തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസി(എം)ലെ ജോസ്- ജോസഫ് പക്ഷങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായി തന്നെ നിൽക്കുന്നു . ജോസ് കെ. മാണി വീണ്ടും പിണറായി വിജയനെ പുകഴ്ത്തിയും പി.ജെ. ജോസഫിനെ കടന്നാക്രമിച്ചുകൊണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ എത്തി .ജോസ് കെ മാണി പക്ഷം ഇടതുപക്ഷത്തേക്ക് തന്നയെന്നുവേണം കരുതാൻ .അതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും പുകഴ്ത്തിക്കൊണ്ടുള്ള ജോസ് കെ മാണിയുടെ പത്രസമ്മേളനം എന്ന് പൊതുവെയുള്ള വിലയിരുത്തൽ .അതേസമയം ജോസ് കെ മാണിയുടെ പ്രതികരണത്തിന് ശേഷം ഉടൻ തന്നെ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാതെ ഒരു ചര്‍ച്ചയ്ക്കുമില്ലെന്നു പിന്നാലെ മാധ്യമങ്ങളെക്കണ്ട ജോസഫും വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളെ കണ്ടപ്പോഴും ഇക്കാര്യം ജോസഫ് ആവര്‍ത്തിച്ചു.
എന്നാൽ വിഷയങ്ങൾ പരിഹരിക്കാനുള്ള യു.ഡി.എഫ്. ശ്രമങ്ങള്‍ ഫലപ്രാപ്തിയിലേക്ക് എത്തുന്ന തരത്തിൽ നസചനകളും ഉണ്ട് . നിയമസഭാ സീറ്റ് വിഷയത്തില്‍ തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പദമൊഴിയാമെന്നു ജോസ്പക്ഷം. ഈ ആവശ്യത്തോടു ജോസഫ് വിഭാഗവും യു.ഡി.എഫ്. നേതൃത്വവും അനുകൂല നിലപാട് സ്വീകരിച്ചാല്‍ മഞ്ഞുരുകുമെന്നു വിലയിരുത്തല്‍. ബുധനാഴ്ച രാത്രി നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി വ്യാഴാഴ്ച്ച മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും പാണക്കാട് െഹെദരലി തങ്ങളും മുൻ കൈയെടുത്ത് ജോസ്പക്ഷവുമായി നടത്തിയ കൂടിയാലോചനയാണ് അനുരഞ്ജനത്തിനു കളമൊരുക്കിയത്. കൊടപ്പനയ്ക്കല്‍ തറവാടും കെ.എം. മാണിയുമായുള്ള ബന്ധം ഓര്‍മിപ്പിച്ച് മുന്നണി വിടുന്നതുപോലുള്ള കടുത്ത തീരുമാനങ്ങളിലേക്കു പോകാതെ വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്ന തങ്ങളുടെ അഭ്യര്‍ഥനയ്ക്കുമുന്നില്‍ ജോസ്പക്ഷം വഴങ്ങി.
തുടര്‍ന്ന് ജോസ് കെ. മാണി തന്നോടൊപ്പമുള്ള എം.എല്‍.എമാരും എം.പിയും മറ്റു പ്രധാന നേതാക്കളുമായി കൂടിയാലോചന നടത്തി പുതിയ ഉപാധികള്‍ മുന്നോട്ടുവച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സ്ഥാനം രാജിവയ്ക്കുന്നപക്ഷമുണ്ടാകുന്ന നഷ്ടം നികത്താന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. വരുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസി(എം)ന്റെ സീറ്റുകള്‍ തങ്ങള്‍ക്കുതന്നെ ലഭിക്കണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണ മാണി വിഭാഗത്തിന് നല്‍കിയ 11 സീറ്റുകളും നല്‍കുമെന്ന് ഉറപ്പുവേണമെന്നും ജോസ് കെ. മാണി ഉപാധിവച്ചു. കോണ്‍ഗ്രസ് നേതാക്കളുമായി ആലോചിച്ചശേഷം മറുപടി നല്‍കാമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.