന്നിവ ഉള്‍പ്പെടുന്ന ‘സില്‍വര്‍ ഇക്കോണമി’ വികസിപ്പിക്കും. സംസ്ഥാനത്ത് അന്താരാഷ്ട്ര മാതൃകയില്‍ കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്.

കിഫ്ബി അഴിച്ചുപണിയുമെന്ന സൂചന നല്‍കിക്കൊണ്ട്, അതിന്റെ നടത്തിപ്പ് പഠിക്കാന്‍ കമ്മിറ്റിയെ വെക്കുമെന്നും ബജറ്റ് പറയുന്നു. ഹരിപ്പാട്ട് പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും. അതോടൊപ്പം തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കല്‍ കോളജും തുടങ്ങും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് സതേണ്‍ കേരള എക്കണോമിക് കോറിഡോറും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാക്ക ജില്ലകളായ കാസര്‍കോടിനും വയനാടിനും ഇടുക്കിക്കുമായി പ്രത്യേക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫിന്റെ വാഗ്ദാനമായ ഇന്ദിരാഗാരന്റിയിലെ പ്രിയദര്‍ശനി സൗജന്യ യാത്രയ്ക്കായി കെഎസ്ആര്‍ടിസിക്ക് 600 കോടി അനുവദിച്ചു. ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും ബജറ്റ് പറയുന്നു.

ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ‘ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കും.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ നടപ്പിലാക്കും.
ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബായി കേരളത്തെ മാറ്റും.
ലോക നിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയം മലബാറില്‍ നിര്‍മ്മിക്കും.
‘ബ്രാന്‍ഡ് കേരളം’ ആരംഭിക്കും.
ജെ.സി ഡാനിയേല്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി-ചിത്രനഗരം കൊച്ചിയില്‍ സ്ഥാപിക്കും.
സിനിമയ്ക്ക് വ്യവസായ പദവി നല്‍കും.
തനത് കലാ-സാംസ്‌കാരിക മേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി എം.ടി. വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട് ഒരു കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കും.
സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ തൃശ്ശൂരില്‍ പുതിയ മ്യൂസിക് അക്കാദമി.
‘കേരള ഡിസാസ്റ്റര്‍ റെസിലിയന്‍സ് സെന്റര്‍’ സ്ഥാപിക്കും.
പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് രൂപീകരിക്കും.
പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് ഫര്‍ണിച്ചര്‍ ഹബ്ബ് സ്ഥാപിക്കും.
റബറിന്റെ താങ്ങുവില 200 രൂപയില്‍ നിന്നും 250 രൂപയായി വര്‍ധിപ്പിക്കും.
വയനാട്, കാസര്‍ഗോഡ്, ഇടുക്കി ജില്ലകള്‍ക്കായുള്ള പാക്കേജുകള്‍ ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ നടപടി കൈക്കൊള്ളും.
എല്ലാ തീരദേശവാസികള്‍ക്കും പട്ടയം ലഭ്യമാക്കും.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ നടപടി സ്വീകരിക്കും.
അര്‍ത്തുങ്കല്‍ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പിലാക്കും.

സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ/ ഡി.ആര്‍ എന്നിവ മുടക്കം കൂടാതെ നല്‍കും.

മെഡി സെപ് പരിഷ്‌ക്കരിക്കും. അഷ്വേഡ് പെന്‍ഷന്‍ പദ്ധതിയിലെ അവ്യക്തത പരിശോധിച്ച് എന്‍.പി.എസ് സംവിധാനം പരിഷ്‌ക്കരിക്കും.

 

Top