തിരുവനന്തപുരം: കേരളം പിടിക്കാനൊരുങ്ങി ബിജെപി .കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള പ്രമുഖ കേന്ദ്ര നേതാക്കൾ കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നീ പ്രമുഖരെ കളത്തിലിറക്കിയാണ് ബിജെപി പ്രചാരണം നടത്തുക.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കരുത്തനായ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, യുവമോർച്ച ദേശീയ നേതാവും എംപിയുമായ തേജസ്വി സൂര്യ എന്നിവരും പ്രചാരണത്തിനെത്തും. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാനും വോട്ടുവിഹിതം വലിയ രീതിയിൽ വർധിക്കാനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ബിജെപി സ്റ്റാർ ക്യാമ്പെയ്നർമാരെ അണിനിരത്തുന്നത് രാഷ്ട്രീയ എതിരാളികളെ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പാണ്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്ര ഫെബ്രുവരി 21ന് ആരംഭിക്കും. വിജയ് യാത്ര ഉദ്ഘാടനം ചെയ്യാനായാണ് യോഗി ആദിത്യനാഥ് കേരളത്തിലെത്തുന്നത്. ഫെബ്രുവരി 20നാണ് വിജയ് യാത്ര ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. പിന്നീട് യോഗി ആദിത്യനാഥിന്റെ സൗകര്യാർത്ഥം യാത്ര തൊട്ടടുത്ത ദിവസത്തേയ്ക്ക് മാറ്റിവെക്കുകയായിരുന്നു.
വിജയ് യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് അമിത് ഷാ എത്തുന്നത്. ദേശീയ നേതാക്കൾ എത്തുന്നതോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കുന്ന വിജയ് യാത്ര ആവേശകരമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ നൂറോളം കേന്ദ്രങ്ങളിൽ വിജയ് യാത്രയ്ക്ക് സ്വീകരണവും ഒരുക്കിയിട്ടുണ്ട്. വിജയ് യാത്രയുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും സൂചനയുണ്ട്.