
തിരുവനന്തപുരം: ഇന്ത്യയില്‍ ആത്മഹത്യചെയ്യുന്ന പെണ്‍കുട്ടികളില്‍ 21 ശതമാനവും സൈബര്‍ ലോകത്തെ ഇരകളെന്ന് പഠനങ്ങള്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ ഇരകളാകുന്നത് പെണ്‍കുട്ടികളാണെന്ന് പോലീസ് രേഖകള്‍ പറയുന്നു. സോഷ്യല്‍ മീഡിയ വഴി കുട്ടികളെ ചതിക്കുഴിയില്‍ ചാടിക്കുന്ന സംഭവങ്ങള്‍ സാധാരണമായി.
കുട്ടികള്‍ക്കിടയില്‍ കൂടിവരുന്ന ആത്മഹത്യാപ്രവണതയ്ക്ക് പ്രധാന കാരണം സൈബര്‍ കുരുക്കുകളാണെന്ന് പഠനങ്ങളും പറയുന്നു. ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ 21 ശതമാനം സൈബര്‍ കുരുക്കുകളില്‍പ്പെടുന്ന പെണ്‍കുട്ടികളാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളവും ഏറെ മുന്നിലാണെന്ന് ക്രൈം റെക്കോര്‍ഡ് ബ്യൂറോ കണക്കുകള്‍ സൂചിപ്പി ദേശീയതലത്തില്‍ കേരളം നാലാമതാണിപ്പോള്‍. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നിലുള്ളത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് ഓരോ വര്‍ഷവും ഇരട്ടിക്കുകയാണെന്ന് കണക്കുകള്‍ പറയുന്നു.
2011ല്‍ 13,301 സൈബര്‍ കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2012ല്‍ ഇത് 22,060 ആയും 2013ല്‍ 71,780 ആയും കഴിഞ്ഞ വര്‍ഷം 149,254 ആയും ഉയര്‍ന്നതായി ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ േരഖകളിലുണ്ട്. ഈ വര്‍ഷം സൈബര്‍ കേസുകള്‍ മൂന്നുലക്ഷം കവിയുമെന്നാണ് സൂചന. 2014ല്‍ തിരുവനന്തപുരം നഗരത്തില്‍ മാത്രം എഴുന്നൂറിലധികം സൈബര്‍ബന്ധമുള്ള പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് സിറ്റി െഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്‍ പറയുന്നു.
ഫോണ്‍, ഇമെയില്‍ ബന്ധമുള്ള കുറ്റകൃത്യങ്ങളില്‍ കുറവുകാണിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങള്‍ കുതിച്ചുകയറുകയാണ്. പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ മാത്രം 2013ല്‍ സോഷ്യല്‍മീഡിയ ബന്ധമുള്ള 290 പരാതികളും 2014ല്‍ 323 പരാതികളും ലഭിച്ചു. ഈ വര്‍ഷം ഇതുവരെ 183 പരാതികള്‍ ലഭിച്ചതായി ഹൈടെക് സെല്‍ എ.സി. വിനയകുമാരന്‍ നായര്‍ പറയുന്നു. ഓരോ മാസവും രാജ്യത്ത് 12,456 സൈബര്‍ കേസുകളാണ് ശരാശരി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.
ചെറുപ്പക്കാരിലെ ഓണ്‍ലൈന്‍ ഭ്രമം സംബന്ധിച്ച് മൈക്രോസോഫ്റ്റ് ആഗോളതലത്തില്‍ നടത്തിയ സര്‍വ്വേയില്‍ ഇന്ത്യയിലെ 53 ശതമാനം ചെറുപ്പക്കാര്‍ കടുത്ത ഓണ്‍ലൈന്‍ ഭ്രമക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചൈനയും സിംഗപ്പൂരും മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ മുന്നിലുള്ളത്. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതും ഇന്ത്യയിലാണ്.