കൊച്ചി: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തി. ദുരിതാശ്വാസ ക്യാമ്പില്‍ നേരിട്ടെത്തി അദ്ദേഹം ദുരിതബാധിതരോട് സംസാരിച്ചു. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു.
എറണാകുളം ജില്ലയിലെ പറവൂര്‍ പുത്തന്‍വേലിക്കര തേലത്തുരുത്തില്‍ ആരംഭിച്ച ദുരിതാശ്വാസ കേന്ദ്രമായ കേരള ഓഡിറ്റോറിയത്തിലെത്തിയാണ് മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തത്. ദുരിതം അനുഭവിക്കുന്നവരെ എല്ലാവരും ഒറ്റക്കെട്ടായി സഹായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു.
ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായം അധികൃതരോട് ആലോചിച്ച ശേഷം എത്തിക്കാമെന്ന് മമ്മൂട്ടി ഉറപ്പു നല്‍കി. മമ്മൂട്ടിക്ക് പുറമെ വി ഡി സതീശന്‍ എംഎല്‍എയും ക്യാമ്പില്‍ സന്ദര്‍ശനം നടത്തി. 350 ഓളം കുടുംബങ്ങളാണ് ഇവിടെ ക്യാമ്പില്‍ താമസിക്കുന്നത്.
ഏറ്റവും കൂടുതല്‍ ദുരിതബാധിതരുള്ളത് പറവൂര്‍ മേഖലയിലാണെന്ന് വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു. ദുരിതമേഖലയിലുള്ളവര്‍ക്ക് എല്ലാ സഹായവും ഉറപ്പു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട് ജില്ലയില്‍ ഓഗസ്റ്റ് 14 വരെയും ഇടുക്കിയില്‍ ഓഗസ്റ്റ് 13 വരെയും മറ്റ് ജില്ലകളില്‍ ഓഗസ്റ്റ് 11 വരെയുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെളളം തുറന്നു വിട്ടതോടെ തീരമേഖലകളില്‍ യുദ്ധസമാന മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. മഴയ്ക്കൊപ്പം ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഈ ചാലുകളുടെ അരികിലും മരങ്ങള്‍ക്ക് താഴെയും വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം.