ഹാദിയയ്ക്കുവേണ്ടി വാദിക്കുന്നത് ഗുര്‍മീത് റാം റഹിമിനെ കുറിച്ച് സംസാരിക്കാത്തവരെന്ന് വനിത കമ്മീഷൻ

ഹാദിയ വിഷയത്തില്‍ പെണ്‍കുട്ടിയെ കുരുക്കിട്ട് രണ്ടുവശത്തുനിന്നും വലിയ്ക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് വനിത കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. തലാഖിന്റെ ഇരയെക്കുറിച്ചും ഗുര്‍മീത് റാം റഹിമിനെക്കുറിച്ചും സംസാരിക്കാത്തവരാണ് അഖില ഹാദിയയ്ക്കു വേണ്ടി വാദിക്കുന്നത്. ഹാദിയയെ താന്‍ അഖില ഹാദിയ എന്നു തിരുത്തുകയാണ്. ഈ കേസില്‍ കമ്മീഷന്‍ ഹൈക്കോടതിയ്ക്കെതിരെ സംസാരിച്ചിട്ടില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. കേരളത്തിലെ പെണ്‍കുട്ടികള്‍ മാറിചിന്തിയ്ക്കണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച ‘മാദ്ധ്യമരംഗത്തെ സ്ത്രീവിരുദ്ധത’ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വിവാഹത്തിന് വേണ്ടി മതംമാറരുത്. അത്തരത്തിലുള്ള മതംമാറ്റം വ്യക്തിത്വം അടിയറ വയ്ക്കലാണെന്നും ജോസഫൈൻ പറഞ്ഞു. മാദ്ധ്യമരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപെടും. കമ്മീഷന്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാറിനോട് ഉടന്‍ ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. കറുത്ത നിറമുള്ളവര്‍ വിവേചനം നേരിടുന്നുണ്ട്. സ്‌ക്രീന്‍ പ്രസന്‍സിന് വേണ്ടി അവിഹിതമായ ഇടപെടലിന് പ്രേരിപ്പിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കലാലയങ്ങളിലേക്ക് പോകുമെന്നും എം.സി ജോസഫൈന്‍ പറഞ്ഞു. എല്ലാ മാദ്ധ്യമസ്ഥാപനങ്ങളും സ്ത്രീപക്ഷ മാദ്ധ്യമനയം രൂപീകരിക്കണമെന്നും സാസ്‌കാരിക കേരളം ജിമിക്കി കമ്മലില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

Top