കോട്ടയം: കേരളം കോൺഗ്രസിൽ ജോസ് കെ മാണിയും പിജെ ജോസഫും വിട്ടുവീഴ്ചയ്ക്കു തയാറാകാത്ത സാഹചര്യത്തില്‍ പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലാണെന്ന് കോട്ടയത്ത് നടന്ന കെ എം മാണി അനുസ്മരണസമ്മേളനം തെളിയിച്ചിരിക്കുന്നു .മാണി മരിച്ചതോടെ ജോസഫ് പക്ഷത്തേക്കു ചാഞ്ഞ മുതിര്‍ന്നനേതാക്കളും അകല്‍ച്ച പാലിച്ചു. പിരിഞ്ഞപ്പോഴും പരസ്പരബഹുമാനം പുലര്‍ത്തിയ നേതാവായിരുന്നു മാണിയെന്നു ജോസഫ് പറഞ്ഞെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ വേദിയോ സദസോ തയാറായില്ല. ചടങ്ങിനെത്തും മുമ്പ്, ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള അവകാശവാദം തൊടുപുഴയില്‍ ജോസഫ് ആവര്‍ത്തിച്ചതും മാണി വിഭാഗത്തില്‍ അതൃപ്തിക്ക് ഇടയാക്കി. പ്രതിസന്ധി പരിഹരിക്കാനുള്ള എല്ലാ നീക്കവും പരാജയപ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടി മറ്റൊരു പിളര്‍പ്പിലേക്കു നീങ്ങുന്നതായാണു സൂചന. കോണ്‍ഗ്രസോ യു.ഡി.എഫോ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുമില്ല.
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടതു സമവായത്തിലൂടെയാണെന്നും സംസ്ഥാനസമിതി വിളിക്കേണ്ട സാഹചര്യമില്ലെന്നും വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. മരണത്തേത്തുടര്‍ന്ന് ഒഴിവുണ്ടായാല്‍ സമവായത്തിലൂടെ പകരം ആളെ കണ്ടെത്തണമെന്നാണു പാര്‍ട്ടി നിയമം. താന്‍ ചെയര്‍മാനായും ജോസ് കെ. മാണി വര്‍ക്കിങ് ചെയര്‍മാനുമായുള്ള ഫോര്‍മുല നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.
ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും സമവായത്തിലൂടെ ചെയര്‍മാനെ കണ്ടെത്തുമെന്നും ജോസഫ് വ്യക്തമാക്കി. സംസ്ഥാനസമിതി വിളിച്ചുചേര്‍ക്കണമെങ്കില്‍ അതിന്റെ സാഹചര്യം വ്യക്തമാക്കണം. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മരിച്ചാല്‍ ഡെപ്യൂട്ടി ലീഡറെ നേതൃസ്ഥാനം ഏല്‍പ്പിക്കണമെന്നാണു ചട്ടമെന്നും ജോസഫ് പറഞ്ഞു.
പാര്‍ട്ടി തട്ടകമായ കോട്ടയത്തു നടന്ന കെ.എം. മാണി അനുസ്മരണച്ചടങ്ങിലും കേരളാ കോണ്‍ഗ്രസി(എം)ലെ അധികാരത്തര്‍ക്കം പ്രകടം. മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന അനുസ്മരണസമ്മേളനം എല്ലാ രാഷ്ട്രീയകക്ഷികളുടെയും ഒത്തുചേരലിലൂടെ പ്രൗഢഗംഭീരമായെങ്കിലും കേരള കോണ്‍ഗ്രസ് (എം) നേതാക്കളുടെ ഭിന്നത മുഴച്ചുനിന്നു.
ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് നേരത്തേയെത്തിയെങ്കിലും മാധ്യമങ്ങള്‍ക്കു പിടികൊടുക്കാതെ വേദിയില്‍ ഇരിപ്പുറപ്പിച്ചു. മാണിയുടെ വിശ്വസ്തനായിരുന്ന, സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം ചടങ്ങിന് എത്തിയതേയില്ല. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ പക്ഷത്തെത്തിയ ജോയിക്കെതിരേ ജോസ് കെ. മാണി വിഭാഗത്തില്‍ പ്രതിഷേധം ശക്തമാണ്. ജോയിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി പ്രമേയവും പാസാക്കിയിരുന്നു. അനുസ്മരണച്ചടങ്ങില്‍ പി.ജെ. ജോസഫിന്റെ അധ്യക്ഷപ്രസംഗം തീര്‍ന്നശേഷമാണു െവെസ് ചെയര്‍മാന്‍ ജോസ് കെ. മാണി എത്തിയത്.