അക്രമത്തിന് കരണം പോലീസിന്റെ അനാസ്ഥ!! ജില്ലാ മേധാവികള്‍ക്ക് ഡിജിപിയുടെ ശാസനം

തിരുവനന്തപുരം: ശബരിമല യുവതീ പ്രവശനത്തിന് പിന്നാലെ ഉണ്ടായ ആക്രമണങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശാസനം. മുന്‍കരുതല്‍ അറസ്റ്റ് നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഡിജിപി എസ്പിമാരെ രൂക്ഷമായി വിമര്‍ശിച്ചത്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ നടപടിയുണ്ടാകുമെന്ന് ഡിജിപി എസ്പിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആക്രമണ സാധ്യത മുന്നില്‍ കണ്ട് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കി.

ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടനീളം വ്യാപക അക്രമം നടക്കാന്‍ കാരണമായത് പോലീസിന്റെ അനാസ്ഥയെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ അക്രമസാധ്യത കണക്കിലെടുത്ത് കരുതല്‍ തടങ്കലും മുന്‍കരുതലുകള്‍ വേണമെന്നുമുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് പോലീസ് ഉന്നതര്‍ തള്ളി. വിവിധജില്ലകളിലായി അക്രമങ്ങള്‍ രൂക്ഷമാകാന്‍ ഇത് കാരണമായതായിട്ടാണ് വിലയിരുത്തല്‍. ഇന്റലിജന്റ്സ് വിഭാഗം രഹസ്യാന്വേഷണം നടത്തി പ്രത്യേക പട്ടിക തയ്യാറാക്കി നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ മാത്രമായിരുന്നു പോലീസ് കരുതല്‍ തടങ്കല്‍ എടുത്തത്. പാലക്കാട്, കോഴിക്കോട് ജില്ലകളെ അവഗണിച്ചത് സ്ഥിതി വഷളാക്കി. ഹര്‍ത്താലിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ വലിയ അക്രമം അഴിച്ചുവിട്ട ജില്ലകളില്‍ ഒന്ന് പാലക്കാടായിരുന്നു. പാലക്കാട്ടെ സിപിഐ ജില്ലാക്കമ്മറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. സിപിഎം ഓഫീസിന് നേരെ ആക്രമണവും ഉണ്ടായിരുന്നു. കോഴിക്കോട് മിഠായിത്തെരുവിലും വലിയ സംഘര്‍ഷമായിരുന്നു ഉണ്ടായത്. ഹര്‍ത്താലില്‍ കടകള്‍ തുറന്നുവെച്ചതും ബിജെപി പ്രവര്‍ത്തകര്‍ അടപ്പിക്കാന്‍ എത്തിയതും വലിയ സംഘര്‍ഷത്തിന് ഇടയാക്കി.

ഇന്ന് സ്ഥിതിഗതികള്‍ ശാന്തമാണെങ്കിലും കര്‍ശന സുരക്ഷയൊരുക്കിയും അറസ്റ്റ് നടത്തിയും പോലീസ് മുമ്പോട്ട് പോകുകയാണ്. ഓപ്പറേഷന്‍ വിന്‍ഡോ എന്ന പേരില്‍ അക്രമികള്‍ക്കെതിരായ അറസ്റ്റുകള്‍ തുടരുകയാണ്. പത്തുമണിയോടെ സെക്രട്ടേറിയേറ്റിന് മുമ്പിലേക്ക് ഉള്‍പ്പെടെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുണ്ട്. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ബിജെപി എംപിമാരായ സുരേഷ്ഗോപിയും വി മുരളീധരനും പ്രതിഷേധിക്കും. ഹര്‍ത്താലിലെ അക്രമത്തിന്റെ പേരില്‍ ഇന്നലെ 559 കേസുകളില്‍ 745 പേരാണ് അറസ്റ്റിലായിട്ടുള്ളത്.

എന്നാല്‍, ഹര്‍ത്താലില്‍ സംസ്ഥാനത്ത് അഴിഞ്ഞാടിയ അക്രമികളെ കാത്തിരിക്കുന്നത് കടുത്ത നടപടികള്‍. വാഹനങ്ങളെയും,വ്യാപാരസ്ഥാപനങ്ങളെയും തകര്‍ത്തവരില്‍ നിന്നും നഷ്ടപരിഹാരം വാങ്ങാനാണ് നീക്കം. പൊതുമുതല്‍ നശീകരണം തടയല്‍ നിയമം മുഖേന അറസ്റ്റ് ചെയ്തവരാണ് ഇത്തരത്തില്‍ കാശ് കെട്ടിവയ്ക്കേണ്ടി വരിക. ഇത്തരം കേസുകളില്‍ കോടതികളില്‍ നിന്നും ജാമ്യം ലഭിക്കണമെങ്കില്‍ നഷ്ടപരിഹാര തുക കെട്ടിവച്ചേ മതിയാവൂ. കെ.എസ്. ആര്‍.ടി.സിയുടെ നൂറില്‍പ്പരം ബസുകളാണ് അക്രമികള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തകര്‍ത്തത്. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുമേഖല സ്ഥാപനത്തിന് ഉണ്ടായത്. ഇത് കൂടാതെ വ്യാപാര സ്ഥാപനങ്ങളില്‍ അക്രമം നടത്തിയവരും കുടുങ്ങുമെന്ന് ഉറപ്പാണ്. വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ അക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞതിനാല്‍ പൊലീസിന് എളുപ്പത്തില്‍ ഇവരെ പിടികൂടാനാവും.

അതേസമയം കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല പോലീസ് യോഗത്തില്‍ അക്രമികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആല്‍ബം തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ശബരിമലയില്‍ മാസപൂജയ്ക്ക് നടതുറന്നപ്പോള്‍ അക്രമം അഴിച്ച് വിട്ട സംഘപരിവാര്‍ പ്രവര്‍ത്തകരെ കുടുക്കാന്‍ ആല്‍ബം വഴി പൊലീസിന് സാധിച്ചിരുന്നു. ഇത്തരത്തില്‍ ഹര്‍ത്താലിനും അക്രമം നടത്തിയവരുടെ ചിത്രങ്ങള്‍ ശേഖരിച്ച് ജില്ലാതലത്തില്‍ പട്ടിക തയ്യാറാക്കാനാണ് പൊലീസ് തീരുമാനം. ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്ന പേരില്‍ ഇക്കൂട്ടരെ പിടികൂടാന്‍ സ്പെഷല്‍ ഡ്രൈവ് ഇതിനകം തന്നെ പൊലീസ് ആരംഭിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നവരെ പിടികൂടി അവരുടെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ മരവിപ്പിക്കാനാണ് പൊലീസ് നീക്കം. അഴിക്കുള്ളിലായ അണികളുടെ രക്ഷയ്ക്ക് പാര്‍ട്ടി എത്തിയില്ലെങ്കില്‍ സ്വത്തുവകകളില്‍നിന്ന് നഷ്ടം ഈടാക്കിയിട്ടേ കല്ലേറില്‍ പങ്കെടുത്തവര്‍ക്ക് പുറത്തിറങ്ങാനാവുകയുള്ളു.

Top