വീണ്ടും പിളര്‍ന്നു..!! കാത്തിരിക്കുന്നത് വമ്പന്‍ രാഷ്ട്രീയക്കളികള്‍; പാര്‍ട്ടി ഓഫീസുകള്‍ക്കായുള്ള അടിപിടിയിലേയ്ക്ക്

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു. ജോസ് കെ. മാണിയെ പാര്‍ട്ടിയുടെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തു. കോട്ടയത്ത് സി.എസ്.ഐ റിട്രീറ്റ് ഹാളില്‍ നടന്ന സമാന്തര സംസ്ഥാന കമ്മറ്റി യോഗത്തിലാണ് ജോസ് കെ. മാണിയെ പുതിയ ചെയര്‍മാനായി തെരഞ്ഞെുത്തത്.

ഇ.ജെ അഗസ്തി ജോസ് കെ. മാണിയുടെ പേര് നിര്‍ദ്ദേശിച്ചു. മുന്‍ എം.എല്‍.എ തോമസ് ജോസഫ് പിന്താങ്ങി. എട്ട് ജില്ലാ പ്രസിഡന്റുമാരും 325 സംസ്ഥാന സമിതി അംഗങ്ങളുമാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തതെന്നാണ് അവകാശപ്പെടുന്നത്. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ജോസ് കെ. മാണിയെ പിന്താങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ യോഗത്തില്‍ നിന്നും സി.എഫ്.തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നു. കെ.എം. മാണിയുടെ മരണത്തോടെ കേരളകോണ്‍ഗ്രസ് എമ്മില്‍ ജോസഫ് – ജോസ് വിഭാഗങ്ങള്‍ തമ്മില്‍ ഉടലെടുത്ത അധികാരത്തര്‍ക്കത്തിന്റെ പരിസമാപ്തിയായുള്ള പിളര്‍പ്പാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

താത്ക്കാലിക ചെയര്‍മാനായി ജോസഫിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചതിനാല്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശമില്ലാതെ സമാന്തര കമ്മിറ്റി വിളിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാനും കൂറുമാറ്റ നിരോധന നിയമം വഴി എം.പി, എം.എല്‍.എമാരെ അയോഗ്യരാക്കാമെന്നുമാണ് ജോസഫ് വിഭാഗം വിശ്വസിക്കുന്നത്. ജോസഫിനെ താല്‍ക്കാലിക ചെയര്‍മാനായി തിരഞ്ഞെടുത്തിട്ടില്ലെന്ന് ജോസ് വിഭാഗവും തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കിയ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം നിര്‍ണായകമായിരിക്കും.

ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ പാര്‍ട്ടിയില്‍ നിന്നും സ്വയം പുറത്ത് പോകുമെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫും വ്യക്തമാക്കിയിരുന്നു. ജോസ്.കെ.മാണിയെ പാര്‍ട്ടിയുടെ ചെയര്‍മാനായി പ്രഖ്യാപിച്ചതോടെ ജോസഫ് ഇനി എന്ത് നിലപാടെടുക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പാര്‍ട്ടിയിലെ അഞ്ച് എം.എല്‍.എമാരില്‍ മൂന്ന് പേരുടെ പിന്തുണ തനിക്കുള്ളതിനാല്‍ കടുത്ത നടപടികളിലേക്ക് ജോസഫ് കടക്കുമെന്നാണ് വിവരം.

നേതൃത്വങ്ങള്‍ തമ്മിലുള്ള വടംവലിയാണ് ഇനി കാണാനാവുക. പാര്‍ട്ടിയുടെ സ്ഥാനമാനങ്ങള്‍ പോലെ തന്നെ സമ്പത്തിലും സാധന സാമഗ്രികളുടെ ഉടമസ്ഥതയിന്‍മേലും തര്‍ക്കം ആരംഭിക്കുന്നതിനാണ് സാധ്യത കാണുന്നത്. പരസ്പരം തര്‍ക്കങ്ങളില്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ യുഡിഎഫ് നേതൃത്വം ഇടപെടുമെന്നാണ് കരുതുന്നത്.

Top