റാങ്ക് ലിസ്റ്റ് വന്നിട്ട് മൂന്ന് വര്‍ഷം: നിയമനം ലഭിക്കാതെ വലഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍; സര്‍ക്കാര്‍ അനാസ്ഥയില്‍ നഷ്ടം ലക്ഷങ്ങള്‍

കണ്ണൂര്‍: പിഎസ് സി റാങ്ക് ലിസ്റ്റില്‍ പേര് വന്നിട്ടും നിയമനം ലഭിക്കാതെ ഉദ്യോഗാര്‍ത്ഥികള്‍. എല്‍ഡി ടൈപ്പിസ്റ്റ് 388/2014 കാറ്റഗറിയിലുള്ളവരാണ് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ 2 മാസം മാത്രമിരിക്കെയും ജോലിക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്നത്. 2016 ആഗസ്ത് 31 നാണ് 388/2014, 045/2015 എന്നീ കാറ്റഗറിയിലുള്‍പ്പെട്ട എല്‍ഡി ടൈപ്പീസ്റ്റ്, ക്ലര്‍ക്ക് ടൈപ്പിസ്റ്റ് എന്നിവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

എന്നാല്‍ ലിസ്റ്റ് വന്ന് 3 വര്‍ഷമാകുമ്പോഴും ഫ്രഷ്, റിട്ടയര്‍മെന്റ് ഒഴിവുകള്‍ ഇവര്‍ക്ക് ലഭിച്ചത് വളരെ കുറവുമാത്രമാണ്. 370 ഓളം പേര്‍ കണ്ണൂര്‍ ജില്ലയിലെ ലിസ്റ്റിലുണ്ട്. ഇതില്‍ ഓപ്പണ്‍ കാറ്റഗറിയില്‍ ശരാശരി 63 പേര്‍ക്കാണ് ജോലി ലഭിച്ചത്. വയനാട് ജില്ലയില്‍ 179 പേരുള്ളതില്‍ ഓപ്പണ്‍ കാറ്റഗറിയില്‍ ജോലി ലഭിച്ചത് 32 പേര്‍ക്കാണ്. ഇത്രയും നിയമനങ്ങള്‍ നടന്നത് തന്നെ ഓരോ ജില്ലയിലേയും ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയും വിവരവകാശ പത്രിക നല്‍കിയുമൊക്കെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രളയ ദുരിതം , ഇലക്ഷന്‍, സാമ്പത്തിക മാന്ദ്യം എന്നൊക്കെ പറഞ്ഞ് മാസങ്ങളോളം ഒഴിവുകളില്ലാതെ കടന്നു പോയിട്ടുണ്ട്. എന്നാല്‍ പഴയ 2012 കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പേര്‍ക്കും ജോലി ലഭിച്ചിട്ടുണ്ടെന്നും പഞ്ചായത്തുകളില്‍ എല്‍ഡി ടൈപ്പിസ്റ്റ് തസ്തിക അനുവദിച്ച് കൊണ്ട് ഒരു നിശ്ചിത ശതമാനം ഒഴിവിലേക്ക് 2016 ലെ ലിസ്റ്റിലുള്‍പ്പെട്ടവരെയും പരിഗണിക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്.

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ 2 മാസം മാത്രമാണുള്ളത്. എന്നാല്‍ നിയമനങ്ങള്‍ ഒന്നും പൂര്‍ത്തിയാക്കാതെ ജൂലൈ 6 ന് എല്‍ഡി ടൈപ്പിസ്റ്റ് പി എസ് സി പരീക്ഷ വീണ്ടും നടക്കാനൊരുങ്ങുകയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഓരോ പിഎസ് സി പരീക്ഷകളും സര്‍ക്കാര്‍ നടത്തുന്നത്. ഇതിന് പുറമേ പഞ്ചായത്ത് തലത്തില്‍ ദിവസക്കൂലിക്ക് എല്‍ഡി ടൈപ്പിസ്റ്റ് തസ്തികകള്‍ തുടരുന്നുമുണ്ട്. വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പടെ നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരും തന്നെ കൃത്യമായൊരു മറുപടി ഇവര്‍ക്ക് നല്‍കിയിട്ടില്ല. എന്തിനാണ് സര്‍ക്കാര്‍ ഇത്രയും കടുത്ത അവഗണന തങ്ങളോട് കാണിക്കുന്നതെന്നാണ് ഉദ്യോഗൊര്‍ത്ഥികളായ തലശ്ശേരി ചിറക്കര സ്വദേശി ദീപ്ത സുകുമാരനും വയനാട് സ്വദേശിനി സുജിഷയും ചോദിക്കുന്നത്.

ലിസ്റ്റിലുള്ളവരില്‍ 85% പേരും വനിതകളാണ്. പ്രായപരിധി കഴിഞ്ഞതിനാല്‍ ഇതീല്‍ പലര്‍ക്കും അടുത്ത പരീക്ഷ എഴുതാന്‍ കഴിയാത്ത അവസ്ഥയാണ് . അതിനാല്‍ ലിസ്റ്റ് കാലാവധി കഴിയും മുന്‍പ് റാങ്ക് ഹോള്‍ഡേഴ്സിന് സര്‍ക്കാര്‍ നിയമനം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Top