തിരുവനന്തപുരം: ജനങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ തുടരുന്ന പോലീസിനെ പിടിച്ചു കെട്ടാന്‍ പുതു വഴികളുമായി ഡിജിപി രംഗത്ത്. സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ പ്രായോഗിക പരിശീലനം നല്‍കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. പോലീസിനെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണിത്.
വാഹന പരിശോധന നടത്തുമ്പോഴും സമാനമായ സാഹചര്യങ്ങളിലും ജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രായോഗിക പരിശീലനം. ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ഒരു മണിക്കൂര്‍ പ്രായോഗിക പരിശീലനം നല്‍കും. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡി.ജി.പി നല്‍കി.
വാഹന പരിശോധന നടത്തുന്ന വേളയില്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തുമായ കാര്യങ്ങള്‍ പരിശീലനത്തിനിടെ വിശദീകരിക്കാനാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം. പരിശീലനം തുടര്‍ന്നു കൊണ്ടുപോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് നടക്കുന്ന പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. രൂക്ഷ വിമര്‍ശമാണ് പോലീസിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയത്. മലപ്പുറത്ത് പോലീസ് മുതിര്‍ന്ന പൗരന്റെ മൂക്ക് ഇടിച്ചുതകര്‍ത്ത സംഭവം, ആലപ്പുഴ കഞ്ഞിക്കുഴിയില്‍ വാഹന പരിശോധനയ്ക്കിടെ ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിക്കാനിടയായ സംഭവം, കോട്ടയം ഈരാറ്റുപേട്ടയില്‍ എസ്.ഐ നടത്തിയ അസഭ്യവര്‍ഷം എന്നിവ ചൂണ്ടിക്കാട്ടിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
സംസ്ഥാനത്ത് പോലീസിന്റെ കിരാത ഭരണമാണ് നടക്കുന്നതെന്നും സര്‍ക്കാരിന് പോലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ പോലീസിനെതിരെ വിമര്‍ശവുമായി മന്ത്രി എം.എം മണിയും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രായോഗിക പരിശീലനം നല്‍കാനുള്ള ഡി.ജി.പിയുടെ നിര്‍ദ്ദേശം.