നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു; രക്ഷിക്കണേ, ഉപേക്ഷിക്കരുതേ… എങ്ങും നിലവിളികള്‍

തിരുവനന്തപുരം: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ജനങ്ങള്‍ കൊടും ദുരിതത്തില്‍. പലയിടങ്ങളിലും മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും തുടരുകയാണ്. മഴക്കെടുതിയില്‍ ഇന്ന് ആറുപേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. കോഴിക്കോട് മാവൂര്‍ ഊര്‍ക്കടവില്‍ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. നിരവധിയാളുകളാണ് സംസ്ഥാനത്തിന്റെ പലഭാഗത്തായി കുടുങ്ങിക്കിടക്കുന്നത്. കൂടാതെ പതിനായിരക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.

”വീടിന്റെ രണ്ടാം നിലയിലേക്കും വെള്ളം കയറുകയാണ്. രോഗികളായ വൃദ്ധരും കുഞ്ഞുങ്ങളും അടക്കം കുടുങ്ങിയിരിക്കുകയാണ്. ഞങ്ങളെ എങ്ങിനെയെങ്കിലും രക്ഷിക്കൂ. മൊബൈല്‍ ഫോണുകളും ഇപ്പോള്‍ ഓഫാകും. ഇനി വിളിക്കാന്‍ പറ്റിയെന്നു വരില്ല. കൈവിടരുത്. എങ്ങിനെയെങ്കിലും രക്ഷിക്കണം”…. ജീവന്‍ കൈയില്‍പിടിച്ച് അവസാന രക്ഷാമാര്‍ഗം തേടിയുള്ള നൂറുകണക്കിനു കോളുകളാണ് അലറിപ്പാഞ്ഞൊഴുകുന്ന പമ്പയുടെ തീരങ്ങളില്‍നിന്നു പുലര്‍ച്ചെ മുതല്‍ മാധ്യമങ്ങളിലേക്കെത്തി കൊണ്ടിരിക്കുന്നത്. നാട്ടില്‍ പലരുമായും ബന്ധപ്പെട്ടിട്ടും ആരുമെത്താത്തതിനെ തുടര്‍ന്ന് അവസാന മാര്‍ഗമെന്ന നിലയിലാണു മാധ്യമങ്ങളുടെ രക്ഷ തേടി ഫോണ്‍ കോളുകള്‍ എത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശത്തും കേരളത്തിനു പുറത്തുമുള്ളവരുടെ ബന്ധുക്കളും മക്കളും പ്രായമായവരുടെ രക്ഷയ്ക്കായി നിരന്തരം വിളിക്കുകയാണ്. പല വീടുകളിലും കഴിയുന്ന പ്രായമായ മാതാപിതാക്കളുടെ മക്കള്‍ വിദേശത്താണ്. രോഗാവസ്ഥയിലുള്ള ഇവര്‍ രക്ഷാപ്രവര്‍ത്തകര്‍ തേടിയെത്തും എന്ന പ്രതീക്ഷയില്‍ കഴിയുകയാണ്. രണ്ടു ദിവസത്തോളം വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനെ തുടര്‍ന്നു മൊബൈല്‍ ഫോണുകള്‍ ഓഫായതോടെ മാതാപിതാക്കളുടെ യാതൊരു വിവരവും ലഭിക്കാത്തതിന്റെ ആധിയിലാണു വിദേശത്തുള്ളവര്‍. പഴയ വീടുകളുടെ ടെറസില്‍ കഴിയുന്നവര്‍ വീടുകള്‍ ഇടിഞ്ഞുവീഴുമെന്ന ഭീതിയിലാണ്.

റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുമാണു പ്രായമായവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ വീടുകളില്‍ കുടുങ്ങിയത്. കുടുങ്ങിക്കിടക്കുന്നവരില്‍ മിക്കവരും ഭക്ഷണം കിട്ടാതെ അവശരാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന അഗ്നിശമന സേനാ, പോലീസ്, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഈ ഭാഗങ്ങളിലേക്കു കടന്നു ചെല്ലാനുള്ള ശ്രമത്തിലാണ്.

ചക്കിട്ടപടി, കോഴിപ്പാലം, ആറാട്ടുപുഴ, മാലക്കര, തുരുത്തിമല, അയ്യന്‍കോയിക്കല്‍, കുളമാക്കുഴി എന്നിവിടങ്ങളില്‍ നൂറിലധികം കുടുംബങ്ങള്‍ ഒറ്റപ്പെട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. മാലക്കര, വഞ്ചിത്തറ ഭാഗങ്ങളിലും ഒട്ടേറെപ്പേര്‍ വീടുകളില്‍ കുടുങ്ങിയിട്ടുണ്ട്. ആറന്മുള സഹകരണ എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ആറന്മുള ഐക്കരമുക്കില്‍ നിന്ന് കിടങ്ങന്നൂര്‍ക്കു പോകുന്ന വഴിയില്‍ കാനറ ബാങ്കിന്റെ മുകളിലത്തെ നിലയില്‍ രണ്ടു കുംടുംബങ്ങള്‍ കുടുങ്ങിയിട്ടുണ്ട്. കോഴഞ്ചേരി ചെറുപുഴക്കാട്ട് ദേവീക്ഷേത്രത്തിന് സമീപമുള്ള അഞ്ചു കുടുംബങ്ങള്‍ വീടുകളില്‍ അകപ്പെട്ട് കിടക്കുന്നു.

കോയിപ്രം പഞ്ചായത്തിലെ കരിയിലമുക്ക്, പുല്ലാട് പോലീസ് സ്റ്റേഷന്‍ ഭാഗം, വരയന്നൂര്‍, ചാത്തന്‍പാറ, ഉള്ളൂര്‍ക്കാവ് എന്നിവിടങ്ങളില്‍ 35 കുടുംബങ്ങള്‍ കുടുങ്ങിയിട്ടുണ്ട്. മാരാമണ്‍ ലത്തീന്‍ കത്തോലിക്കാ പള്ളിയില്‍ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരില്‍ കുറച്ചു പേരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കവിയൂര്‍ സ്വദേശികളാണ് ഇവരില്‍ ഭൂരിഭാഗവും. ആറന്മുള, ചെറുകോല്‍ ഭാഗങ്ങളില്‍ ഒട്ടേറെ കുടുംബങ്ങള്‍ വീടിന്റെ ഒന്നാമത്തെ നിലയില്‍ കുടുങ്ങിയിട്ടുണ്ട്. തൊട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫിസിനു പിന്നില്‍ അഞ്ചു വീടുകളുടെ മുകളില്‍ മുപ്പതിലധികം പേര്‍ കുടുങ്ങി. ഒന്നാം നിലയിലേക്ക് വെള്ളം കയറിത്തുടങ്ങി. രക്ഷാപ്രവര്‍ത്തനത്തിന് ആരുമില്ല.

മലപ്പുഴശ്ശേരി പഞ്ചായത്തിലെ മുല്ലശ്ശേരി ചിറയില്‍ അഞ്ചു കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. കോഴിപ്പാലത്തെ ഹോസ്റ്റലിലും കുട്ടികള്‍ അകപ്പെട്ടിട്ടുണ്ട്. ചെറുകോല്‍ ഭാഗത്ത് വള്ളം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും ഒന്നാം നിലയില്‍ കുടുങ്ങിയവരെ വള്ളം വഴി രക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇവിടെ സൈന്യത്തിന്റെ സഹായം തേടും.

Top