രണ്ടില പിളര്‍പ്പിലേക്ക്..!! പൊട്ടിത്തെറിച്ച് പിജെ ജോസഫ്; സംസ്ഥാന സമിതി നിയമവിരുദ്ധം

കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേയ്ക്ക് നീങ്ങുന്നു. ചെയര്‍മാനെ തിരഞ്ഞെടുക്കാനായി ജോസ് കെ.മാണി പക്ഷം ഇന്ന് കോട്ടയത്ത് സംസ്ഥാനസമിതി വിളിച്ചുചേര്‍ത്തിരിക്കുകയാണ്. എന്നാല്‍, യോഗം വിളിച്ചുകൂട്ടിയത് അനധികൃതവും ഭരണഘടനാവിരുദ്ധവുമാണെന്ന് ആരോപിച്ച് പി.ജെ. ജോസഫ് രംഗത്തെത്തി. കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ സമവായ ചര്‍ച്ചകളെ ജോസ്.കെ.മാണി വിഭാഗം തകര്‍ക്കുകയാണെന്നും ജോസഫ് ആരോപിച്ചു. ഇതോടെ പാര്‍ട്ടിയില്‍ ഇപ്പോള്‍ തുടരുന്ന പ്രശ്നങ്ങളില്‍ ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നാണ് സൂചന. ഇന്ന് തന്നെ കേരള കോണ്‍ഗ്രസ് പിളരുമെന്നും രാഷ്ട്രീയ കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ നിന്ന് ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് ജോസ് കെ.മാണി പിന്‍മാറി. യോഗം വിളിക്കാനുള്ള അധികാരം വര്‍ക്കിങ് ചെയര്‍മാനായ തനിക്കാണെന്നും പിജെ ജോസഫ് ആവര്‍ത്തിച്ചു. 28 അംഗ ഹൈപവര്‍ കമ്മിറ്റിയില്‍ 15 പേര്‍ തനിക്കൊപ്പമുണ്ടെന്നും പി.ജെ.ജോസഫ് അവകാശപ്പെട്ടു.

യോഗത്തില്‍ പങ്കെടുക്കരുതെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് സംസ്ഥാനസമിതി അംഗങ്ങള്‍ക്ക് നോട്ടിസ് നല്‍കി. യോഗം പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ജോസഫ് ജോസ് കെ.മാണി ഉള്‍പ്പെടെയുള്ളവരെ ഇ-മെയില്‍ മുഖേന അറിയിച്ചു.

തര്‍ക്കം പിളര്‍പ്പിന്റെ വക്കിലെത്തിയതോടെ ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടിയും ഇരുപക്ഷവുമായി സംസാരിച്ചു. എന്നാല്‍ ചെയര്‍മാന്‍ പദവിയില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ.മാണി പക്ഷം.

തര്‍ക്കപരിഹാരശ്രമങ്ങള്‍ അട്ടിമറിച്ചത് ജോസ് കെ.മാണിയെന്ന് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം. ജോസ് കെ.മാണി വിളിച്ച ബദല്‍ യോഗം പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധവും അച്ചടക്കലംഘനവുമാണ്. പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. കേരള കോണ്‍ഗ്രസ് ഫാന്‍സ് അസോസിയേഷനല്ല, ജനാധിപത്യ പാര്‍ട്ടിയാണെന്നും ജോയ് എബ്രഹാം ചൂണ്ടിക്കാട്ടി. കീഴ്‌വഴക്കവും ഭരണഘടനയും അനുസരിച്ചാണ് നടപടികള്‍ വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കേരള കോണ്‍ഗ്രസിനെ പിളര്‍ത്താനുള്ള ഒരുനീക്കത്തേയും പിന്തുണയ്ക്കില്ലെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസ്. ബദല്‍ സംസ്ഥാനസമിതി വിളിക്കാനുള്ള ജോസ് കെ.മാണിയുടെ നീക്കത്തോടാണ് പ്രതികരണം. തര്‍ക്കപരിഹാരത്തിനുള്ള ശ്രമങ്ങള്‍ സ്തംഭിച്ചിട്ടില്ല. പാര്‍ട്ടി പിളര്‍ന്നുപോകാനല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഐക്യത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ക്കൊപ്പം മാത്രമേ താന്‍ നിലകൊള്ളൂ എന്നും സി.എഫ്. തോമസ് ചങ്ങനാശേരിയില്‍ പറഞ്ഞു.

Top