നവോത്ഥാനം പഠിപ്പിക്കാന്‍ സര്‍ക്കാര്‍; സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രചരണം

കണ്ണൂര്‍: ശബരിമല സ്ത്രീ പ്രവേശന വിധിയോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ് ‘നവോത്ഥാനം’. കേരളത്തില്‍ നിലനിന്നിരുന്ന ജാതീയ ഉച്ഛനീചത്വങ്ങളെ ഇല്ലാതാക്കി പുതിയൊരു കേരളം പടുത്തുയര്‍ത്തിയ ചരിത്രത്തെയാണ് നവോത്ഥാനം എന്ന് ചരിത്ര വിദ്യാര്‍ത്ഥികള്‍ വിളിക്കുന്നത്. പിന്നാക്ക ജാതികളെ അടിച്ചമര്‍ത്തി ഭരിക്കുക എന്നത് ഹൈന്ദവമായ ആചാരമായിരുന്ന കാലത്ത് നിന്നുമാണ് ഇന്ന് കാണുന്ന കേരളം സൃഷ്ടിക്കപ്പെട്ടത്.

എന്നാല്‍ ശബരിമല പ്രവേശന വിധി വന്നതിന് ശേഷമാണ് നവോത്ഥാനം നേടിയെടുത്ത മൂല്യങ്ങള്‍ കേരള ജനത കൈവിട്ടു എന്ന് ഏവര്‍ക്കും ബോധ്യമായത്. മാറ് മറയ്ക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ലായിരുന്ന കാലത്ത് മാറ് മറച്ച് ജാഥ നയിച്ചപ്പോള്‍ അത് കാണാനെത്തിയവര്‍ കൂക്കി വിളിച്ചതിനാല്‍ നാണക്കേട് കൊണ്ട് തങ്ങളുടെ മേല്‍ക്കുപ്പായം അഴിച്ച് മാറ്റി വീണ്ടും നഗ്നരായി നടന്നുപോയ സ്ത്രീ ജനങ്ങളുടെ കാലത്തിലേക്ക് കേരളം തിരിച്ചു നടന്നു എന്നാണ് ചരിത്ര ഗവേഷകര്‍ വിലയിരുന്നുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തരം സാമീഹിക അധഃപതനങ്ങള്‍ക്ക് മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം. സമൂഹം ജാതീയമായി ഏറെ വിഭജിക്കപ്പെട്ടു വരുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ നവോത്ഥാനചരിത്രവും ഭരണഘടനയുടെ പ്രാധാന്യവും കുട്ടികളെ പഠിപ്പിക്കാന്‍ പദ്ധതി. സംസ്ഥാനം പിന്നിട്ട നവോത്ഥാനപാതകളും ഭരണഘടനയുടെ അപ്രമാദിത്വവും കുട്ടികളുടെ അവകാശവും സംബന്ധിച്ച് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വലിയ പ്രചാരണം നടത്താനാണ് സര്‍ക്കാര്‍ പദ്ധതി.

‘നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം’ എന്നാണ് പരിപാടിയുടെ പേര്. ഭരണഘടനാദിനം കൂടിയായ തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് എച്ച്.എസ്.എസില്‍ നിര്‍വഹിക്കും.

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തിന് മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ വരുന്നത്. ശബരിമലയിലെ യുവതീപ്രവേശ വിവാദമടക്കമുള്ള സാഹചര്യത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കണമെന്ന വിലയിരുത്തലാണ് പദ്ധതിക്ക് അടിസ്ഥാനം. എല്ലാ സ്‌കൂളുകളിലും പരിപാടി നടത്താന്‍ വിദ്യാഭ്യാസ വകുപ്പിനെയും ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികളേയും ഭാഗമാക്കണമെന്നാണ് നിര്‍ദേശം.

വിദ്യാര്‍ഥികള്‍ക്കായി നവോത്ഥാനചരിത്രവും ഭരണഘടനാമൂല്യങ്ങളും ഉള്‍പ്പെടുത്തി പുസ്തകവും തയ്യാറാക്കുന്നുണ്ട്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അടിച്ചമര്‍ത്തലുകളും പൗരാവകാശലംഘനങ്ങളും നിറഞ്ഞ കേരളീയ സമൂഹം നവോത്ഥാനപ്രക്രിയയിലൂടെ എങ്ങനെ മാറിയെന്നത് സംബന്ധിച്ച് അറിവ് പകരുന്നതായിരിക്കും പരിപാടി.

Top