ബാണാസുരസാഗർ മൂന്നു മണിക്ക് തുറക്കും : മുഖ്യമന്ത്രി.മലബാറില്‍ കലിതുള്ളി പേമാരി തുടരുന്നു

തിരുവനന്തപുരം:ബാണാസുര സാഗര്‍ ഡാം വൈകിട്ട് മൂന്ന് മണിയോടെ തുറക്കും. മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് ഡാം തുറക്കുക. ജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ബാണാസുരസാഗർ ഡാം മൂന്നു മണിക്കു തുറക്കുമെന്നും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇതുവരെ 29,997 കുടുംബങ്ങളിലെ 1,08138 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

അരീക്കോട്-കാഞ്ഞിരോട് 220 കെവി ലൈനിലൂടെ വൈദ്യുതി കടത്തി വിടുന്നതിനാൽ ആ മേഖലയിലൂടെ ആരും പുഴയ്ക്കു കുറുകെ കടക്കരുതെന്ന് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഒരിടത്തും ഇന്ധന ക്ഷാമമില്ല. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മൊബൈൽ നെറ്റ്‌വർക്ക് ശക്തമാക്കാൻ ടവർ നശിച്ച മേഖലകളിൽ സഞ്ചരിക്കുന്ന മൊബൈൽ ടവർ സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മലബാറില്‍ കലിതുള്ളി പേമാരി തുടരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഉരുള്‍പൊട്ടലിലും വെള്ളക്കെട്ടില്‍ വീണും കോഴിക്കോട് ജില്ലയില്‍ പത്തു പേര്‍ മരിച്ചു. വയനാടും മലപ്പുറത്തും മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. അടുത്ത മണിക്കൂറുകളിലും മഴ കനക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുളള പ്രവചനം ആശങ്ക സൃഷ്ടിക്കുന്നു.

കനത്ത നാശം വിതച്ച് മഴ തിമിര്‍ത്തു പെയ്യുന്നു. മിക്ക പ്രദേശങ്ങളിലും ജനജീവിതം സ്തംഭിച്ചു. കോഴിക്കോട് ജില്ലയില്‍ മാത്രം 10 പേര്‍ മരിച്ചു. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായി. 220 ദുരിതാശ്വാസ ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തിലേറെ ആളുകള്‍ കഴിയുന്നു. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നുകൊണ്ടിരിക്കുന്നു. ചാലിയാര്‍പുഴയും പൂനൂര്‍ പുഴയും കരകവിഞ്ഞൊഴുകുന്നതിനാല്‍ തീരദേശവും കടുത്ത പ്രതിസന്ധിയില്‍.

തീരപ്രദേശത്തുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വെള്ളം നിറയുന്നതിനാല്‍ കക്കയം ഡാമും കുറ്റ്യാടി ഡാമും തുറക്കാന്‍ സാധ്യതയുണ്ട്. ഡാമിനു സമീപത്തുള്ളവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ജില്ലയില്‍ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളില്‍ 29 ബോട്ടുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. മാവൂര്‍, ചാത്തമംഗലം, നല്ലളം, അരീക്കോട്, കുണ്ടായിത്തോട്, വേങ്ങേരി തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമാണ്.

അതേസമയം, ജില്ലയിലെ മിക്ക ഗ്രാമീണ പ്രദേശങ്ങളിലും വെള്ളം നിറഞ്ഞു. പലയിടങ്ങളും റോഡുകളില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. കോഴിക്കോട്-ഷൊര്‍ണൂര്‍ വഴിയുള്ള ട്രെയിൻ ഗതാഗതം ഇന്നും പൂര്‍ണമായും സ്തംഭിച്ചു. പ്രതികൂല കാലാവസ്ഥ കാരണം ട്രെയിനുകളെല്ലാം റദ്ദാക്കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം കൊയിലാണ്ടി, മൂടാടി, പുതിയാപ്പ, വെള്ളയില്‍ ബേപ്പൂര്‍ തുടങ്ങി ജില്ലയിലെ എല്ലാ തീരപ്രദേശങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. മഴ ഇനിയും കനക്കുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകും.

Top