കലിതുള്ളി കാലവര്‍ഷം; പുഴകള്‍ കരകവിഞ്ഞു; ഷട്ടറുകള്‍ തുറന്നു; ഏഴ് ജില്ലകൾ പ്രളയഭീഷണിയിൽ

കനത്ത മഴയെത്തുടർന്ന് നദികളിൽ ജലനിരപ്പ് ഉയർന്നതോടെ സംസ്ഥാനത്തെ ഏഴ് ജില്ലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. വിവിധ ജില്ലകളിലായി ഭൂരിഭാഗം സ്ഥലങ്ങളും വെള്ളത്തിനടിയിലായി. പ്രളയത്തിലും ഉരുൾ പൊട്ടലിലും വയനാട് ഒറ്റപ്പെട്ടു. കാസർകോട് ജില്ലയിൽ തേജസ്വിനി പുഴയുടെ കൈവഴികൾ കര കവിഞ്ഞൊഴുകുകയാണ്. മുനയൻ കുന്നിലെ 25 കുടുംബങ്ങളാണ് വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടത്.

കണ്ണൂർ ജില്ലയിൽ കൊട്ടിയൂർ, അമ്പായത്തോട്, ശ്രീകണ്ഠപുരം ടൗണുകൾ ഒറ്റപ്പെട്ടു. കൊട്ടിയൂരിൽ ബാവലിപ്പുഴ കരകവിഞ്ഞ് കേളകം, കൊട്ടിയൂർ, കണിച്ചാർ, കുറ്റ്യാട്ടൂർ പാവന്നൂർകടവ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായിരിക്കുകയാണ്. മട്ടന്നൂരിൽ മണ്ണൂർ, വെളിയമ്പ്ര എന്നിവിടങ്ങളിലും ഇരിട്ടിയിൽ വള്ളിത്തോട്, മാടത്തിൽ ടൗണുകളിലും വെള്ളപ്പൊക്കം. ചാലിയാർ പുഴ കരകവിഞ്ഞ് നിലമ്പൂർ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം ജില്ലയിൽ മീനച്ചിൽ, മണിമല, അഴുത നദികൾ പല സ്ഥലങ്ങളിലും കര കവി‍ഞ്ഞു. പാലായിലും മുണ്ടക്കയം വെള്ളം പൊങ്ങി. കുട്ടനാട്ടിലെ ജലനിരപ്പ് ഉയരുന്നു. കൊച്ചി നഗരത്തിൽ കനത്ത മഴയിൽ ഇടറോഡുകളിൽ വെളളക്കെട്ട് രൂക്ഷമായി. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വെളളത്തിനടിയിലായി. ഇടുക്കി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെളളം കയറി. പമ്പാനദി കരകവിഞ്ഞു പമ്പാ ത്രിവേണിയിലെ കടകളിൽ വെള്ളംകയറി.

ഇടുക്കി ജില്ലയിലെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നു. കഴിഞ്ഞദിവസത്തെ മഴയിൽ ഇടുക്കി അണക്കെട്ടിൽ ഒരു ദിവസം കൊണ്ട് 3 അടി വെള്ളമാണ് ഉയർന്നത്. മലങ്കര, ലോവർ പെരിയാർ, കല്ലാർകുട്ടി, കല്ലാർ, പഴയ മൂന്നാർ ഹെഡ്‍വർക്സ് എന്നീ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. മലങ്കര ഡാമിന്റെ 6 ഷട്ടറുകളാണ് ഉയർത്തിയത്. മൂവാറ്റുപുഴയാർ നിറഞ്ഞൊഴുകി. കോഴിക്കോട്ട് കക്കയം ഡാമിന്റെ 2 ഷട്ടർ ഇന്നലെ വൈകിട്ട് തുറന്നിരുന്നു. കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. 5 അടി കൂടി ഉയർന്നാൽ സംഭരണ ശേഷിയായ 2487 അടിയാകും. പെരുവണ്ണാമൂഴി ഡാമിന്റെ 4 ഷട്ടർ നേരത്തെ തുറന്നിരുന്നു.

പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ 3 ഷട്ടറുകൾ 5 സെന്റീമീറ്റർ തുറന്നിട്ടുണ്ട്. മംഗലം ഡാമിന്റെ 6 ഷട്ടറുകളും തുറന്നു. കണ്ണൂർ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ എല്ലാം തുറന്നിട്ടുണ്ട്. കിഴക്കൻ വെള്ളത്തിന്റെ വരവു കൂടിയതോടെ ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയുടെ 7 ഷട്ടറുകൾ ഇന്നലെ വൈകിട്ടോടെ തുറന്നു.

തൃശൂർ ജില്ലയിൽ വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള പെരിങ്ങൽക്കുത്ത്, ഷോളയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുകയാണ്. ഷട്ടറുകൾ വഴിയും സ്ലൂയിസ് വാൽവുകൾ വഴിയും വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. ജലസേചന വകുപ്പിന്റെ കീഴിലുള്ള പീച്ചി, വാഴാനി, ചിമ്മിനി അണക്കെട്ടുകളിൽ നേരിയ തോതിൽ ജലനിരപ്പ് ഉയരുന്നുണ്ട്. ഈ 3 അണക്കെട്ടിലും 50 ശതമാനത്തിൽ താഴെ മാത്രമാണ് വെള്ളമുള്ളത്.

പത്തനംതിട്ടയിൽ മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. 3 ഷട്ടറുകൾ തുറന്ന് 35 ക്യൂമെക്സ് വെള്ളം തുറന്നുവിടാനാണ് ആലോചന. ആങ്ങമുഴി, സീതത്തോട് മേഖലകളിൽ ജലനിരപ്പ് ഉയരും. ശബരിഗിരി വൈദ്യുത പദ്ധതിയുടെ സംഭരണികളിലെ ജലനിരപ്പ് 22% ൽ എത്തി. കഴിഞ്ഞ വർഷം ഇതേ ദിവസം ആനത്തോട് അണക്കെട്ട് തുറന്നിരുന്നു.

പമ്പയിൽ പെട്ടെന്നു ജലനിരപ്പ് ഉയരുന്നതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. മഴ തുടരുന്നതിനാൽ കക്കാട് പദ്ധതിയുടെ അള്ളുങ്കൽ ഇഡിസിഎൽ, കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക്ക്, മണിയാർ കാർബൊറാണ്ടം, പെരുനാട് എന്നീ ജലവൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളിൽ ഏതു സമയവും ഷട്ടറുകൾ തുറക്കാനുള്ള സാധ്യതയുണ്ട്.

തിരുവനന്തപുരം അരുവിക്കര അണക്കെട്ടിന്റെ ഒരു ഷട്ടർ ഇന്നലെ രാവിലെ 60 സെന്റിമീറ്റർ ഉയർത്തിയെങ്കിലും മഴയുടെ ശക്തി കുറഞ്ഞതോടെ ഉച്ചയ്ക്കു ശേഷം 25 സെന്റിമീറ്ററായി പരിമിതപ്പെടുത്തിയിരുന്നു.

Top