കോട്ടയം: കെവിന്‍ വധക്കേസില്‍ ആദ്യഘട്ട തെളിവെടുപ്പ് കഴിഞ്ഞപ്പോള്‍ കൊലപാതകം തന്നെയാണെന്ന നിഗമനം ഉറപ്പിച്ച് പോലീസ്. കൊല്ലുക എന്ന ലക്ഷ്യത്തേടെ തന്നെയാണ് പ്രതികള്‍ കെവിനെ ഉപദ്രവിച്ചതെന്ന് മനസ്സിലായി. പ്രതികളെ തെന്‍മലയില്‍ എത്തിച്ചു തെളിവെടുത്തശേഷം തിരികെ കോട്ടയത്ത് എത്തിച്ചശേഷമാണ് ഐജി വിജയ് സാഖറെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
എന്നാല്‍ കൃത്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകില്ല. ഇവര്‍ക്കു കെവിനെ വധിക്കുന്നതിനുള്ള ഗൂഡാലോചന സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്നും ഐജി. അതേസമയം, കൃത്യവിലോപം നടന്നതായി ഐജി ആവര്‍ത്തിച്ചു.
കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളുടെ കൈയില്‍നിന്നു കൈക്കൂലി വാങ്ങി ഒത്താശ ചെയ്ത കേസില്‍ ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എഎസ്ഐ ടി.എം. ബിജു, മുന്‍ സിപിഒ എം.എന്‍. അജയകുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കു പിന്നീട് ജാമ്യം അനുവദിച്ചു. സംഭവത്തിന്റെ തലേദിവസം രാത്രി പട്രോളിംഗ് നടക്കുന്‌പോള്‍ കൊലക്കേസിലെ മുഖ്യപ്രതി ഷാനുവും കൂട്ടാളികളും വന്ന കാര്‍ പരിശോധിച്ചെന്നും കൈക്കൂലി വാങ്ങി വിട്ടയച്ചെന്നുമാണ് കേസ്. കേസില്‍ ശാസ്ത്രീയാന്വേഷണമാണ് നടക്കുന്നതെന്ന് ഐജി പറഞ്ഞെങ്കിലും കേസില്‍ ആരോപണവിധേരായ പോലീസുകാരുടെ ഫോണ്‍സംഭാഷണങ്ങളും മറ്റു വിവരങ്ങളും പരിശോധിച്ചാണോ ഈ നിഗമനത്തില്‍ എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
കെവിന്റേതു കൊലപാതകം തന്നെയാണ്. കെവിനെ റോഡില്‍നിന്നു താഴേക്കു തള്ളിയിട്ടെന്നു പ്രതികളായ നിയാസും റിയാസും തെളിവെടുപ്പിനിടെ പോലീസിനു മൊഴി നല്‍കി. കെവിന്‍ അവശനായിരുന്നുവെന്നും അദ്ദേഹം ഉരുണ്ടു താഴേക്കു പോയെന്നും പ്രതികള്‍ പോലീസിനോടു പറഞ്ഞു. കെവിനെ വധിക്കുന്നതിനു പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. നാലു വാളുകളാണ് കേസിലെ പ്രതിയായ വിഷ്ണുവിന്റെ വീട്ടില്‍നിന്നു തെളിവെടുപ്പിനിടെ കണ്ടെത്തിയത്.
കെവിന്‍ മൂങ്ങിമരിച്ചതാണെന്ന അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം പുറത്തുവന്നിട്ടില്ല. കേസിലെ പ്രതികളെല്ലാം പോലീസ് പിടിയിലായിട്ടുണ്ട്. നീനുവിന്റെ മാതാവ് രഹ്ന ഇപ്പോഴും ഒളിവിലാണ്. രഹ്നയെയും പ്രതി ചേര്‍ക്കാന്‍ ആലോചന നടക്കുന്നുണ്ട്. രഹ്നയാണു കെവിനെ കൊന്നു കളയാന്‍ മകന്‍ ഷാനുവിനോട് പറഞ്ഞതെന്നാണ് കെവിനൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട അനീഷിന്റെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തില്‍ അവരും കേസിലെ പ്രതിയാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.