ന്യൂഡൽഹി : കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കോൺഗ്രസിന്റെ ഫയർ ബ്രാൻഡ് കെ.സുധാകരന് നറുക്ക് വീഴാൻ സാധ്യത .കേരളത്തിലെ പ്രബല ഗ്രൂപ്പുകൾ അവരുടെ നോമിനികളെ പി.സി.സി പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തിക്കാൻ കരുനീക്കം തുടങ്ങി .പ്രബല ഗ്രൂപ്പുകളായ ഉമ്മൻ ചാണ്ടി നയിക്കുന്ന എ’ യിലും ചെന്നിത്തല നയിക്കുന്ന വിശാല ഐ ‘ ഗ്രൂപ്പിലും വിള്ളൽ വീണു .ഇതോടെ ഇരുഗ്രൂപ്പിലും ഇല്ലാത്ത എന്നാൽ ഇരുവർക്കും പരസ്യമായി എതിർക്കാൻ കഴിയാത്ത കെ.സുധാകരന് സാധ്യത ഏറുകയാണ് .രാഹുൽ ഗാന്ധിയുടെ സ്വന്തം ടീമിന്റെ റിപ്പോർട്ടിൽ സുധാകരന് പാസ് മാർക്കിന് മുകളിൽ ഉണ്ട് .ഐ .ഗ്രൂപ്പിൽ വിള്ളൽ വന്ന് ഉമ്മൻ ചാണ്ടിയുമായി സഹകരിച്ച കെ.മുരളീധരനെ എ’ ഗ്രൂപ്പും കൈവിട്ടതോടെ സ്വന്തം ഗ്രൂപ്പുമായി മുരളിയും രംഗത്തുണ്ട് .
കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പുകളെ എല്ലാം ഭയപ്പെടുത്തുന്നത് കെ.സി.വേണുഗോപാലിന്റെ രാഷ്ട്രീയ വളർച്ചയാണ് .രാഹുൽ ടീമിൽ ഏറ്റവും അടുത്ത് നിൽക്കുന്ന കെ.സി.വേണുഗോപാൽ രമേശിനും ഉമ്മൻ ചാണ്ടി ഗ്രൂപ്പിനും കടുത്ത വെല്ലുവിളിയാണ് .വേണുഗോപാൽ സ്വന്തം മുഖ്യമന്ത്രിസ്ഥാനത്തിന് ഭാവിയിൽ ഭീഷണിയാകുമെന്ന തിരിച്ചറിവ് രമേശ് ചെന്നിത്തലക്കുണ്ട് .അതിനാൽ തന്നെ വേണുവിന്റെ നീക്കം പൊളിക്കാൻ ശസ്ത്രുപക്ഷത്ത് എന്ന പോലെ നിർത്തിയ വി.ഡി.സതീശനെ മുന്നിൽ നിർത്തി പടയൊരുക്കം’ നടത്തുകയാണ് .
പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയുന്നതിനു വേണ്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ണായക ചര്‍ച്ചകള്‍ നടത്തുന്നു. സംസ്ഥാന നേതാക്കളുമായിട്ടാണ് രാഹുലിന്റെ ചര്‍ച്ച. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരെ പ്രത്യേകമായി രാഹുല്‍ ഗാന്ധിയുമായി ചർച്ച നടത്തുന്നു.
പുതിയ അധ്യക്ഷനെ ഉടന്‍ തീരുമാനിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ ആഗ്രഹം. നേരെത്ത വിഷയത്തില്‍ സംസ്ഥാന നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. ഇതു സംബന്ധിച്ച അവസാന വട്ട ചര്‍ച്ചകളായിരിക്കും ഇന്ന് നടക്കുകയെന്നാണ് സൂചന.
രാഹുല്‍ ഗാന്ധിയുടെ പൊതുവിലുള്ള തീരുമാനം ജാതി, ഗ്രൂപ്പ്, പ്രായം എന്നിവയ്ക്ക് പകരം കഴിവ് മാത്രം മാനദണ്ഡമാക്കി സംസ്ഥാന അധ്യക്ഷന്മാരെ തീരുമാനിക്കാണ്. പക്ഷേ ഇകാര്യത്തില്‍ കേരളത്തിനു ചിലപ്പോള്‍ ഇളവ് നല്‍കും. കെ.സുധാകരന്‍, കെ.വി തോമസ്, വി.ഡി സതീശന്‍, മുല്ലപ്പളളി രാമചന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളാണ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്.
കെ.പി.സി.സി അഴിച്ചപണിക്ക് എ.ഐ.സി.സി നേതൃത്വം തയ്യാറെടുക്കുമ്പോള്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഇരുഗ്രൂപ്പുകളും പ്രത്യേക പട്ടിക തയ്യാറാക്കി ചരടുവലികള്‍ തുടങ്ങി. ഇന്നാരംഭിക്കുന്ന ഔദ്യോഗിക ചര്‍ച്ചയില്‍ മറുഗ്രൂപ്പിലെ നോമിനിയെക്കാള്‍ തങ്ങളുടെ നോമിനിക്കാണ് യോഗ്യതയെന്ന വാദമാവും ഇരുഗ്രൂപ്പുകളും ഉയര്‍ത്തുക. വിശാല ഐ ഗ്രൂപ്പില്‍ നിന്നും ബിന്ദുകൃഷ്ണ , വി.ഡി സതീശന്‍ എന്നിവരും എ ഗ്രൂപ്പില്‍ നിന്നും പി.സി. വിഷ്ണുനാഥ് , ബെന്നി ബെഹനാന്‍ എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്. ഇരു ഗ്രൂപ്പുകളോടും അകലം പാലിക്കുന്ന മുതിര്‍ന്ന നേതാക്കളായ കെ. സുധാകരന്‍, കെ.മുരളീധരന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരുടെ സാധ്യതകളും എ.ഐ.സി.സി നേതൃത്വം ആരായുന്നുണ്ട്. മുന്‍.കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ ഒരു നോമിനികളെയും പരിഗണിക്കേണ്ടെന്ന പൊതുവികാരം എ.കെ ആന്റണി ഒഴികെയുള്ള നേതാക്കള്‍ക്കിടയില്‍ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
അധ്യക്ഷസ്ഥാനത്തേക്ക് എ ഗ്രൂപ്പില്‍ നിന്നും പി.സി വിഷ്ണുനാഥിന്റെ പേര് ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചത് ഗ്രൂപ്പിലെ പ്രമുഖനായ ബെന്നി ബെഹനാനെ ചൊടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നിഷേധിച്ചത് സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ സഹായിച്ചതിനാലാണെന്നും അടുത്ത കേന്ദ്രങ്ങളോട് അദ്ദേഹം സൂചിപ്പിച്ചു. ബാര്‍ കോഴയിലടക്കം താന്‍ സ്വീകരിച്ച നിലപാട് അന്നത്തെ അധ്യക്ഷനായ വി.എം സുധീരന് ഇഷ്ടമായിരുന്നില്ല. അങ്ങനെയാണ് ഇടുക്കിയില്‍ നിന്നുമെത്തിയ പി.ടി തോമസിന് സുധീരന്റെ കടുംപിടുത്തത്തില്‍ സീറ്റ് നല്‍കിയത്. ഉമ്മന്‍ ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും നല്ലകാലത്ത് മാത്രമല്ല എല്ലാക്കാലത്തും അദ്ദേഹത്തിനൊപ്പം അടിയുറച്ച് നിന്നിട്ടും ഗ്രൂപ്പില്‍ നിന്നും വേണ്ട പരിഗണന തനിക്ക് നല്‍കിയിട്ടില്ലെന്നും ബെന്നി വ്യക്തമാക്കുന്നു.
വി.എം സുധീരന്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനമൊഴിഞ്ഞപ്പോള്‍ ബെന്നി ബഹനാനെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും ഗ്രൂപ്പിനുള്ളില്‍ നിന്നുയര്‍ന്ന സമ്മര്‍ദ്ദം മൂലം ഹസന്റെ പേരാണ് എ ഗ്രൂപ്പ് നിര്‍ദ്ദേശിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും എം.എം ഹസനോടായിരുന്ന താല്‍പര്യം. എ ഗ്രൂപ്പിലേതടക്കം മറ്റ് മുതിര്‍ന്ന നേതാക്കളും ഹസനെ പരിഗണിക്കുന്നതിനോട് യോജിച്ചിരുന്നു. ഇതോടെ ഉമ്മന്‍ ചാണ്ടി തന്നെ ഇടപെട്ട് ബെന്നിയെ പിന്തിരിപ്പിക്കുകയായിരുന്നു. അതിനു ശേഷം ഇപ്പോഴും അധ്യക്ഷസ്ഥാനത്തേക്ക് തന്നെ പരിഗണിക്കാതിരുന്നതിലാണ് ബെന്നി ഇടഞ്ഞത്. എന്നാല്‍ വിഷ്ണുനാഥിനെ ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന പൊതുവികാരും ഗ്രൂപ്പില്‍ ഉയര്‍ന്നിട്ടുണ്ട്. അവസാനവട്ട ചര്‍ച്ചകളില്‍ ബെന്നി ബെഹനാന്റെ പേരിന് തന്നെ മുന്‍തൂക്കം ലഭിക്കുമെന്നും കരുതപ്പെടുന്നുണ്ട്.
നിലവില്‍ ഐ നോമിനികളായ ബിന്ദുകൃഷ്ണയും വി.ഡി സതീശനും ഹൈക്കമാന്റിന്റെ പട്ടികയില്‍ പെടുന്ന ആള്‍ക്കാരാണ്. ഇരുവര്‍ക്കും തുല്യപ്രാധാന്യമാണ് ഗ്രൂപ്പിനുള്ളില്‍ കല്‍പ്പിക്കപ്പെടുന്നത്. സംസ്ഥാനത്തെ ഡി.സി.സികളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന അധ്യക്ഷയെന്നതാണ് ബിന്ദുകൃഷ്ണയ്ക്കുള്ള മുന്‍തൂക്കമെങ്കില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം ജാഥയുടെ ഏകോപനം വിജയകരമായി നിര്‍വ്വഹിച്ചെന്ന കാര്യമാണ് സതീശനെ പിന്തുണയ്ക്കുന്നത്. പടയൊരുക്കത്തിന്റെ സമാപനത്തില്‍ രാഹുല്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ചെന്നിത്തല ജാഥയുടെ ഏകോപനചുമതല സംബന്ധിച്ച് രാഹുലിനോട് വിശദീകരിക്കുകയും സതീശനെ അദ്ദേഹം അഭിനന്ദി ക്കുകയും ചെയ്തിരുന്നു.
ഇരുഗ്രൂപ്പുകളും മുന്നോട്ട് വെയ്ക്കുന്നവരുടെ മറ്റ് യോഗ്യതകള്‍ സംബന്ധിച്ചുള്ള ചര്‍ച്ച മുന്നോട്ടുപോകാതിരിക്കുന്ന സാഹചര്യമുണ്ടായാല്‍ ഗ്രൂപ്പുകള്‍ക്ക് പുറത്തു നില്‍ക്കുന്ന കെ.സുധാകരനടക്കമുള്ളവരുടെ പേരുകളും സജീവമായി പരിഗണിക്കും. ഇത്തവണ തെരെഞ്ഞെടുക്കുന്ന അധ്യക്ഷന്‍ പാര്‍ട്ടിയെ സംസ്ഥാനത്തില്‍ ചലിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കണമെന്നും എ.ഐ.സി.സി കര്‍ശന നിര്‍ദ്ദേശം നല്‍കും. ഭൂരിപക്ഷ- ന്യൂനപക്ഷ സമതുലനം സാധ്യമാക്കുന്നതിനൊപ്പം ബി.ജെ.പിയുടെ വളര്‍ച്ച തടഞ്ഞ് കോണ്‍ഗ്രസിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനും കഴിയുന്ന മാസ്റ്റര്‍ പ്ലാന്‍ പുതിയ അധ്യക്ഷന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നല്‍കണമെന്നും എ.ഐ.സി.സി വൃത്തങ്ങള്‍ അനൗദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.
കേരളത്തില്‍ യുവ തലമുറയിലെ പ്രതിനിധിയെ നേതൃത്വ സ്ഥാനത്ത് എത്തിക്കാന്‍ രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നുണ്ട്. ഇതിനു അനുസൃതമായി രാഹുല്‍ തീരുമാനമെടുത്താല്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത സംസ്ഥാന അധ്യക്ഷനായിരിക്കും എത്തുക .