ജയരാജിനെ ചങ്ങനാശേരിയിലേയ്ക്കു മാറ്റാൻ നീക്കം: കേരള കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി; കാഞ്ഞിരപ്പള്ളിയില്ലെങ്കിൽ മത്സരിക്കാനില്ലെന്നു ജയരാജ്; ജോസ് കെ.മാണി വിഭാഗത്തിൽ വീണ്ടും വിള്ളൽ

കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിൽ വീണ്ടും വിള്ളൽ വീഴ്ത്തി കാഞ്ഞിരപ്പള്ളി സീറ്റിനെച്ചൊല്ലി തർക്കം. കാഞ്ഞിരപ്പള്ളിയില്ലെങ്കിൽ മത്സരിക്കാനില്ലെന്ന എൻ.ജയരാജ് എം.എൽ.എയുടെ നിലപാടാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. ജയരാജിനെ കാഞ്ഞിരപ്പള്ളിയിൽ നിന്നും മാറ്റി ചങ്ങനാശേരിയിൽ ഇറക്കാൻ കേരള കോൺഗ്രസിൽ നീക്കം നടന്നിരുന്നു. ഇതു സംബന്ധിച്ചു വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അതിരൂക്ഷമായ പ്രതികരണവുമായി ജയരാജ് തന്നെ രംഗത്ത് എത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി സീറ്റില്ലെങ്കിൽ മത്സരിക്കാനില്ലെന്ന നിലപാട് എടുത്ത ജയരാജ്, സ്വന്തം വീട്ടിൽ കഞ്ഞി വയ്ക്കുമ്പോൾ അടുത്ത വീട്ടിൽ പോയി ഭക്ഷണം കഴിക്കേണ്ട കാര്യമുണ്ടോ എന്നും ചോദിച്ചു. ജയരാജിനെ ചങ്ങനാശേരിയിലേയ്ക്കു മാറ്റി കാഞ്ഞിരപ്പള്ളിയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിനെ മത്സരിപ്പിക്കുമെന്ന ധാരണയുണ്ടായിരുന്നു. ഇത് കൂടാതെ ഇടതു മുന്നണിയിലെ തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി സി.പി.ഐയ്ക്ക് കാഞ്ഞിരപ്പള്ളി സീറ്റ് നൽകുന്നതു സംബന്ധിച്ചും ചർച്ചകൾ നടന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതെല്ലാം എൻ.ജയരാജിനെ അസ്വസ്ഥനാക്കിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന ഇദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ നാലു തവണയായി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്നത് എൻ.ജയരാജ് എം.എൽ.എയാണ്. കേരള കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ ഒരാളുമാണ് ജയരാജ്. ഈ ജയരാജിനോടാണ് മണ്ഡലം മാറി മത്സരിക്കാൻ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതാണ് വിവാദത്തിനു ഇടയാക്കിയിരിക്കുന്നത്.

പി.സി ജോർജ് പൂഞ്ഞാർ വിട്ട് കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാനെത്തുമെന്ന സൂചനയും ലഭിച്ചിരുന്നു. ഈ സൂചനയും തന്നെ അലട്ടുന്നില്ലെന്നു ജയരാജ് പ്രതികരിച്ചു. ശക്തനായ എതിരാളി എത്തിയാൽ മണ്ഡലത്തിലെ കാര്യങ്ങൾ കൂടുതൽ പ്രചാരണ വിഷയമാകും. താൻ നടത്തിയ വികസന പ്രവർത്തനങ്ങൾ അടക്കം ണ്ഡലത്തിൽ ശ്രദ്ധിക്കപ്പെടും. ഇത് തനിക്ക് തന്നെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും കേരള കോൺഗ്രസ് എമ്മിലെ സീറ്റ് ചർച്ചകൾ വരും ദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറിയ്ക്ക് ഇടയാക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

Top