മുംബൈ : മഹാരാഷ്ട്രയിൽ ബിജെപിക്ക് കനത്ത തിരിച്ചടി!മഹാരാഷ്ട്രയിൽ ബിജെപിയെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് രാജി പ്രഖ്യാപിച്ച ഏക്നാഥ് ഖഡ്സെ. ഒടുവിൽ താമര വിരിഞ്ഞപ്പോൾ നോക്കുകുത്തിയായി മാറി. മന്ത്രിസഭയിൽ നിന്നും അധികാര സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടു. തിരിച്ചുവരാനാകുമെന്നു പ്രതീക്ഷിച്ച് വർഷങ്ങളോളം കാത്തിരുന്ന ശേഷവും അവഗണന തുടർന്ന സാഹചര്യത്തിലാണ് എൻസിപിയിലേക്കു നീങ്ങുന്നത്.
ഖഡ്സെയുടെ നടപടി ബിജെപിക്കു ക്ഷീണത്തിനൊപ്പം എൻസിപിയുടെ കരുത്തു കൂട്ടും. ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്നുള്ള മഹാ വികാസ് അഘാഡിയിലേക്ക് ഒരുപക്ഷെ ബിജെപിയിൽ നിന്ന് ചില നേതാക്കളുടെ തിരിച്ചൊഴുക്കിന്റെ തുടക്കമാകാനും ഇതു കാരണമായേക്കും.
.മഹാ വികാസ് അഘാഡിയുടെ മുച്ചക്ര വണ്ടി തനിയെ നിലംപതിക്കുമെന്നും ബിജെപി ഉടൻ ഭരണം തിരിച്ചുപിടിക്കുമെന്നുമായിരുന്നു സർക്കാരിന്റെ ആദ്യനാളുകളിലെ പൊതുസംസാരം. അതിനാൽ, ബിജെപിയിലേക്കു പോയ നേതാക്കൾ അവിടെ തന്നെ തുടർന്നു. എന്നാൽ, ഉദ്ധവ് സർക്കാർ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു നീങ്ങവെ, ഖഡ്സെയുടെ വരവ് അധികാരപക്ഷത്ത് നിൽക്കാൻ ആഗ്രഹിക്കുന്ന മറ്റുള്ളവർക്കും ആത്‍മവിശ്വാസം പകർന്നേക്കും.
മുതിർന്ന നേതാവിന്റെ രാജിയിൽ ബിജെപിയിലെ പല സംസ്ഥാന നേതാക്കൾക്കും അതൃപ്തിയുണ്ട്. അമർഷം കേന്ദ്രനേതൃത്വത്തിലെത്തിയാൽ ഫഡ്നാവിസിനു നേരെ ചോദ്യങ്ങൾ ഉയർന്നേക്കാം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റ് ലഭിച്ചിട്ടും സഖ്യകക്ഷിയായ ശിവസേനയുമായുള്ള തർക്കത്തിന്റെ പേരിൽ അധികാരം നഷ്ടപ്പെടാൻ കാരണം ഫഡ്നാവിസിന്റെ നിലപാടുകളാണെന്ന വിമർശനം നിലനിൽക്കെയാണിത്.