കേരളവര്‍മ കോളേജിലെ വനിതാ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ സഞ്ചാര സ്വാതന്ത്ര്യമാവശ്യപ്പെട്ട് സമരം

കേരളവര്‍മ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന ബഹിഷ്‌കരണസമരം ഇന്നലെ രാത്രിയും തുടര്‍ന്നു. കൂടുതല്‍ സമയത്തേക്ക് സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ട് രാത്രി ഒമ്പതരയോടെ വിദ്യാര്‍ഥിനികള്‍ കോളജ് ഗേറ്റ് ഉപരോധിച്ചു. വനിതാഹോസ്റ്റലില്‍ നിന്നു പുറത്തുകടക്കാനുള്ള സമയം പുന:ക്രമീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവു നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ബുധനാഴ്ച്ച ഉച്ചയ്ക്ക് വിദ്യാര്‍ഥിനികളുമായി ചര്‍ച്ച നടത്താമെന്നു നല്‍കിയ ഉറപ്പു പാലിച്ചില്ലെന്നു ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികള്‍ പറഞ്ഞു. തുടര്‍ന്ന് ഇന്നലെ ഒമ്പതരയോടെ ഇവര്‍ കൂട്ടമായി പുറത്തിറങ്ങുകയായിരുന്നു.

ഹോസ്റ്റലില്‍ വൈകീട്ട് നാലര വരെയാണ് സമയം അനുവദിച്ചിരുന്നത്. ആണ്‍കുട്ടികള്‍ക്ക് അനുവദിക്കുന്ന സമയം വരെ പുറത്തിറങ്ങാന്‍ തങ്ങള്‍ക്കും അനുമതി നല്‍കണമെന്നാണ് ആവശ്യം. വിദ്യാര്‍ഥിനി നല്‍കിയ ഹര്‍ജിയില്‍ ഇളവുകള്‍ നല്‍കാവുന്നതാണെന്നും സമയം പുന:ക്രമീകരിക്കാവുന്നതാണെന്നും മാനേജുമെന്റിനോടു കോടതി നിര്‍ദേശിച്ചിരുന്നു. അച്ചടക്കത്തെ ബാധിക്കാത്തവിധത്തില്‍ മാനേജുമെന്റ് തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ വിധി വന്ന് അഞ്ചു ദിവസമായിട്ടും പ്രിന്‍സിപ്പാള്‍ അനുകൂലമായി ഇടപെട്ടില്ലെന്നാണ് പരാതി.

ബുധനാഴ്ച്ച രാത്രി എട്ടരവരെ കുട്ടികള്‍ കോളജ് ഓഫീസിനു സമീപം കുത്തിയിരുന്നതിനെ തുടര്‍ന്ന് ചര്‍ച്ച നടത്തി വിഷയം പരിഹരിക്കാമെന്നു ധാരണയുണ്ടാക്കിയതാണ്. ബുധനാഴ്ച്ച രാത്രി വൈകി രക്ഷിതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്.

Top