പത്താന്‍കോട്ട്‌ മലയാളി ഉദ്യോഗസ്‌ഥന്‍ വീരമൃത്യു വരിച്ചു.മരണം ഭീകരന്റെ ശരീരത്തിലെ ഗ്രനേഡ് മാറ്റുന്നതിനിടെയില്‍ പാലക്കാട്‌ സ്വദേശി ലഫ്‌റ്റനന്റ്‌ കേണല്‍ നിരഞ്‌ജന്‍ കുമാര്‍

അമൃത്സര്‍: പത്താന്‍കോട്ട്‌ വ്യോമസേന താവളത്തില്‍ ഗ്രനേഡ്‌ പൊട്ടി മരിച്ചത്‌ മലയാളി ഉദ്യോഗസ്‌ഥനെന്ന്‌ കേന്ദ്രമന്ത്രി രാജ്‌നാഥ്‌ സിങ്‌. പാലക്കാട്‌ സ്വദേശി ലഫ്‌റ്റനന്റ്‌ കേണല്‍ നിരഞ്‌ജന്‍ കുമാര്‍ ആണ്‌ മരിച്ചത്‌. കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ നിന്നും ഗ്രനേഡ്‌ മാറ്റുന്നതിന്‌ ഇടയിലാണ്‌ പൊട്ടിത്തെറി ഉണ്ടായത്‌. നിരഞ്ജന്‍ ഉള്‍പ്പെട്ട എന്‍എസ്ജി സംഘമാണ് തിരച്ചിലിനായി ഇന്നു പത്താന്‍കോട്ടിലെത്തിയത്.നിരഞ്ജന്റെ മൃതദേഹം വൈകിട്ട് ഡല്‍ഹിയില്‍ എത്തിക്കും. പിന്നീട് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. നിരഞ്ജന്റെ കുടുംബം ഏറെനാളായി ബെംഗളൂരുവിലാണ് താമസം.
ഭീകരരെ ചെറുക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിലായിരുന്നു മരണമെന്നും നിരഞ്‌ജന്‍ കുമാറിന്റെ ത്യാഗം രാജ്യം നമിക്കുന്നുവെന്നും അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിക്കുന്നുവെന്നും രാജ്‌നാഥ്‌ സിങ്‌ അറിയിച്ചു.പത്താന്‍കോട്ട്‌ ഇന്നലെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന്‌ സൈനികര്‍ മരിച്ചിരുന്നു. ഇന്ന്‌ രാവിലെയുണ്ടായ ഗ്രനേഡ്‌ സ്‌ഫാടനത്തില്‍ പരുക്കേറ്റ മൂന്ന്‌ സൈനികര്‍ ചികിത്സയിലാണ്‌.
അതേസമയം, തിരച്ചിലില്‍ ഭീകരരുടെ കൈവശം ഉണ്ടായിരുന്ന എകെ 47 റൈഫിളുകള്‍, മോര്‍ട്ടാറുകള്‍, ഗ്രനേഡ്, ജിപിഎസ് ഉപകരണങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.security-forcess

ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം ഏറ്റെടുത്തു. എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യോമസേന കേന്ദ്രത്തില്‍ എത്തിയിട്ടുണ്ട്. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയ്ക്കു പങ്കുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നേരത്തെ അറിയിച്ചിരുന്നു.
പത്താന്‍കോട്ട് ഭീകരാക്രമണത്തെ യുഎസ് അപലപിച്ചു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം പങ്കുചേരുമെന്നു യുഎസ് വക്താവ് ജോണ്‍ കിര്‍ബി പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം, ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകളും നടപടികളും മുന്നോട്ടുകൊണ്ടു പോകുമെന്ന് നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ച ഈമാസം 15ന് നടക്കും. അടുത്ത ആറുമാസങ്ങളിലെ ചര്‍ച്ചകള്‍ക്കുള്ള തീയതിയും ആ കൂടിക്കാഴ്ചയില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ‍ഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് ഭീകരാക്രമണമുണ്ടായത്. ദിവസം മുഴുവന്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ അഞ്ച് ഭീകരരെയും സുരക്ഷാസേന വധിച്ചു.വ്യോമസേനാ താവളത്തിലുള്ള മിഗ്–21, മിഗ്–25 പോര്‍വിമാനങ്ങളും സൈനിക ഹെലികോപ്റ്ററുകളും നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍നിന്നു 40 കിലോമീറ്റര്‍ അകലെയാണു പത്താന്‍കോട്ട് വ്യോമസേനാ താവളം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

അതേസമയം  പഞ്ചാബില്‍ വ്യോമസേന താവളത്തിന് നേരെ തീവ്രവാദികള്‍ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനുമിടയില്‍ യുദ്ധമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.തീവ്രവാദ ആക്രമണം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഇതു യുദ്ധത്തില്‍ കലാശിച്ചേക്കുമെന്നും അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇന്ത്യയും പാകിസ്താനുമിടയില്‍ യുദ്ധമുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അമേരിക്ക ഇതില്‍ ആശങ്കപ്പെടുന്നുവെന്നുമാണ് അദ്ദേഹം ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും മനപ്പൂര്‍വ്വമല്ലാതെ ഒരു യുദ്ധത്തിലേക്ക് വഴുതി വീഴാന്‍ നിര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ വഴിതെളിച്ചേക്കുമെന്നാണ് അമേരിക്കയുടെ അഭിപ്രായം.തീവ്രവാദ ശൃംഖലയെ തകര്‍ക്കാന്‍ മേഖലയിലെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടാകണമെന്ന് അമെരിക്ക അറിയിച്ചു.പത്താന്‍കോട്ടിലെ ആക്രമണത്തെ അപലപിക്കുകയാണ്. ആക്രമണത്തില്‍ ഇരയായവരുടെ കുടുംബത്തെ ഞങ്ങളുടെ ദുഃഖം അറിയിക്കുകയാണ്- വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യയ്ക്കൊപ്പം അമെരിക്കയുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

 

 

Top